മാരുതി കാറിലും ഇനി സ്നാപ്ഡ്രാഗൻ ചിപ്സെറ്റുകൾ?; കൈകോർക്കാനൊരുങ്ങി കമ്പനികളെന്ന് റിപ്പോർട്ട്
|വാഹന വ്യവസായത്തിന് അനുയോജ്യമായ രണ്ട് പുതിയ ചിപ്‌സെറ്റുകൾ ക്വാൽകോം പ്രഖ്യാപിച്ചിരുന്നു
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിയും യുഎസ് ടെക് ഭീമൻമാരായ ക്വാൽകവും കൈകോർക്കുന്നെന്ന് റിപ്പോർട്ട്. ജാപ്പനീസ് വാഹന നിർമാതാക്കളുടെ ഇന്ത്യൻ ഉപവിഭാഗത്തോടാണ് യുഎസ് ചിപ്പ് നിർമാതാക്കൾ കൈകോർക്കുന്നത്. എന്നാൽ പങ്കാളിത്തത്തിന് പിന്നിലെ കൃത്യമായ ഉദ്ദേശ്യം അജ്ഞാതമാണ്. സ്‌നാപ്ഡ്രാഗണിൻ്റെ പുതിയ ഓട്ടോമോട്ടീവ് ചിപ്പുകൾ കാറിൽ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. നേരത്തെ ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ മറ്റ് ഇന്ത്യൻ വാഹന നിർമാതാക്കളുമായി ക്വാൽകോം കൈകോർത്തിരുന്നു.
വാഹന വ്യവസായത്തിന് അനുയോജ്യമായ രണ്ട് പുതിയ ചിപ്‌സെറ്റുകൾ ക്വാൽകോം കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഹവായിയിൽ നടന്ന സ്‌നാപ്ഡ്രാഗൺ സമ്മിറ്റിലായിരുന്നു പ്രഖ്യാപനം. സ്നാപ്ഡ്രാഗൺ കോക്ക്പിറ്റ് എലൈറ്റ്, സ്നാപ്ഡ്രാഗൺ റൈഡ് എലൈറ്റ് എന്നിവയായിരുന്നു അവ. ഇവയിൽ ഏതെങ്കിലും ചിപ്പുകൾ മാരുതി സുസുക്കി കാറുകളിൽ ഉപയോഗിച്ചേക്കുമെന്ന് സ്മാർട്ട്പ്രിക്സ് റിപ്പോർട്ട് ചെയ്യുന്നു. അടുത്ത വർഷം പുറത്തിറക്കാനിരിക്കുന്ന ഇവി മോഡലിന് (മാരുതി ഇ വിറ്റാര) കമ്പനി സ്നാപ്ഡ്രാഗൻ ചിപ്പുകൾ ഉപയോഗിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സ്‌നാപ്ഡ്രാഗൺ കോക്ക്പിറ്റ് എലൈറ്റ് ചിപ്പിന് വിപുലമായ ഡിജിറ്റൽ അനുഭവങ്ങൾ നൽകാനാകും. അതേസമയം, റൈഡ് എലൈറ്റ് ചിപ്പ് ഓട്ടോമേറ്റിക്ക് ഡ്രൈവിങ്ങിനെ പിന്തുണക്കുന്നതാണ്. വാഹന നിർമാതാക്കൾക്ക് ഇവ രണ്ടും സംയോജിപ്പിച്ച് പ്രവർത്തിപ്പിക്കാനാവുമെന്നും ക്വാൽകോം അവകാശപ്പെടുന്നുണ്ട്. ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഡ്രൈവിങ് അസിസ്റ്റൻസ്, പാർക്കിങ് അസിസ്റ്റൻസ് തുടങ്ങിയ ഫീച്ചറുകൾ ചിപ്പുകൾക്ക് പിന്തുണയ്‌ക്കാനാകുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.