40 കിലോമീറ്റര്‍ മൈലേജുള്ള സ്വിഫ്റ്റ്; ഇന്ത്യക്കാരെ കൊതിപ്പിക്കാന്‍ വീണ്ടും മാരുതി
|കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്വിഫ്റ്റ്, ഡിസയർ മോഡലുകൾക്ക് ഹൈബ്രിഡ് എൻജിൻ നൽകുമെന്നാണ് സൂചന
ഇന്ത്യൻ വാഹന വിപണിയിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഇന്ധനക്ഷമത. മറ്റെന്തൊക്കെ ഉണ്ടെന്ന് പറഞ്ഞാലും മൈലേജില്ലാത്ത വാഹനങ്ങൾക്ക് അത്രകണ്ട് സ്വീകാര്യത ഇന്ത്യൻ വിപണിയിൽ ഉണ്ടാകാറില്ല. ഡീസൽ എഞ്ചിനുകൾ പിൻമാറിയതോടെ ഈ കുറവ് മറികടക്കാനായി ഹൈബ്രിഡ് കാറുകൾ പുറത്തിറങ്ങാനൊരുങ്ങുകയാണ് മാരുതി. ലിറ്ററിൽ 40 കിലോമീറ്റർ മൈലേജുള്ള ഇന്ത്യയിലെ ആദ്യത്തെ കാറിനെയാണ് മരുതി അവതരിപ്പിക്കാനൊരുങ്ങുന്നത്.
ഇന്ത്യക്കാരുടെ ഇഷ്ട മോഡലായ സ്വിഫ്റ്റിലാണ് ഈ ഹൈബ്രിഡ് എഞ്ചിൻ എത്തുക. കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്വിഫ്റ്റ്, ഡിസയർ മോഡലുകൾക്ക് ഹൈബ്രിഡ് എൻജിൻ നൽകുമെന്നാണ് സൂചന. 1.2 ലിറ്റർ 3 സിലിണ്ടർ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുക. ഇതിനോടൊപ്പമായിരിക്കും ഇലക്ട്രിക് മോട്ടർ ഘടിപ്പിക്കുക. 2024 ഓടെ ഹാച്ച് ബാക്ക് സ്വിഫ്റ്റിന്റെ ഹൈബ്രിഡ് പതിപ്പ് പുറത്തിറക്കുമെന്നാണ് കരുതുന്നത്.
ഇപ്പോൾ വിപണിയിലുള്ള സ്വിഫ്റ്റിൽ നിന്നും ഒന്നു മുതൽ 1.5 ലക്ഷം രൂപ വരെ മാത്രമായിരിക്കും ഹൈബ്രിഡ് വേർഷന്റെ വില എന്നാണ് പ്രതീക്ഷിക്കപ്പെടുത്തന്നത്. സ്വിഫ്റ്റിന് ശേഷം ഡിസയർ, ബലേനൊ തുടങ്ങിയ കാറുകളിലും ഈ ഹൈബ്രിഡ് എൻജിൻ ലഭിക്കും. ഡീസൽ എഞ്ചിനുകൾ പിൻവലിച്ചെങ്കിലും മൈലേജിൽ കോംപർമൈസ് ചെയ്യാൻ മാരുതി തയ്യാറായിരുന്നില്ല.
അങ്ങനെയാണ് ലീറ്ററിന് 27.97 മൈലേജുള്ള ഗ്രാൻഡ് വിറ്റാരയെ മാരുതി അവതരിപ്പിച്ചത്. 1.5 ലീറ്റർ 4 സിലിണ്ടർ ഇൻലൈൻ എൻജിനിലാണ് ഹൈബ്രിഡ് വിറ്റാര എത്തുന്നത്. ഗ്രാൻഡ് വിറ്റാര ഹൈബ്രിഡിന് ശേഷം മറ്റൊരു സ്‌ട്രോങ് ഹൈബ്രിഡിനെ വിപണിയിലെത്തിച്ചാൽ മാത്രമേ ഇന്ത്യക്കാരെ തൃപ്തിപ്പെടുത്താൻ സാധിക്കൂവെന്ന മാരുതിക്ക് നന്നായി അറിയാം. അതിനാലാണ് ഇന്ത്യക്കാരുടെ എക്കാലത്തേയും ഇഷ്ട മോഡലായ സ്വിഫ്റ്റിനെ തന്നെ തെരഞ്ഞെടുത്തത്.