ഇടിച്ചുകയറാൻ ടാറ്റയുടെ പുതിയ ഇലക്ട്രിക് കാർ; പഞ്ചിന്റെ ബുക്കിങ് തുടങ്ങി
|21,000 രൂപ നൽകി വാഹനം ബുക്ക് ചെയ്യാം
ഇലക്ട്രിക് വാഹന രംഗത്തെ മുൻനിരക്കാരായ ടാറ്റയുടെ പുതിയ മോഡലായ പഞ്ച് ഇവി നാളെ പുറത്തിറങ്ങും. മൈക്രോ എസ്‍യുവിയുടെ ബുക്കിങ് വെള്ളിയാഴ്ച ആരംഭിച്ചു. 21,000 രൂപ നൽകി വാഹനം ബുക്ക് ചെയ്യാം. ഔദ്യോഗികമായി പുറത്തിറക്കും മുമ്പേ വാഹനത്തിന്റെ ചിത്രങ്ങൾ ഓൺലൈനിൽ ചോർന്നിട്ടുണ്ട്.
രണ്ട് വേരിയന്റാണ് പഞ്ച് ഇവിയിലുള്ളത്, ലോങ് റേഞ്ചും മീഡിയം റേഞ്ചും. ലോങ് റേഞ്ചിൽ 35 കിലോവാട്ട് ബാറ്ററി പാക്കും 460 കിലോമീറ്റർ റേഞ്ചുമാണ് ഉണ്ടാവുക. 35 കിലോവാട്ട് ബാറ്ററി പാക്കുള്ള മീഡിയം റേഞ്ച് വേരിയന്റിൽ 330 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്നാണ് വിവരം.
പഞ്ചിന്റെ ഐസിഇ മോഡലുകളിൽനിന്ന് വ്യത്യസ്തമായി പുതിയ ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സംവിധാനമാകും ഇലക്ട്രിക് വാഹനത്തിൽ ഉണ്ടാവുക. ടാറ്റയുടെ യുഐയിൽ അധിഷ്ഠിതമായ ഫ്ലോട്ടിങ് രീതിയിലുള്ള 10.25 ഇഞ്ച് ഇൻഫോടൈൻമെന്റ് സ്ക്രീനാണ് ഇടംപിടിച്ചിരിക്കുന്നത്.
360 ഡിഗ്രി കാമറ, ഓട്ടോ ഹോൾഡോട് കൂടിയ ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, മൾട്ടിപ്പിൾ വോയിസ് അസിസ്റ്റൻസ്, വെന്റിലേറ്റഡ് ലെതർ സീറ്റ്സ്, എയർ പ്യൂരിഫയർ, സൺറൂഫ്, മൾട്ടി മോഡ് റീജെൻ, വയർലെസ് ഫോൺ ചാർജർ, ക്രൂയിസ് കൺട്രോൾ തുടങ്ങി നിരവധി ഫീച്ചറുകളാൽ സമ്പന്നമാണ് പുതിയ പഞ്ച്.
വാഹനത്തിന്റെ മുൻഭാഗത്ത് പുതിയ കണക്ടഡ് എൽഇഡി ബാർ കാണാം. മുന്നിലെ ബമ്പറിനും പുതിയ ഡിസൈനാണ്. കൂടാതെ ഗ്രില്ലിന്റെ ഭാഗം അടച്ചരീതിയിലാണ്. ടാറ്റയുടെ ലോഗോക്ക് പിറകിലാണ് ചാർജിങ് പോർട്ട്. അഞ്ച് വ്യത്യസ്ത നിറങ്ങളിൽ പഞ്ച് ലഭ്യമാകും. സിട്രോണിന്റെ ഇസി3 ആകും പ്രധാന എതിരാളി. 11.61 ലക്ഷം (എക്സ് ഷോറൂം) മുതലാണ് സിട്രോൺ ഇസി3യുടെ വില ആരംഭിക്കുന്നത്.