തകർന്നടിയുന്ന കാറുകളുടെ ക്രാഷ് ടെസ്റ്റുകളുടെ വിശ്വാസ്യത
|കേന്ദ്ര സർക്കാറിന്റെ നിയന്ത്രണത്തിലോ അല്ലെങ്കിൽ സർക്കാറിന് കീഴിലുള്ള സ്വതന്ത്ര ബോഡിയായോ ഒരു ക്രാഷ് ടെസ്റ്റിങ് ഇന്ത്യയിൽ രൂപീകരിക്കണമെന്നും നിരവധി പേർ ആവശ്യമുയർത്തുന്നുണ്ട്.
ക്ഷമകുറഞ്ഞ ട്രാഫിക് സംസ്‌കാരം, ഗട്ടറുകൾ, അശാസ്ത്രീയമായ റോഡ് നിർമാണം, വാഹനങ്ങളുടെ ആധിക്യം എന്നിവ നിറഞ്ഞതാണ് ഇന്ത്യൻ റോഡുകൾ. അതുകൊണ്ട് തന്നെ ഒരു വാഹനം അല്ലെങ്കിൽ കാർ വാങ്ങുമ്പോൾ സുരക്ഷയെ അതിപ്രധാനമായി കാണുന്നവരാണ് ഉപഭോക്താക്കളിലേറെയും. ഉപഭോക്താക്കളുടെ മനോഭാവം കാർ നിർമാതാക്കളുടെ സമീപനത്തിലും വലിയ മാറ്റം സൃഷ്ടിച്ചുണ്ട്. അതുകൊണ്ട് തന്നെ കമ്പനികൾ വാഹനം അവതരിപ്പിക്കുന്നത് തന്നെ തങ്ങൾ ഉപഭോക്താക്കൾക്കായി ഒരുക്കിയ സുരക്ഷ ഫീച്ചറുകൾ ഹൈലൈറ്റ് ചെയ്തുകൊണ്ടാണ്. കാറിന്റെ അഴകിനൊപ്പം തന്നെ സുരക്ഷയെയും കമ്പനികൾ പ്രാമുഖ്യത്തോടെ കാണുന്നു.
' സേഫ്റ്റി' എന്നത് കാർ കമ്പനികളുടെ മാർക്കറ്റിങ്ങിന്റെ തന്നെ ഒരു പ്രധാന ആയുധമായി മാറിക്കൊണ്ടിരിക്കുകയാണ്. ഡ്യൂവൽ എയർബാഗ്, ക്രംപിൾ സോൺ, സീറ്റ് ബെൽറ്റ്, സ്റ്റബിലിറ്റി കൺട്രോൾ, എബിഎസ് ബ്രേക്കുകൾ, സ്പീഡ് സെൻസിങ് ഡോർ ലോക്, റിയർ പാർക്കിങ് സെൻസറുകൾ എന്നിങ്ങനെ നിരവധി ഫീച്ചറുകൾ സുരക്ഷക്കായി കാറുകൾ അണിനിരത്തുന്നു. എന്നാൽ ചില ബ്രാൻഡുകളാകട്ടെ, ക്രാഷ് ടെസ്റ്റിൽ ലഭിച്ച നക്ഷത്രങ്ങളുടെ എണ്ണം കാണിച്ചാണ് തങ്ങളുടെ ബ്രാൻഡിനെ മാർക്കറ്റ് ചെയ്യുന്നത്. അത്തരത്തിലുള്ള മാർക്കറ്റിങ്ങിലൂടെ ഇന്ത്യക്കാർക്ക് സുപരിചിതമായ ഏജൻസിയാണ് ഗ്ലോബൽ എൻകാപ്പ്.
ഏതാനും ബ്രാൻഡുകൾ ഗ്ലോബൽ എൻകാപ്പ് സേഫ്റ്റി റേറ്റിങിനെ കൊട്ടിഘോഷിക്കുമ്പോൾ ഇന്ത്യയിലെ പല പ്രമുഖ ബ്രാൻഡുകളും ഗ്ലോബൽ എൻകാപ്പിന്റെ ഉദ്ദേശ ശുദ്ധിയെയും റേറ്റിങ് മാനദണ്ഡങ്ങളെയും തള്ളിക്കളയുന്നു. യുകെ ആസ്ഥാനമായി ഒരു സന്നദ്ധ സംഘടനയായി തുടങ്ങിയ ഗ്ലോബൽ എൻകാപ്പിന്റെ പ്രൊപ്പഗണ്ടകളും അശാസ്ത്രീയമായ ക്രാഷ് ടെസ്റ്റ് രീതികളും ചോദ്യം ചെയ്ത് രാജ്യമെമ്പാടും ഓട്ടോ വേ്‌ലാഗർമാർ രംഗത്തെത്തിയതോടെ ഗ്ലോബൽ എൻകാപ്പ് വാർത്തകളിലും നിറയുകയാണ്.
1978ൽ അമേരിക്കയിലാണ് എൻകാപ്പ് (US NCAP) ആരംഭിക്കുന്നത്. തുടർന്ന് ലോകമെമ്പാടും കാറുടെ സുരക്ഷകളെ മുൻനിർത്തി നിരവധി എൻകാപ്പുകൾ (New Car Assessment Program) രൂപീകരിക്കപ്പെട്ടു. യൂറോപ്യൻ യൂണിയൻ അടക്കമുള്ളവരുടെ അനുമതിയോടെയുള്ള യൂറോ എൻകാപ്പാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഓസ്ട്രേലിയൻ എൻകാപ്പ്, ജപ്പാൻ എൻകാപ്പ്, ആസിയാൻ എൻകാപ്പ്, ചൈന എൻകാപ്പ്, കൊറിയൻ എൻകാപ്പ്, ലാറ്റിൻ എൻകാപ്പ് എന്നിങ്ങനെ നിരവധി എൻകാപ്പുകൾ നിലവിലുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് 2011ൽ ഗ്ലോബൽ എൻകാപ്പ് പിറവിയെടുക്കുന്നത്. പേരിൽ 'േഗ്ലാബൽ' ആണെങ്കിലും ഇന്ത്യയിലെയും ആഫ്രിക്കയിലെയും കാറുകളെ മാത്രമാണ് ഗ്ലോബൽ എൻകാപ്പ് സ്വമേധയാ ടെസ്റ്റ് ചെയ്യുന്നത്.
' Safer Cars For India', Safer Cars For Africa' എന്നീ ലക്ഷ്യങ്ങളോടെ യു.കെയിൽ രജിസ്റ്റർ ചെയ്ത ഈ കമ്പനിക്ക് ഒരു രാജ്യങ്ങളുടെയും സർക്കാറുടെ പിന്തുണയില്ല. അതുകൊണ്ട് പേരുകൊണ്ടുതന്നെ എൻകാപ്പ് തെറ്റിദ്ധരിക്കുകയാണെന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്. വാർത്തകളിൽ നിറയുന്ന ഗ്ലോബൽ എൻകാപ്പിനെക്കുറിച്ച് ഏതാനും കാര്യങ്ങൾ ഒരു വാഹന പ്രേമി എന്ന നിലയിൽ അറിഞ്ഞിരിക്കാം.
എങ്ങനെയാണ് ഗ്ലോബൽ എൻകാപ്പ് കാറുകൾ ടെസ്റ്റ് ചെയ്യുന്നത് ?
അതുവരെയുണ്ടായിരുന്ന റേറ്റിങ് ഏജൻസിയുടെ സേഫ്റ്റി ടെസ്റ്റുകളുടെ രീതികളെയെല്ലാം മാറ്റിവെച്ച് സ്വയം വികസിപ്പിച്ചെടുത്ത രീതികളാണ് ഗ്ലോബൽ എൻകാപ്പ് ഉപയോഗിക്കുന്നത് എന്നാണ് അവകാശ വാദം. യൂറോ എൻകാപ്പിൽ ഫുൾ ഫ്രണ്ടൽ, ഫ്രണ്ട് ഓഫ്സെറ്റ്, സൈഡ് ഇംപാക്ട്, സൈഡ് പോൾസ് എന്നിവ ടെസ്റ്റ് ചെയ്യുമെങ്കിൽ ഗ്ലോബൽ എൻകാപ്പിൽ സാധാരണ ഗതിയിൽ ഫ്രണ്ട് ഓഫ്സെറ്റ് ടെസ്റ്റും സൈഡ് ഇംപാക്ട് ടെസ്റ്റും മാത്രമേ നടത്താറുള്ളൂ. 64 കിലോമീറ്റർ സ്പീഡിൽ വാഹനമോടിച്ചാണ് കമ്പനി ക്രാഷ് ടെസ്റ്റ് നടത്തുന്നത്. ഇന്ത്യൻ സർക്കാർ നിഷ്‌കർഷിക്കുന്നത് അനുരിച്ച് 56 കിലോമീറ്റർ സ്പീഡിൽ കാർ ഓടിച്ച് ടെസ്റ്റ് ചെയ്താൽ മതിയെന്നാണ്. ബാക്കിയെല്ലാ ഏജൻസികളേയും പോലെ സ്റ്റാർ റേറ്റിങാണ് ഇവരും നൽകുന്നത്. 0 മുതൽ അഞ്ച് വരെ സ്റ്റാറുകൾ നൽകും. 5 എന്നാൽ ഏറ്റവും കൂടുതൽ സേഫ്റ്റിയുള്ള കാർ എന്നാണ് അവർ സൂചിപ്പിക്കുന്നത്.
എങ്ങനെയാണ് ഗ്ലോബൽ എൻകാപ്പ് കാറുകൾ തെരഞ്ഞെടുക്കുന്നത് ?
എല്ലാ മോഡലുകളുടെയും ഏറ്റവും കുറഞ്ഞ വേരിയൻാണ് ഇവർ ടെസ്റ്റിങിന് തെരഞ്ഞെടുക്കുക. റാൻഡമായിട്ടാണ് അവർ ഈ കാർ തെരഞ്ഞെടുക്കുക. ഉപഭോക്താവിന് വാങ്ങാൻ കഴിയുന്ന ഏറ്റവും വില കുറഞ്ഞ കാർ എന്ന നിലയിലാണ് ബേസ് വേരിയന്റ് തെരഞ്ഞെടുക്കുന്നത്. എന്നാൽ കമ്പനികൾ ആവശ്യപ്പെട്ടാൽ കൂടുതൽ ഉയർന്ന വേരിയന്റുകൾ അവർ ടെസ്റ്റിങിനെടുക്കുമെന്നും പറയപ്പെടുന്നു. ക്രാഷ് ടെസ്റ്റിന്റെ വീഡിയോ ഇവർ പുറത്തുവിടുകയും ചെയ്യും.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഗ്ലോബൽ എൻകാപ്പിന്റെ വിശ്യാസ്യത ചോദ്യം ചെയ്തു ചില വിദഗ്ധർ രംഗത്തെത്തിയിട്ടുണ്ട്. എന്താണ് ആ വാദങ്ങളെന്ന് നോക്കാം. ഗ്ലോബൽ എൻകാപ്പിന്റെ ടെസ്റ്റിങ് രീതികളിൽ തന്നെ അശാസ്ത്രീയതയുണ്ടെന്നാണ് ഇവർ പറയുന്നു. ബാക്കി ടെസ്റ്റിങ് ഏജൻസികളെല്ലാം നിരവധി രീതിയിൽ ടെസ്റ്റ് നടത്തുമ്പോൾ ഗ്ലോബൽ എൻകാപ്പ് ടെസ്റ്റിൽ ആകെ പരിശോധിക്കുന്നത് മുന്നിൽ നിന്നുള്ള ആഘാതം കണക്കാക്കുന്നതിനായി ഫ്രണ്ട് ഓഫ്സെറ്റ് ടെസ്റ്റും, വശങ്ങളിൽ നിന്നുള്ള ആഘാതം കണക്കിലാക്കാൻ സൈഡ് ബാരിയർ ടെസ്റ്റും മാത്രമാണ്. പിറകിൽ നിന്നുള്ള ആഘാതമോ തുടർ ആഘാതങ്ങളോ റോൾ ഓവർ ടെസ്റ്റോ സംഘടിപ്പിക്കുന്നില്ല.
നേരത്തെ പറഞ്ഞതു പോലെ കാർ കമ്പനി രണ്ടാമത് ടെസ്റ്റിങ് ആവശ്യപ്പെട്ടില്ലെങ്കിൽ അവർ തെരഞ്ഞെടുക്കുന്നത് ആദ്യ ടെസ്റ്റിന് അവർ തെരഞ്ഞെടുക്കുന്ന ആ വാഹനത്തിന്റെ ബേസ് മോഡൽ തന്നെയായിരിക്കും. പക്ഷേ ഇപ്പോൾ ചില വാഹനങ്ങൾ വിപണിയിൽ എത്തും മുമ്പേ ഗ്ലോബൽ എൻകാപ്പിന്റെ പണിശാലയിൽ എത്തുന്നുണ്ട്. പല ബ്രാൻഡുകളുടെയും ടെസ്റ്റ് ഡ്രൈവ് മോഡൽ വരും മുമ്പ് തന്നെ അവരുടെ പരസ്യങ്ങളിൽ ഗ്ലോബൽ എൻകാപ്പ് സേഫ്റ്റി റേറ്റിങ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വാഹനം ഷോറൂമിലെത്തിയ ശേഷം മാത്രമല്ലേ ക്രാഷ് ടെസ്റ്റ് ചെയ്യാവൂ എന്നും അല്ലാത്ത പക്ഷം പല അട്ടിമറികൾക്കും കൃത്രിമങ്ങൾക്കും സാധ്യതയുണ്ടെന്നും ഇവർ പറയുന്നു. വിമർശനങ്ങൾ ഉയർന്നപ്പോൾ തങ്ങൾ സ്പോൺസേർഡ് ടെസ്റ്റും നടത്തുണ്ടെന്ന ന്യായീകരണം ഗ്ലോബൽ എൻകാപ്പ്് പുറത്തുവിട്ടിരുന്നു. .
നേരത്തെ സൂചിപ്പിച്ചത് പോലെ എല്ലാ ടെസ്റ്റുകളുടെയും വീഡിയോ അവർ പുറത്തുവിടാറുണ്ട്. അതുപോലെ അടുത്തിടെ പുറത്തിറങ്ങിയ ഒരു എസ്.യു.വിയുടെ സൈഡ് ബാരിയർ ടെസ്റ്റിന് ശേഷം എസ്.യു.വികളുടെ സ്വാഭാവിക റോൾ ഓവർ മൂലം ആ വാഹനം മറിയുന്നുണ്ട്. പക്ഷേ ആ രംഗം അവർ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടില്ല. ആ നടപടി ചൂണ്ടിക്കാട്ടിയും ഗ്ലോബൽ എൻകാപ്പിന്റെ വിശ്യാസ്യത ചോദ്യം ചെയ്യുന്നുണ്ട്. ഒരു ഇടിയുടെ ആഘാതത്തിന് ശേഷമുണ്ടാകുന്ന തുടർ ആഘാതങ്ങൾ സ്വീകരിക്കാൻ വാഹനത്തിന്റെ ഷെൽ തയാറാണോ എന്ന് അവർ പരിശോധിക്കുന്നില്ല എന്നും വാദമുണ്ട്.
നേരത്ത തീരുമാനിച്ച ടെസ്റ്റിങ് രീതികളുണ്ടെങ്കിലും ചില അവസരങ്ങളിൽ പ്രത്യേകിച്ചും ചില ബ്രാൻഡുകളുടെ ടെസ്റ്റിങ് സമയത്ത് അവർ അതിൽ നിന്ന് വ്യതിചലിച്ചതായും അവരുടെ ചില ടെസ്റ്റിങ് വീഡിയോകൾ സൂചിപ്പിക്കുന്നുണ്ട്. പലപ്പോഴും ചില വാഹനങ്ങളുടെ ടെസ്റ്റ് റിസൽട്ട്‌െൈ വകിപ്പിക്കുന്നതായും ആരോപണമുണ്ട്. നോൺ പ്രോഫിറ്റ് അഥവാ ലാഭം ലക്ഷ്യമിടാത്ത സ്ഥാപനമെന്ന് കമ്പനി വെബ്സൈറ്റിൽ അവർ അവകാശപ്പെടുന്നുണ്ട്. എന്നാൽ യുകെയിൽ രജിസ്റ്റർ ചെയ്ത ഒരു സ്വതന്ത്ര ഏജൻസി ഇന്ത്യയിലെ കാറുകൾ സൗജന്യമായി കാറുകൾ ടെസ്റ്റ് ചെയ്യുന്നതിലെ ചേതോവികാരവും ചിലർ ചോദ്യം ചെയ്യുന്നു.
യാതൊരു സർക്കാർ ഏജൻസിയുടേയും പിന്തുണയില്ലാത്ത ഗ്ലോബൽ എൻകാപ്പിന്റെ സേഫ്റ്റി റേറ്റിങുകൾ കണ്ണുമടച്ച് വിശ്വസിച്ച് കാർ വാങ്ങിയാൽ ഒരു പക്ഷേ പണികിട്ടിയേക്കാം. നിലവിൽ ഉയരുന്ന പല വിമർശനങ്ങളോടും എൻകാപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യാതൊരു കൃത്യതയും ശാസ്ത്രീയതും അവകാശപ്പെടാനില്ലാത്ത ഇത്തരം ഏജൻസികൾ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാറിന്റെ നിയന്ത്രണത്തിലോ അല്ലെങ്കിൽ സർക്കാറിന് കീഴിലുള്ള സ്വതന്ത്ര ബോഡിയായോ ഒരു സുരക്ഷ ഏജൻസി ഇന്ത്യയിൽ രൂപീകരിക്കണമെന്നും നിരവധി പേർ ആവശ്യമുയർത്തുന്നുണ്ട്.
Summary: Analysing is Global ncap crash test is fake