Auto
airbag failure
Auto

അപകടത്തിനിടെ എയർബാഗുകൾ പ്രവർത്തിച്ചില്ല; 32.07 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

Web Desk
|
13 March 2024 10:59 AM GMT

നഷ്ടപരിഹാരം നൽകാത്തപക്ഷം പുതിയ വാഹനം നൽകണമെന്നും ഉത്തരവിൽ പറയുന്നു

ന്യൂഡൽഹി: അപകടത്തനിടെ എയർ ബാഗുകൾ ​പ്രവർത്തിക്കാത്ത സംഭവത്തിൽ ഉപഭോക്താവിന് 32.07 ലക്ഷം നഷ്ടപരിഹാരം നൽകാൻ ദേശീയ ഉപഭോക്ത്യ തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്. അപകടസമയത്ത് ടൊയോട്ട ഇന്നോവയുടെ മുന്നിലെ എയർബാഗ് തുറന്നില്ലെന്നാണ് പരാതി. ടൊയോട്ട കിർലോസ്‌കർ മോട്ടോഴ്‌സും ബംഗളൂരുവിലെ കാർ ഡീലർഷിപ്പായ നന്ദി ടൊയോട്ട മോട്ടോർ വേൾഡുമാണ് 15 ലക്ഷം രൂപയും അതിന്റെ 12 വർഷത്തെ ഒമ്പത് ശതമാനം പലിശയും നൽകേണ്ടത്. പലിശ മാത്ര ഏകദേശം 17 ലക്ഷം വരും. നഷ്ടപരിഹാരം നൽകാത്തപക്ഷം പുതിയ വാഹനം നൽകണമെന്നും ഉത്തരവിൽ പറയുന്നു.

2011 മാർച്ച് 11നാണ് സുനിൽ റെഡ്ഡി എന്നയാൾ ടൊയോട്ട ഇന്നോവ വാഹനം വാങ്ങുന്നത്. 2011 ആഗസ്റ്റ് 16നായിരുന്നു അപകടം. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ ഉലിന്ദകൊണ്ട ഗ്രാമത്തിന് സമീപം ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഈ സമയത്ത് വാഹനത്തിന്റെ മുന്നിലെ എയർബാഗുകൾ പ്രവർത്തിച്ചില്ല.

അപകടശേഷം റെഡ്ഡി വാഹനം ബംഗളൂരുവിലെ നന്ദി ടൊയോട്ട മോട്ടോർ വേൾഡ് സർവീസ് സെന്ററിൽ സർവീസിനായി നൽകി. കൂടാതെ എയർബാഗ് പ്രവർത്തിക്കാത്തതിന് കമ്പനിയോ​ട് നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, കമ്പനി തെറ്റ് അംഗീകരിക്കാനോ നഷ്ടപരിഹാരം നൽകാനോ വിസമ്മതിച്ചതോടെ റെഡ്ഡിൽ വക്കീൽ നോട്ടീസ് അയച്ചു. ഇതിനും മറുപടി ലഭിച്ചില്ല. തുടർന്ന് ജില്ലാ ഉപഭോക്തൃ ഫോറത്തെ സമീപിച്ചു. അപകട സമയത്ത് എയർബാഗുകൾ തുറന്നില്ലെന്നും വാഹനത്തിന്റെ മുൻഭാഗത്ത് കാര്യമായ കേടുപാട് സംഭവിച്ചതായും യാത്രക്കാർക്ക് പരിക്കേറ്റതായും പരാതിയിൽ ഉന്നയിച്ചു.

നിരവധി വാദപ്രതിവാദങ്ങൾക്കൊടുവിൽ 2014 നവംബറിൽ റെഡ്ഡിക്ക് അനുകൂലമായ ഉത്തരവ് വന്നു. പുതിയ വാഹനം നൽകാനോ അതല്ലെങ്കിൽ ഏകദേശം 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനോ വിധിച്ചു. എന്നാൽ, ഇതിനെതിരെ ടൊയോ​ട്ട സംസ്ഥാന ഉപഭോക്തൃ കമ്മീഷനിൽ അപ്പീൽ നൽകി. അപ്പീൽ തള്ളിയ സംസ്ഥാന കമ്മീഷൻ, ജില്ല ഫോറത്തിന്റെ വിധി അംഗീകരിക്കുകയും ചെയ്തു.

വാഹനത്തിന്റെ ഇടത് ഭാഗത്താണ് ഓട്ടോറിക്ഷ ഇടിച്ചതെന്നും ഇതിനാൽ മുന്നിലെ എയർബാഗുകൾ പ്രവർത്തിക്കില്ലെന്നുമായിരുന്നു ടൊയോട്ടയുടെ വാദം. വാഹനത്തിന്റെ വശത്തോ​ പിന്നിലോ കൂട്ടിയിടിച്ചാലും തലകീഴായി മറിഞ്ഞാലും മുന്നിലെ എയർ ബാഗുകൾ പ്രവർത്തിക്കില്ല. കൂടാതെ മുന്നിൽ കുറഞ്ഞ വേഗതയിൽ ആഘാതം സംഭവിച്ചാലും എയർ ബാഗ് പ്രവർത്തിക്കില്ലെന്നും ടൊയോട്ടയും അഭിഭാഷകൻ വാദിച്ചു. എന്നാൽ, വാദപ്രതിവാദങ്ങൾക്ക് ഒടുവിൽ മുന്നിലാണ് കൂട്ടിയിടി നടന്നതെന്ന നിഗമനത്തിലെത്തി.

ഇതിനെതിരെ ടൊയോട്ട ദേശീയ ഉപഭോക്ത്യ തർക്ക പരിഹാര കമ്മീഷന് മുന്നിൽ അപ്പീൽ നൽകി. ഇന്നോവയിൽ ഉപയോഗിച്ചിരിക്കുന്ന സാ​ങ്കേതിക വിദ്യ അന്താരാഷ്ട്ര ഗുണമേൻമയുള്ളതാണെന്നും ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ അംഗീകാരം നൽകിയിട്ടു​ണ്ടെന്നും ദേശീയ കമ്മീഷന് മുന്നിൽ ടൊയോട്ട വ്യക്തമാക്കി. പ്രസ്തുത വാഹനം നന്നാക്കിയപ്പോൾ എയർബാഗ് വിന്യസിക്കാനാവശ്യമായ സെൻസറുകൾക്ക് പ്രശ്നമൊന്നും സംഭവിച്ചിട്ടില്ലെന്നും തെളിവുകൾ പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.

തുടർന്ന് വാഹന ഉടമ റെഡ്ഡി നിശ്ചയിച്ച വിദഗ്ധനായ പ്രശാന്ത് കുമാറിന്റെയും ടൊയോട്ടയിലെ വിദഗ്ധൻ വി. കാർത്തികേയന്റെയും സാക്ഷ്യങ്ങൾ കമ്മീഷൻ കേട്ടു. മുൻവശത്താണ് കൂട്ടിയിടിച്ചത് എന്നതിന് തെളിവുണ്ടെന്നും ഇതിനാൽ എയർബാഗുകൾ വിന്യസിക്കേണ്ടാതായിരുന്നു​വെന്നും പ്രശാന്ത് കുമാർ വ്യക്തമാക്കി. 2011ൽ താൻ വാഹനം പരിശോധിച്ചപ്പോൾ വശത്താണ് കൂട്ടിയിടി നടന്നതെന്നും അതിനാലാണ് എയർബാഗുകൾ പ്രവർത്തിക്കാത്തതെന്നും കാർത്തികേയൻ ദേശീയ കമ്മീഷൻ മുമ്പാകെ മൊഴി നൽകി.

അപകടത്തിൽ ഓട്ടോ ഡ്രൈവർക്കും യാത്രക്കാർക്കും പരിക്കേറ്റിരുന്നു. ഇക്കാര്യം എഫ്.ഐ.ആറിലുണ്ട്. കാർ ഡ്രൈവർ വേഗത്തിൽ വാഹനം ഓടിക്കുകയും ഓട്ടോയുമായി മുൻവശത്ത് കൂട്ടിയിടിക്കുകയും ഓട്ടോ മറിയുകയും ചെയ്തതായി എഫ്.ഐ.ആറിൽ പറയുന്നുണ്ട്. ഇതും ദേശീയ കമ്മീഷൻ തെളിവായി പരിഗണിച്ചു. തുടർന്നാണ് നഷ്ടപരിഹാരമോ പുതിയ വാഹനമോ നൽകണമെന്ന് കാണിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

Similar Posts