Auto
പ്രീമിയർ വാഹനത്തെ തോൽപ്പിക്കുന്ന സൗന്ദര്യം; സ്ലാവിയയുടെ ഡിസൈൻ സ്‌കെച്ച് വെളിപ്പെടുത്തി സ്‌കോഡ
Auto

പ്രീമിയർ വാഹനത്തെ തോൽപ്പിക്കുന്ന സൗന്ദര്യം; സ്ലാവിയയുടെ ഡിസൈൻ സ്‌കെച്ച് വെളിപ്പെടുത്തി സ്‌കോഡ

Web Desk
|
2 Nov 2021 4:14 PM GMT

നിലവിൽ സ്‌കോഡയുടെ മിഡ് സൈസ് സെഡാൻ ശ്രേണിയിലെ സാന്നിധ്യമായ റാപ്പിഡിന്റെ പകരക്കാരനായായിരിക്കും സ്ലാവിയ എത്തുകയെന്നാണ് ഏറ്റവും പുതിയ സൂചന

നവംബർ 18-ന് ആഗോള അവതരണം നടത്താനിരിക്കെ സ്‌കോഡയുടെ പുതിയ സെഡാൻ വാഹനമായ സ്ലാവിയയുടെ ഡിസൈൻ സ്‌കെച്ച് ഔദ്യോഗികമായി വെളിപ്പെടുത്തി കമ്പനി. ഈ മാസം അവതരിപ്പിക്കുമെങ്കിലും പുതുവർഷത്തിലായിരിക്കും സ്ലാവിയ വിപണിയിൽ എത്തുകയെന്നാണ് വിവരം. നിലവിൽ സ്‌കോഡയുടെ മിഡ് സൈസ് സെഡാൻ ശ്രേണിയിലെ സാന്നിധ്യമായ റാപ്പിഡിന്റെ പകരക്കാരനായായിരിക്കും സ്ലാവിയ എത്തുകയെന്നാണ് ഏറ്റവും പുതിയ സൂചന.

എക്സ്റ്റീരിയർ ഡിസൈൻ വെളിപ്പെടുത്തിയുള്ള സ്‌കെച്ചാണ് ഇപ്പോൾ സ്‌കോഡ പങ്കുവെച്ചിരിക്കുന്നത്. സ്‌കോഡയിൽ നിന്ന് അടുത്തിടെ വിപണിയിൽ എത്തിയ ഒക്ടാവിയയ്ക്ക് സമാനമായ രൂപത്തിലാണ് സ്ലാവിയയുടെ എക്സ്റ്റീരിയറും ഒരുക്കിയിരിക്കുന്നത്. ഹെക്സഗൊണൽ ഗ്രില്ല്, വീതി കുറഞ്ഞ ഹെഡ്ലാമ്പ്. എൽ ഷേപ്പിൽ ഒരുക്കിയിട്ടുള്ള എൽ.ഇ.ഡി. ഡി.ആർ.എൽ, മസ്‌കുലർ ഭാവമുള്ള ബമ്പർ എന്നിവയാണ് മുഖഭാവത്തെ ആഡംബരമാക്കുന്നത്.

കൂടുതൽ ദൃഢത തോന്നിക്കുന്ന വശങ്ങളാണ് സ്ലാവിയയിലുള്ളത്. ഡോറിലൂടെ നീളുന്ന ബെൽറ്റ് ലൈനും ക്രിസ്പ് ലൈനുമാണ് വശത്തെ ബോൾഡ് ആക്കുന്നത്. അലോയി വീലും പുതിയ ഡിസൈനിലാണ് ഒരുങ്ങിയിട്ടുള്ളത്. പ്രീമിയം ഭാവമാണ് പിൻവശത്തിനുള്ളത്. ബോഡിലിയും ടെയ്ൽഗേറ്റിലുമായി നൽകിയിട്ടുള്ള ടെയ്ൽലാമ്പ്, ബൂട്ടിലെ സ്‌കോഡ ബാഡ്ജിങ്ങ്, ക്രോമിയം ലൈനും ബ്ലാക്ക് ആക്സെന്റും നൽകിയുള്ള ബമ്പർ എന്നിവയാണ് പിൻവശത്തിന് പ്രീമിയം ഭാവം ഒരുക്കുന്നത്.

സ്‌കോഡയുടെ മിഡ്-സൈസ് എസ്.യു.വിയായ കുഷാക്കിന് അടിസ്ഥാനമായ MQB AO IN പ്ലാറ്റ്ഫോമിലായിരിക്കും സ്ലാവിയയും എത്തുകയെന്നാണ് സൂചന. ഇന്ത്യയിലെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി സ്‌കോഡ-ഫോക്സ്വാഗൺ ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഇന്ത്യ പ്രൊജക്ട് 2.0-യുടെ കീഴിൽ അവതരിപ്പിക്കുന്ന മൂന്നാമത്തെ മോഡലായിരിക്കും സ്ലാവിയ എന്നാണ് വിലയിരുത്തലുകൾ.

Related Tags :
Similar Posts