ഒന്നല്ല, രണ്ടല്ല... സമ്മാനമായി നൽകിയത് 50 കാറുകൾ; ബമ്പറടിച്ച് ജീവനക്കാർ
|ദീർഘകാലമായുള്ള ജീവനക്കാർക്ക് 33 ശതമാനം ഓഹരി നൽകാൻ തീരുമാനിച്ചിട്ടുണ്ട്
കമ്പനിയുടെ വളർച്ചയിൽ മുതൽകൂട്ടായ ജീവനക്കാർക്ക് വാഹനം സമ്മാനമായി നൽകുന്നത് പതിവ് സംഭവമാണ്. സാധാരണ കാറുകൾ മുതൽ ആഡംബര വാഹനങ്ങൾ വരെ ഇത്തരത്തിൽ സമ്മാനിക്കാറുണ്ട്.
എന്നാൽ, ചെന്നൈ ആസ്ഥാനമായുള്ള ഐടി കമ്പനിയിലെ 50 ജീവനക്കാർക്ക് ഒരുമിച്ച് കാർ സമ്മാനിച്ച് അതിശയിപ്പിക്കുകയാണ് ഒരു ഉടമ. ഐഡിയാസ് 2ഐടി ടെക്നോളജി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉടമ മുരളിയാണ് തന്റെ പ്രിയപ്പെട്ട ജീവനക്കാർക്ക് വാഹനങ്ങൾ സമ്മാനിച്ചത്.
കമ്പനിയുടെ തുടക്കം മുതൽ ധാരാളം ജീവനക്കാർ ഒപ്പം നിന്നിട്ടുണ്ടെന്നും അവരുടെ പിന്തുണക്ക് എന്തെങ്കിലും തിരിച്ചുനൽകണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും മുരളി പറഞ്ഞു. 2009ലാണ് ഭാര്യയോടൊപ്പം ചേർന്ന് ഇദ്ദേഹം സ്ഥാപനം ആരംഭിക്കുന്നത്.
‘ഞാനും ഭാര്യയുമായിരുന്നു കമ്പനിയുടെ മുഴുവൻ ഓഹരിയും സ്വന്തമാക്കിയിരുന്നത്. എന്നാൽ, ദീർഘകാലമായുള്ള ജീവനക്കാർക്ക് 33 ശതമാനം ഓഹരി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ വരുമാനം പങ്കിടാനും തീരുമാനിച്ചു, അതിന്റെ ഭാഗമായാണ് കാറുകൾ സമ്മാനിച്ചത്’ -മുരളി പറഞ്ഞു.
വാഹനം സമ്മാനമായി ലഭിച്ചവരിൽ പലരും ജീവിതത്തിൽ ആദ്യമായാണ് കാർ സ്വന്തമാക്കുന്നത്. ഇതിൽ പലരും ചെറുപ്പക്കാരാണ്. കഴിഞ്ഞവർഷം 100 കാറുകൾ ഇത്തരത്തിൽ നൽകിയിരുന്നെന്നും മുരളി കൂട്ടിച്ചേർത്തു. മാരുതിയുടെ വിവിധ മോഡലുകളായ ബലേനോ, ഇഗ്‌നിസ്, ഫ്രോങ്‌സ്, ഗ്രാൻഡ് വിറ്റാര, സ്വിഫ്റ്റ്, ബ്രെസ്സ, എർട്ടിഗ തുടങ്ങിയ കാറുകളാണ് ഇത്തവണ സമ്മാനിച്ചത്.