'ബുക്ക് ചെയ്താൽ കാത്തിരിക്കേണ്ടത് 4 വർഷം,വാഹനം മറ്റൊരാൾക്ക് വിൽക്കാൻ പാടില്ല';വ്യത്യസ്തനാണ് ലാൻഡ് ക്രൂസർ
|ടൊയോട്ടയുടെ ജന്മനാടായ ജപ്പാനിലാണ് ലാൻഡ് ക്രൂസറിന് ഇത്രയധികം കാത്തിരിപ്പ് സമയം
ബുക്ക് ചെയ്താൽ വാഹനം ലഭിക്കാൻ കാത്തിരിക്കേണ്ടത് 4 വർഷം. വാഹനം ബുക്ക് ചെയ്താൽ അടുത്ത ദിവസം ഡെലിവറി ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ ഇടയിൽ വ്യത്യസ്തരാകുകയാണ് ലാൻഡ് ക്രൂസർ ഉപഭോക്താക്കൾ. ടൊയോട്ടയുടെ ജന്മനാടായ ജപ്പാനിലാണ് ലാൻഡ് ക്രൂസറിന് ഇത്രയധികം കാത്തിരിപ്പ് സമയം.
വാഹനത്തിന് ജപ്പാനിൽ ലഭിച്ച ജനപ്രീതി തന്നെയാണ് ഇതിന് കാരണം. നിലവിലെ ബുക്കിങ് കണക്കുകൾ വച്ച് വാഹനം കൊടുത്തു തീർക്കാൻ 4 വർഷമെങ്കിലും വേണ്ടിവരുമെന്നും കാത്തിരിപ്പ് സമയം കുറയ്ക്കാനുള്ള പരിശ്രമത്തിലാണ് കമ്പനിയെന്നും ടൊയോട്ട അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് പുതിയ ലാൻഡ് ക്രൂസർ വിപണിയിലെത്തിയത്. കാത്തിരിപ്പ് പരിധി മാത്രമല്ല എൽസി 300 എന്നു പേരിട്ടിരിക്കുന്ന ഈ വാഹനം വാങ്ങുന്നവർക്ക് നൽകുന്ന കരാറിൽ വിചിത്രമായ ഒരു ഭാഗം ടൊയോട്ട കൂട്ടിച്ചേർത്തിട്ടുണ്ട്.
വാഹനം വാങ്ങുന്നവർക്ക് നിശ്ചിതകാലത്തേക്ക് വിൽക്കാൻ പാടില്ലെന്നതാണ് ടൊയോട്ടയുടെ നിബന്ധന. നിലവിൽ ജപ്പാനിൽ മാത്രമാണ് ഇത്തരത്തിലൊരു നിബന്ധനയുള്ളത് എന്നാണ് റിപ്പോർട്ടുകൾ. എത്ര ബുദ്ധിമുട്ടേറിയ കാടും മേടും ഒരുപോലെ മറികടക്കാൻ കഴിയുന്ന വാഹനങ്ങളാണ് ടൊയോട്ടയുടെ ലാൻഡ് ക്രൂസർ ശ്രേണിയിലുള്ളത്. സുരക്ഷയുടെ കാര്യത്തിലായാലും സൗകര്യത്തിന്റെ കാര്യത്തിലായാലുമുള്ള മേൽക്കോയ്മ ലാൻഡ് ക്രൂസറെ വ്യത്യസ്തമാക്കുന്നു.
പെട്രോൾ, ഡീസൽ എൻജിനുകളുമായാണ് പുതിയ ലാൻഡ് ക്രൂസർ വിപണിയിലെത്തിയത്. പെട്രോൾ മോഡലിന് 3.5 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് എൻജിനും ഡീസലിന് 3.3 ലീറ്റർ ടർബോ ചാർജ്ഡ് എൻജിനുമാണുള്ളത്. ഫോർ വീൽ ഡ്രൈവ് സപ്പോർട്ട് ചെയ്യുന്ന 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് രണ്ട് എഞ്ചിനുമുള്ളത്. വിലയിൽ കുറവുള്ള വി6 പെട്രോൾ എൻജിനുള്ള മോഡലും വൈകാതെ വിപണിയിലെത്തുമെന്ന് ടൊയോട്ട അറിയിച്ചിട്ടുണ്ട്. കറുപ്പും ഇളം തവിട്ടു നിറവുമാണ് ഉൾഭാഗത്തിന് നൽകിയിരിക്കുന്നത്. ലൈൻ കീപ്പ് അസിസ്റ്റ്, ക്രാഷ് അവോയ്ഡൻസ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, അഡാപ്റ്റീവ് ഹൈ ബീം തുടങ്ങിയ ആധുനിക ഫീച്ചറുകളും ടൊയോട്ട വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.