കാത്തിരിപ്പ് അവസാനിച്ചു; ഇന്നോവ ഹൈക്രോസ് ഇന്ത്യയിലേക്ക്
|ഹൈക്രോസിന്റെ ഏറ്റവും പുതിയ ടീസർ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് കമ്പനി
ഇന്നോവ ഹൈക്രോസിന്റെ രണ്ടാം ടീസർ പുറത്തിറക്കി ടൊയോട്ട. ഇന്തോനേഷ്യയിൽ ആഗോളതലത്തിൽ അവതരിപ്പിക്കുന്ന ഇന്നോവ ഹൈക്രോസ് 2022 നവംബർ 25ന് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും.
ഇതിന് മുന്നോടിയായി ഇന്നോവ ഹൈക്രോസിന്റെ ഏറ്റവും പുതിയ ടീസർ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. എന്നാൽ, ഹൈക്രോസിന്റെ ശരിയായ അവതാരം കാണാൻ ഒരല്പം കൂടിന്റെ കാത്തിരിക്കേണ്ടി വരും. ചിത്രത്തിൽ കാറിന്റെ സൈഡ് പ്രൊഫൈൽ മാത്രമാണ് ഭാഗികമായി വെളിപ്പെടുത്തിയിരിക്കുന്നത്. കാറിന്റെ ക്യാരക്ടർ ലൈനുകൾ ചിത്രത്തിൽ എടുത്ത് കാണിക്കുന്നുണ്ട്.
നേരത്തെ, ട്രപസോയ്ഡൽ ഗ്രില്ലും സ്ലീക്ക് എൽഇഡി ഹെഡ്‌ലാമ്പുകളും ഫീച്ചർ ചെയ്യുന്ന എംപിവി സെഗ്മെന്റിന്റെ ഫ്രണ്ട് ഫാസിയ ടൊയോട്ട വെളിപ്പെടുത്തിയിരുന്നു. കൊറോള ക്രോസ് എസ്‌യുവിയിൽ കാണുന്നതുപോലെയുള്ള ഗ്രില്ലായിരിക്കും ഹൈക്രോസിലും ഉണ്ടായിരിക്കുക എന്നതാണ് ഇതിൽ നിന്നും ലഭിക്കുന്ന സൂചന. കൂടാതെ, ബോണറ്റിലെ ശക്തമായ ക്രീസുകൾ, ഫോഗ് ലാമ്പുകൾക്കുള്ള ബമ്പറിൽ ത്രികോണാകൃതിയിലുള്ള ഹൗസുകൾ എന്നിവയും ഹൈക്രോസിന്റെ പ്രത്യേകതയാണ്.
അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) വാഗ്ദാനം ചെയ്യുന്ന ടൊയോട്ടയുടെ ഇന്ത്യയിലെ ആദ്യത്തെ മോഡലായിരിക്കും ഇന്നോവ ഹൈക്രോസ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 'സേഫ്റ്റി സെൻസ്' പാക്കേജിന്റെ ഭാഗമായി ലെയ്ൻ കീപ്പ് അസിസ്റ്റ്, ഓട്ടോ ഹൈ-ബീം അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഫോർവേഡ് കൂട്ടിയിടി ഒഴിവാക്കൽ, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, റോഡ് സൈൻ അലേർട്ടുകൾ തുടങ്ങിയ ഫീച്ചറുകളും കാറിലുണ്ടാകുമെന്നാണ് സൂചന.