അപ്രതീക്ഷിതം; ടിവിഎസ് എൻടോർക്ക് 125 എക്‌സ്ടിക്ക് വില കുറച്ചു
|ഈ മോഡൽ എതിർ കമ്പനിയുടെ മോഡലുകളേക്കാൾ ചിലവേറിയതും എൻടോർക്ക് 125 റൈസ് എക്‌സ്പി വേർഷനേക്കാൾ 13,612 രൂപ കൂടുതലുള്ളതുമായിരുന്നു
അപ്രതീക്ഷിത നടപടിയിലൂടെ ടിവിഎസ് എൻടോർക്ക് 125 എക്‌സ് ടിക്ക് വില കുറച്ചു. 5762 രൂപയാണ് പുതിയ വേർഷനിലുള്ള സ്‌കൂട്ടറിന് കുറച്ചിരിക്കുന്നത്. ഇതോടെ 97,061 രൂപക്ക് (ഡൽഹി, എക്‌സ് ഷോ റൂം) വാഹനം ലഭിക്കും. കഴിഞ്ഞ മേയിൽ സ്‌കൂട്ടർ ലോഞ്ച് ചെയ്യുമ്പോൾ 1.03 ലക്ഷമായിരുന്നു വില. ഈ മോഡൽ എതിർ കമ്പനിയുടെ മോഡലുകളേക്കാൾ ചിലവേറിയതും എൻടോർക്ക് 125 റൈസ് എക്‌സ്പി വേർഷനേക്കാൾ 13,612 രൂപ കൂടുതലുള്ളതുമായിരുന്നു. വില കുറച്ചത് ഈ മോഡൽ വാങ്ങുന്നത് കുറച്ചു കൂടി എളുപ്പമാക്കിയെങ്കിലും 125 സിസിയുള്ള വാഹനവിപണിയിൽ സ്‌കൂട്ടർ ഇപ്പോഴും വിലയേറിയ ഗണത്തിൽ തന്നെയാണ്. എൻടോർക്ക് 125എക്‌സ്ടിക്ക് മാത്രമാണ് വിലയിൽ മാറ്റമുള്ളത്. എൻടോർക്ക് ഫാമിലിയിലെ മറ്റു വാഹനവിലയിൽ മാറ്റമില്ല.
മെക്കാനിക്കൽ ഭാഗത്ത് വലിയ മാറ്റമില്ലാതെ ഭംഗിയിലും ഫീച്ചറുകളിലും പുതുമകളുമായാണ് ടിവിഎസ് എൻടോർക്ക് 125 എക്‌സ് ടി പുറത്തിറക്കിയത്. കളേർഡ് ടിഎഫ്ടി, എൽസിഡി കൺസോളോടെ ഹൈബ്രിഡ്എ സ്മാർട്ട്എക്‌സോന്നെക്ട് സിസ്റ്റമാണ് സ്‌കൂട്ടറിനുള്ളത്. വോയിസ് അസിസ്റ്റ് ഫീച്ചർ അടക്കം 60 ഹൈടെക് സവിശേഷതകൾ വാഹനത്തിലുണ്ട്. ടിവിഎസ് ഇൻറലിഗോ സാങ്കേതിക വിദ്യയും മികച്ച സ്റ്റാർട്ട്- സ്‌റ്റോപ്പ് ഫങ്ഷനും ഭാരം കുറഞ്ഞതും സ്‌പോർട്ടിയറുമായ അലോയ് വീലുകളും ഈ മോഡലിന്റെ പ്രത്യേകതയാണ്.
ടിവിഎസ് എൻടോർക്ക് 125 റൈസ് എക്‌സ്പിക്ക് 89,211 രൂപയാണ് (ഡൽഹി എക്‌സ് ഷോറൂം) വില. എന്നാൽ ടിവിഎസ് ഗിയർലെസ് സ്‌കൂട്ടർ നിരയിലെ ഗ്ലാമർ താരമാണ് എൻടോർക്ക്-125. ഘനഗംഭീരമായ ശബ്ദവും സ്പോർട്ടി ലുക്കും ഫീച്ചർ ലോഡഡായ മീറ്റർ കൺസോളും എൻടോർക്കിനെ വ്യത്യസ്തനാക്കുന്നു. സാധാരണ നിറങ്ങളിൽ നിന്ന് വ്യത്യസ്തമായി സൂപ്പർ ഹീറോ തീമുകളിലുള്ള നിറങ്ങളും ടിവിഎസ് എൻടോർക്കിനുണ്ട്. ഇതുവരെ അയൺമാൻ, ബ്ലാക്ക് പാന്തർ, ക്യാപ്റ്റൻ അമേരിക്ക എന്നീ സൂപ്പർ ഹീറോ തീമുകളാണ് വാഹനത്തിന് ആദ്യം ലഭ്യമായിരുന്നത്. രണ്ട് തീമുകൾ കൂടി പിന്നീട് ആ നിരയിലേക്ക് കൂട്ടിച്ചേർത്തിരുന്നു. തീയറ്ററുകളിൽ നിറഞ്ഞോടുന്ന സാക്ഷാൽ സ്പൈഡർമാൻ തീം കൂടാതെ തോർ എന്നിവരുടെ തീമുകളാണ് കൂട്ടിച്ചേർത്തിരുന്നത്.
സ്പൈഡർമാനെ അടിസ്ഥാനമാക്കി ഇറക്കിയ മോഡലിന് നീല, ചുവപ്പ് നിറങ്ങളും സ്പൈഡർമാൻ സ്റ്റിക്കറുകളും നൽകിയിട്ടുണ്ട്. തോർ വേർഷന് നൽകിയിരിക്കുന്ന കറുപ്പ, സിൽവർ നിറങ്ങളാണ്. തോറിന്റെ ചുറ്റികയുടെ ചിത്രവും നൽകിയിട്ടുണ്ട്. ബോഡിയിൽ മാത്രമല്ല മീറ്റർ കൺസോളിലും അവർ സ്പൈഡർമാനെയും തോറിനെയും ആവാഹിച്ചിട്ടുണ്ട്. സ്പൈഡർമാൻ എഡിഷന്റെ മീറ്റർ ഓണാകുമ്പോൾ സ്പൈഡർമാൻ ലോഗോയും തോറിന്റെ എഡിഷൻ ഓൺ ചെയ്യുമ്പോൾ തോറിന്റെ ചുറ്റികയും തെളിഞ്ഞുവരും.
അതേസമയം സൂപ്പർ ഹീറോ എഡിഷനുകളുടെ എഞ്ചിനുകളിൽ സൂപ്പർ പവറുകളൊന്നും അധികമായി നൽകിയിട്ടില്ല. സാധാരണ എൻടോർക്കുകളെ പോലെ 9.4 എച്ച്പി പവറും 10.5 എൻഎം ടോർക്കും തരുന്ന 124.8 സിസി 3 വാൽവ് എഞ്ചിൻ തന്നെയാണ് ഈ എഡിഷനുകളുടെയും കരുത്ത്. 84,850 രൂപയാണ് സൂപ്പർ ഹീറോ എഡിഷനുകളുടെ എക്സ് ഷോറൂം വില.
TVS NTorq 125 XT Gets A Price Cut