ബലേനോ മുഖം മിനുക്കിയാൽ ഗ്ലാൻസക്ക് മാറി നിൽക്കാൻ സാധിക്കുമോ?- പുതിയ ഗ്ലാൻസയുടെ ചിത്രങ്ങൾ പുറത്ത്
|വാറന്റിയുടെ കാര്യത്തിൽ ടൊയോട്ട കഴിഞ്ഞ പ്രാവശ്യത്തെ പോലെ മാരുതിയെ തോൽപ്പിക്കാനാണ് സാധ്യത.
മാരുതി സുസുക്കി ബലേനോ പുതുക്കിയാൽ പിന്നെ ബലേനോയുടെ ടൊയോട്ട രൂപമായ ഗ്ലാൻസക്ക് മാറാതിരിക്കാൻ സാധിക്കുമോ-പുതുപുത്തൻ ടൊയോട്ട ഗ്ലാൻസ അടുത്തു തന്നെ അവതരിപ്പിക്കുമെന്നാണ് ടൊയോട്ട അറിയിച്ചിരിക്കുന്നത്. പുതിയ ഗ്ലാൻസുടെ രണ്ട് ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഗ്ലാൻസയുടെ പഴയ മോഡലിൽ സ്വീകരിച്ച അതേ സ്ട്രാറ്റജി തന്നെയാണ് പുതിയ മോഡലിലും ടൊയോട്ട സ്വീകരിച്ചിരിക്കുന്നത് എന്നുവേണം പുറത്തുവന്ന ചിത്രങ്ങളിൽ നിന്ന് മനസിലാക്കുന്നത്. ബലേനോയുടെ ഡിസൈനിൽ ചെറിയ മാറ്റങ്ങൾ വരുത്തി ഗ്ലാൻസയാക്കുക എന്നതാണ് ഇപ്രാവശ്യവും അവർ ഉപയോഗിച്ചിരിക്കുന്ന ഡിസൈൻ മികവ്. അതുകൊണ്ടു തന്നെ ഇത്തവണ പിന്നിലെ ബംബറിലും മുന്നിലെ ഗ്രില്ലിലും അവർ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
വാഹനത്തിന്റെ ഇന്റീരിയറിലേക്ക് വന്നാലും കളർ തീമുകളിൽ ചെറിയ മാറ്റങ്ങൾ മാത്രമുണ്ടാകാനാണ് സാധ്യത. പുതിയ ബലേനോയിലെ എല്ലാ ഫീച്ചറുകളും ഗ്ലാൻസയിലുമുണ്ടാകും. അതിൽ ഹെഡ് അപ്പ് ഡിസ്‌പ്ലെയും 360 ഡിഗ്രി ക്യാമറയുമെല്ലാം ഉൾപ്പെടും. അതേസമയം വാറന്റിയുടെ കാര്യത്തിൽ ടൊയോട്ട കഴിഞ്ഞ പ്രാവശ്യത്തെ പോലെ മാരുതിയെ തോൽപ്പിക്കാനാണ് സാധ്യത. കൂടുതൽ കാലാവധിയുള്ള വാറന്റി പ്രതീക്ഷിക്കുന്നുണ്ട്.
ബലേനോയിലെ 1.2 ലിറ്റർ എഞ്ചിൻ തന്നെയായിരിക്കും ഗ്ലാൻസയ്ക്കും കരുത്ത് പകരുക. എന്നാൽ ബലേനോയിലെ മിൽഡ് ഹൈബ്രിഡ് എഞ്ചിൻ ഗ്ലാൻസിയിലുണ്ടാകില്ല.
ബലേനോയേക്കാളും അൽപ്പം ഉയർന്ന വിലയായിരിക്കും ഗ്ലാൻസയ്ക്ക്.