കമ്മലിട്ടവൾ പോയാൽ കടുക്കനിട്ടവൾ വരും; വോക്സ്വാഗൺ പോളോ പോയപ്പോൾ വിർച്വസ് എത്തി
|ഏഴ് വർഷം വരെ വാഹനത്തിന് കമ്പനി വാറന്റി നൽകുന്നുണ്ട്. വിവിധ സർവീസ് പാക്കുകളിലൂടെ സർവീസ് കോസ്റ്റ് പ്രതിവർഷം 5,000 രൂപയിലേക്ക് വരെ കുറക്കാനും സാധിക്കും.
കുറച്ചു മാസങ്ങൾക്ക് മുമ്പ് ആരാധകരുടെ ഹൃദയം തകർത്തുകൊണ്ടാണ് വോക്സ് വാഗൺ പോളോ ഇന്ത്യൻ നിരത്തൊഴിഞ്ഞത്. ഇനിയില്ലെന്ന് വോക്സ്വാഗൺ ഉറപ്പിച്ചു പറഞ്ഞിട്ടും ചിലരെങ്കിലും ആ തിരിച്ചുവരവ് കാത്തിരുന്നിരുന്നു. ആ പ്രതീക്ഷകൾക്കെല്ലാം വിരാമമിട്ടുകൊണ്ട് വോക്സ്വാഗൺ അവതരിപ്പിച്ച മോഡലാണ് വിർച്വസ്. പോളോ എന്ന ഹാച്ച്ബാക്കിന് പകരം വന്നത് വിർച്വസ് എന്ന സെഡാൻ മോഡലായിരുന്നു. നേരത്തെ തന്നെ ചിത്രങ്ങളെല്ലാം പുറത്തുവന്നിരുന്നെങ്കിലും ഇന്നാണ് വോക്സ്വാഗൺ വിർച്വസ് ഔദ്യോഗികമായി ഇന്ത്യൻ മാർക്കറ്റിൽ പുറത്തിറങ്ങിയത്.
115 എച്ച്പി പവറും 178 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.0 ലിറ്റർ 3- സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനൊപ്പം 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക്ക് എന്നീ ഗിയർബോക്സ് കോമ്പനീഷനുകളിൽ വിർച്വസ് ലഭ്യമാകും. കൂടാതെ കൂടുതൽ പെർഫോമൻസുള്ള 1.5 ലിറ്റർ ടിഎസ്ഐ 4 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനും ലഭ്യമാണ്. 150 എച്ച്പി പവറും 250 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഈ എഞ്ചിനൊപ്പം വോക്സ്വാഗണിന്റെ ഐതിഹാസികമായ 7 സ്പീഡ് സിസിറ്റി ഗിയർബോക്സും ലഭ്യമാകും. കൂടാതെ ഇന്ധനക്ഷമത വർധിപ്പിക്കാൻ സിലിണ്ടർ ഡീ ആക്ടിവേഷൻ സാങ്കേതികവിദ്യയും ഈ വേർഷനിൽ ലഭ്യമാണ്.
വോക്സ് വാഗൺ ഗ്രൂപ്പിന്റെ തന്നെ സ്കോഡ അടുത്തിടെ പുറത്തിറക്കിയ സ്കോഡ സ്ലാവിയയുടെ അതേ പ്ലാറ്റ്ഫോമിൽ തന്നെയാണ് വിർച്വസും വരുന്നത്. അതുകൊണ്ട് തന്നെ അളവുകളെല്ലാം ഇരുവാഹനങ്ങൾക്കും ഒരുപോലെ തന്നെയാണ്. പക്ഷേ ഡിസൈനിൽ ഇരുവാഹനങ്ങളും തമ്മിൽ ഒറ്റനോട്ടത്തിൽ കാര്യമായ ബന്ധങ്ങളൊന്നുമില്ല. പോളോയോട് സാദൃശ്യം തോന്നുന്നതാണ് മുൻഭാഗം. പിറകിലേക്കും വന്നാലും തീർത്തും പുതിയൊരു ഡിസൈൻ രീതിയാണ് വോക്സ് വാഗൺ പിന്തുടർന്നിരിക്കുന്നത്.
1.0 ലിറ്റർ എഞ്ചിനുള്ള മോഡലിന്റെ ഇന്റീരിയർ നിറം ബീജ്-ബ്ലാക്ക് നിറവും 1.5 ലിറ്ററിന് ചുവപ്പ് സ്റ്റിച്ചിങുമാണ് നൽകിയിരിക്കുന്നത്. ഉയർന്ന വേരിയന്റുകളിൽ 10 ഇഞ്ച് സ്ക്രീനോട് കൂടിയ ഇൻഫോർടെയ്ൻമെന്റ് സിസ്റ്റവും 8.0 ഇഞ്ച് സ്ക്രീനോട് കൂടിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉൾപ്പെടുത്തിയിട്ടുണ്ട്. വയർലെസ് ഫോൺ ചാർജിങ്, നിരവധി കണക്ടിവിറ്റി സാങ്കേതികവിദ്യകൾ, വെന്റിലേറ്റഡ് സീറ്റുകൾ, സൺറൂഫ്, കൂൾഡ് ഗ്ലവ് ബോക്സ്, ഓട്ടോ ഹെഡ് ലാമ്പ്, ഓട്ടോ വൈപ്പറുകൾ എന്നിങ്ങനെ ഫീച്ചറുകളാൽ സമൃദ്ധമാണ് വിർച്വസിന്റെ ഇന്റീരിയർ. സുരക്ഷയിലേക്ക് വരുമ്പോൾ ഉയർന്ന വേരിയന്റുകളിൽ ആറ് എയർബാഗുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ വിവിധ വേരിയന്റുകളിൽ ഹിൽ ഹോൾഡ് കൺട്രോൾ, ഇഎസ്സി, ടിപിഎംഎസ് എന്നിവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. 521 ലിറ്റർ ബൂട്ട് ശേഷിയുണ്ട് പുതിയ വിർച്വസിന്.
ഏഴ് വർഷം വരെ വാഹനത്തിന് കമ്പനി വാറന്റി നൽകുന്നുണ്ട്. വിവിധ സർവീസ് പാക്കുകളിലൂടെ സർവീസ് കോസ്റ്റ് പ്രതിവർഷം 5,000 രൂപയിലേക്ക് വരെ കുറക്കാനും സാധിക്കും.
വിർച്വസിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 11.21 ലക്ഷത്തിനാണ് (കംഫേർട്ട് ലൈൻ എംടി). ഹൈലൈൻ - 12.97 ലക്ഷം (1.0 ടിഎസ്ഐ എംടി), 14.27 ലക്ഷം (1.0 ടിഎസ്ഐ എടി). ടോപ് ലൈൻ- 14.41 ലക്ഷം (1.0 ടിഎസ്ഐ എംടി), 15.71 ലക്ഷം (1.0 ടിഎസ്ഐ എടി). ജിടി (1.0 ടിഎസ്ഐ ഡിഎസ്ജി). എന്നിങ്ങനെയാണ് വിവിധ വേരിയന്റുകളുടെ വില.
Summary: Volkswagen Virtus launched in India at Rs 11.21 lakh