Auto
നൊസ്റ്റാൾജിയ തിരികെ വരുന്നു; വോക്‌സ് വാഗൺ ഐഡി ബസിന്റെ പുതിയ പതിപ്പ് വരുന്നു
Auto

'നൊസ്റ്റാൾജിയ' തിരികെ വരുന്നു; വോക്‌സ് വാഗൺ ഐഡി ബസിന്റെ പുതിയ പതിപ്പ് വരുന്നു

Web Desk
|
10 March 2022 12:23 PM GMT

എതിരെ വരുന്ന വാഹനത്തിന്റെ പ്രകാശം സെൻസ് ചെയ്തു ഓട്ടോമാറ്റിക്കായി ഡിം ചെയ്യുന്ന ഹെഡ് ലൈറ്റ്, ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം, ട്രാവൽ അസിസ്റ്റ് തുടങ്ങി നിരവധി സവിശേഷതകൾ വാഹനത്തിൽ പ്രതീക്ഷിക്കുന്നുണ്ട്.

ഓർമയില്ലേ വോക്‌സ് വാഗണിന്റെ ബസ് എന്നും ടൈപ്പ്-2 എന്നും വിളിക്കപ്പെട്ട 2000 ത്തിന് മുമ്പ് വരെ ഇന്ത്യൻ നിരത്തിലടക്കം നമ്മുടെ ഹൃദയം കീഴടക്കിയ ആ വാൻ. ഇന്നും പല വാഹനപ്രേമികൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന വാഹനങ്ങളിലൊന്നാണ് ഈ റെട്രോ മോഡൽ.

വോക്‌സ് വാഗൺ ടൈപ്പ്-2 തിരിച്ചുവന്നാൽ എങ്ങനെയുണ്ടാകും? അത്തരത്തിലൊരു തീരുമാനത്തിലേക്ക് കടന്നിരിക്കുകയാണ് വോക്‌സ് വാഗൺ. ഐഡി ബസ് എന്ന് പേരിട്ടിരിക്കുന്ന ഈ എംപിവി പൂർണമായും ഇലക്ട്രിക് വേർഷനിലാണ് പുറത്തിറങ്ങുന്നത്. 2017 ലാണ് ആദ്യമായി ഈ വാഹനത്തിന്റെ പ്രോട്ടോടൈപ്പ് വേർഷൻ വോക്‌സ് വാഗൺ പുറത്തുവിട്ടത്.

ആദ്യം സിംഗിൾ മോട്ടോർ വേർഷനാണ് കമ്പനി പുറത്തുവിട്ടതെങ്കിലും ഇപ്പോൾ ഇരട്ട മോട്ടോർ വേരിയന്റായിരിക്കും പുറത്തുവരിക എന്നാണ് വോക്‌സ് വാഗൺ അറിയിച്ചിരിക്കുന്നത്. കൂടാതെ ഫോർ വീൽ ഡ്രൈവും 2023 ൽ പുറത്തിറങ്ങുന്ന ഐഡി ബസിലുണ്ടാകും. അഞ്ച്/ഏഴ് സീറ്റ് വേരിയന്റുകളിൽ ലഭിക്കുന്ന ഈ എംപിവിക്ക് ക്യാംപിങ് സജീകരണങ്ങളുമുണ്ടാകും. അതിന്റെ ഭാഗമായി സ്ലൈഡിങ് ഡോറുകളും മേൽക്കൂര പോലെ പ്രവർത്തിക്കുന്ന ഹാച്ച് ഡോറും വാഹനത്തിലുണ്ടാകും.

എതിരെ വരുന്ന വാഹനത്തിന്റെ പ്രകാശം സെൻസ് ചെയ്തു ഓട്ടോമാറ്റിക്കായി ഡിം ചെയ്യുന്ന ഹെഡ് ലൈറ്റ്, 20 ഇഞ്ച് ടയറുകൾ, 2,988 എംഎം വീൽബേസ്, ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം, ട്രാവൽ അസിസ്റ്റ് തുടങ്ങി നിരവധി സവിശേഷതകൾ വാഹനത്തിൽ പ്രതീക്ഷിക്കുന്നുണ്ട്.

77 കെ.ഡബ്ലു.എച്ചാണ് വാഹനത്തിന്റെ ബാറ്ററി ശേഷി. വാഹനത്തിന്റെ റേഞ്ച് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല എന്നിരുന്നാലും 400 കിലോമീറ്റർ വരെ റേഞ്ച് കിട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

2023 അവസാനമോ 2024 ആദ്യമോ അമേരിക്കൻ വിപണിയിൽ വാഹനം ലഭ്യമാകും. എന്നാൽ ഇന്ത്യയിൽ ഇപ്പോൾ വോക്‌സ് വാഗണിന്റെ സ്ട്രാറ്റജിയിൽ ഇന്ത്യ 2.0യിൽ ഐഡി ബസ് ഉൾപ്പെടുന്നില്ല. എന്നിരുന്നാലും 2024 ന് ശേഷം ഇത്രയും പെട്ടെന്ന് തന്നെ ഇന്ത്യയിലും ഈ വാഹനം അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related Tags :
Similar Posts