വോക്‌സ് വാഗൺ പോളോ തിരികെ വരുന്നു; പക്ഷേ ഒരു ട്വിസ്റ്റുണ്ട്
|പുതിയ തലമുറ പോളോ നേരത്തെ തന്നെ ആഗോള വിപണിയിൽ വോക്‌സ് വാഗൺ അവതരിപ്പിച്ചിരുന്നു.
വോക്‌സ് വാഗൺ പോളോ- ഒരു വികാരം പോലെ ഇന്ത്യൻ കാർ പ്രേമികൾ കൊണ്ടുനടക്കുന്ന പേരും ബ്രാൻഡും. അങ്ങനെയിരിക്കേ ആരാധകരുടെ നെഞ്ചിൽ ഇടിത്തീ പോലെയായിരുന്നു ആ തീരുമാനം വന്നത്. പോളോ ഇന്ത്യയിലെ ഉത്പാദനം നിർത്തുന്നു. നിരവധി ആരാധകർ വോക്‌സ് വാഗണിന്റെ സമൂഹ മാധ്യമ പ്രൊഫൈലുകളിൽ പോളോയുടെ ഇന്ത്യയിലെ ഉത്പാദനം നിർത്തരുതെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു. എന്നാൽ പ്രതിമാസം കേവലം ആയിരത്തിൽ താഴെ മാത്രം വിൽക്കുന്ന ഒരു മോഡലിന് വേണ്ടി ഒരു പ്ലാറ്റ് ഫോം നിലനിർത്തുക എന്നത് വോക്‌സ് വാഗണ് അത്ര ലാഭകരമാകില്ലായിരുന്നു. അതുകൊണ്ട് തന്നെയാണ് ഇത്ര കടുത്ത തീരുമാനത്തിലേക്ക് അവർ നീങ്ങിയത്.
കാര്യങ്ങൾ അങ്ങനെയൊക്കെയാണെങ്കിലും ഡൈ ഹാർഡ് പോളോ ഫാൻസിന് ആശ്വസിക്കാൻ വക വരുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പുതിയ തലമുറ പോളോ നേരത്തെ തന്നെ ആഗോള വിപണിയിൽ വോക്‌സ് വാഗൺ അവതരിപ്പിച്ചിരുന്നു. ആ മോഡൽ പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമെന്നാണ് (CBU Unit ) ഇപ്പോൾ വോക്‌സ് വാഗൺ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
2,500 പുതിയ തലമുറ പോളോകൾ ഇറക്കുമതി ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പക്ഷേ അതിൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഉയർന്ന വിലയായിരിക്കും. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനാൽ വില 20 മുതൽ 25 ലക്ഷം വരെയാകുമെന്നാണ് കരുതുന്നത്. 25 ലക്ഷം രൂപയ്ക്ക് ഒരു എൻട്രി ലെവൽ (വോക്‌സ് വാഗണിന്റെ) ഹാച്ച് ബാക്ക് വാങ്ങുക എന്നത് ഡൈ ഹാർഡ് ഫാൻസിന് മാത്രമേ ദഹിക്കൂ എന്നാണ് കരുതുന്നത്.
. 2.5 ലക്ഷം പോളോയാണ് ഇതുവരെ ഇന്ത്യക്കാരുടെ കൈകളിലെത്തിയത്. പോളോയുടെ ഇന്ത്യയിലെ ഉത്പാദനം നിർത്താൻ ഫോക്സ് വാഗണിനെ പ്രേരിപ്പിച്ചതിൽ പ്രധാനഘടകവും നിലവിലെ വിൽപ്പന കുറവാണ്.
ഇന്ത്യയിലെ ഉത്പാദനം പ്ലാനുകൾ മാറ്റിയതിന്റെ ഭാഗമായി പൂർണമായും പുതിയ പ്ലാറ്റ്ഫോമിലാണ് ഫോക്സ് വാഗൺ ഇന്ത്യക്ക് വേണ്ടി കാറുകൾ നിർമിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ടൈഗുണാണ് ഈ മാറ്റത്തിന് തുടക്കമിട്ടത്. എംക്യുബി എന്നാണ് പുതിയ പ്ലാറ്റ്ഫോമിന്റെ പേര്. ഫോക്സ് വാഗൺ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്‌കോഡയും ഇതേ പ്ലാറ്റ്ഫോമിൽ കുഷാഖ് എന്നൊരു മോഡൽ അവതരിപ്പിച്ചിരുന്നു. അതുപോലെ തന്നെ ഇതേ പ്ലാറ്റ്ഫോമിൽ സ്‌കോഡ സ്ലാവിയ എന്നൊരു സെഡാൻ മോഡലും അവതരിപ്പിച്ചിരുന്നു. ഇതിന്റെ ചുവട് പറ്റി നിലവിലെ വെന്റോയ്ക്ക് പകരമായി ഇതേ എംക്യുബി പ്ലാറ്റ്ഫോമിൽ വിർച്വസ് എന്ന സെഡാൻ മോഡൽ ഫോക്സ് വാഗണും പ്രഖ്യാപിച്ചിട്ടുണ്ട്.
വിർച്വസ് വരുന്നതോടെ വെന്റോ ഇല്ലാതാകും അതോടെ പഴയ ഫോക്സ് വാഗൺ പ്ലാറ്റ്ഫോമായ പിക്യുവിൽ പോളോ ഒറ്റപ്പെടും. കഷ്ടിച്ച് പ്രതിമാസം 1000 യൂണിറ്റുകൾ മാത്രം വിൽക്കപ്പെടുന്ന പോളോയ്ക്ക് വേണ്ടി മാത്രം ഒരു പ്ലാറ്റ്ഫോം നിലനിർത്തുക എന്നത് ലാഭകരമാകില്ല എന്ന കണക്കുകൂട്ടലിലിലാണ് കമ്പനി ഇത്ര കടുത്ത ഒരു തീരുമാനത്തിലേക്ക് കടന്നത്.
2010 മാർച്ചിലാണ് 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും 1.2 ലിറ്റർ ടർബോ ഡീസലുമായി പോളോ ആദ്യമായി ഇന്ത്യൻ നിരത്തിൽ അവതരിച്ചത്.
2020 മാർച്ചിലാണ് പോളോയ്ക്ക് അവസാന അപ്ഡേറ്റ് കമ്പനി നൽകിയത്. 2020 ലെത്തിയപ്പോൾ പോളോ ഡീസൽ എഞ്ചിൻ പൂർണമായി നിർത്തുകയും ഇടക്കാലത്തിറങ്ങിയ മോഡലുകളിൽ 1.6 ലിറ്റർ വരെയെത്തിയ പെട്രോൾ എഞ്ചിൻ 1.0 ലിറ്ററിലേക്കും ചുരുങ്ങി.