Auto
അതുണ്ടല്ലോ പിന്നെ എന്തിന് ഇത് ?  മാരുതി ബലേനോയും ടൊയോട്ട ഗ്ലാൻസയും തമ്മിൽ വ്യത്യാസങ്ങൾ എന്തൊക്കെ ?
Auto

അതുണ്ടല്ലോ പിന്നെ എന്തിന് ഇത് ? മാരുതി ബലേനോയും ടൊയോട്ട ഗ്ലാൻസയും തമ്മിൽ വ്യത്യാസങ്ങൾ എന്തൊക്കെ ?

Web Desk
|
17 March 2022 1:40 PM GMT

പ്ലാറ്റ്‌ഫോമും എഞ്ചിനും ഏറെക്കുറെ ഒരേ ഡിസൈനും ആണെങ്കിലും ഇരു മോഡലുകളും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്.

മാരുതി സുസുക്കി പുതിയ ബലേനോ (Baleno 2022 Facelift) പുറത്തിറക്കിയിതിന് പിന്നാലെ ടൊയോട്ട അവരുടെ കരാർ അനുസരിച്ച് ബലേനോയെ അടിസ്ഥാനമാക്കി പുതിയ ഗ്ലാൻസയും പുറത്തിറക്കി.

ആദ്യ ജനറേഷൻ ടൊയോട്ട ഗ്ലാൻസ പുറത്തിറക്കിയതിന് പിന്നാലെ വാഹനപ്രേമികളുടെ ചോദ്യമാണ് ബലേനോയുണ്ടല്ലോ പിന്നെ എന്തിനാണ് ഇത് എന്ന്. ആ ചോദ്യം ഇപ്പോൾ വീണ്ടും ആവർത്തിക്കുകയാണ്. എന്നാൽ പ്ലാറ്റ്‌ഫോമും എഞ്ചിനും ഏറെക്കുറെ ഒരേ ഡിസൈനും ആണെങ്കിലും ഇരു മോഡലുകളും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്.

ആദ്യം എക്സ്റ്റീരിയറിലേക്ക് വന്നാൽ രണ്ടും രണ്ട് വാഹനമാണെന്ന് തോന്നിക്കാൻ ടൊയോട്ട ചില പൊടിക്കൈകൾ ചെയ്തിട്ടുണ്ട്. ആദ്യം ചെയ്തത് ഗ്രിൽ മാറ്റി എന്നതാണ്. അവർ പിൻവലിച്ച ക്യാമ്‌റിയുടെ ഗ്രില്ലാണ് അവർ ഗ്ലാൻസക്ക് നൽകിയിരിക്കുന്നത്. പിന്നെ ചെയ്തത് ഫ്രണ്ട് ബംബറിന് ഒരു വലിയ ലിപ്പൊക്കെ നൽകി ബലേനായേക്കാളും സ്‌പോർട്ടി ലുക്ക് നൽകി എന്നതാണ്. ഹെഡ് ലൈറ്റ്, ഡിആർഎൽ എന്നിവയിലും ചെറിയ മാറ്റങ്ങൾ വരുത്തി. ബലേനോയിൽ മൂന്ന് എൽഇഡി ബൾബുകൾ ഡിആർഎല്ലുകളാകുമ്പോൾ ഗ്ലാൻസയിൽ അത് എൽഇഡി ലൈനാണ്.

വശങ്ങളിലേക്ക് വന്നാൽ രണ്ട് വാഹനവും തമ്മിൽ കാര്യമായ വ്യത്യാസങ്ങളില്ല. ആകെയുള്ള വ്യത്യാസം അലോയ് ഡിസൈനിൽ മാത്രമാണ്. നിറങ്ങളിലൊന്നും വ്യത്യാസമില്ല. പിറകിലേക്ക് വന്നാൽ ബാഡ്ജിങ് മാറി എന്നതൊഴിച്ചാൽ കാര്യമായ വ്യത്യാസങ്ങളൊന്നുമില്ല.

വാഹനത്തിന്റെ ഇന്റീരിയറിൽ ആകെയുള്ള വ്യത്യാസം കളർ തീമിലുള്ളതാണ്. ഗ്ലാൻസയിൽ ബ്ലാക്ക്+ ബീജ് സ്‌കീം നൽകിയപ്പോൾ ബലേനോയിൽ അത് ബ്ലാക്ക്+നേവി ബ്ലൂവാണ്. ബാക്കിയുള്ള ഇൻഫോർടെയ്ൻമെന്റ് സിസ്റ്റവും മീറ്റർ കൺസോളും അങ്ങനെയെല്ലാം ഒരു പോലെയാണ്. വേർതിരിച്ചറിയാൻ സഹായിക്കുന്നതിനെന്നവണ്ണം സ്റ്റിയറിങ്ങിലെ ബാഡ്ജിങിൽ വ്യത്യാസമുണ്ട്.

മറ്റു ഫീച്ചറുകളായ 360 ഡിഗ്രി ക്യാമറയും ഹെഡ് അപ്പ് ഡിസ്‌പ്ലെയും എയർ ബാഗുകളുടെ എണ്ണവും തുടങ്ങി എല്ലാ ഫീച്ചറുകളും ഇരു വാഹനങ്ങളിലും ഒരുപോലെയാണ്.

രണ്ടിനും കരുത്ത് പകരുന്ന മാരുതിയുടെ ഡ്യുവൽ ജെറ്റ് 1.2 ലിറ്റർ ഫോർ സിലിണ്ടർ K12N എഞ്ചിനായത് കൊണ്ടുതന്നെ പവർ ഫിഗറുകളും മൈലേജും ഇരുവാഹനത്തിനും ഒരുപോലെയാണ്. പിന്നെ ആദ്യമായി ടൊയോട്ട എഎംടി ട്രാൻസ്മിഷൻ അവതരിപ്പിക്കുന്നത് ഗ്ലാൻസിയിലൂടെയാണ്.

മാരുതിയും ടൊയോട്ടയും തമ്മിൽ വലിയ വ്യത്യാസമുണ്ടാകുന്നത് വാഹനത്തിന്റെ വാറന്റിയിലാണ്. ഗ്ലാൻസക്ക് മൂന്നുവർഷം അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്റർ വാറന്റി (അഞ്ചു വർഷം അല്ലെങ്കിൽ 2,20,000 കിലോമീറ്റർ വരെ ദീർഘിപ്പിക്കാനാകും) നൽകുമ്പോൾ ബലേനോയ്ക്ക് അത് രണ്ടു വർഷം അല്ലെങ്കിൽ 40,000 കിലോമീറ്റർ മാത്രമാണ് (5 വർഷം അല്ലെങ്കിൽ 1,00,000 കിലോമീറ്റർ വരെ ദീർഘിപ്പിക്കാം).

ഇനി മറ്റൊരു വ്യത്യാസം വരുന്നത് വിലയുടെ കാര്യത്തിലാണ്. ബലേനോയ്ക്ക് 6.35 ലക്ഷം മുതൽ 9.49 ലക്ഷം വരെ എക്‌സ് ഷോറൂം വില വരുമ്പോൾ ഗ്ലാൻസയുടെ എക്‌സ് ഷോറൂം വില 6.39 ലക്ഷം മുതൽ 9.69 ലക്ഷം വരെയാണ്. ബലേനോയേക്കാൾ വിവിധ വേരിയന്റുകളിൽ 4,000 മുതൽ 20,000 രൂപവരെ വില അധികമാണ് ഗ്ലാൻസക്ക്.

Similar Posts