Auto
ഒരു ചില്ല് തകർന്നപ്പോൾ  ജോജുവിന് 6 ലക്ഷം രൂപ നഷ്ടം; എന്താണ് ലാൻഡ് റോവർ ഡിഫൻഡറിന്റെ പ്രത്യേകത ?
Auto

ഒരു ചില്ല് തകർന്നപ്പോൾ ജോജുവിന് 6 ലക്ഷം രൂപ നഷ്ടം; എന്താണ് ലാൻഡ് റോവർ ഡിഫൻഡറിന്റെ പ്രത്യേകത ?

Web Desk
|
2 Nov 2021 10:30 AM GMT

95.74 ലക്ഷം രൂപ മുതൽ 1.40 കോടി രൂപ വരെയാണ് വാഹനത്തിന്റെ കൊച്ചിയിലെ ഓൺ റോഡ് വില.

ഇന്നലെ മുതൽ കേരളം ചർച്ച ചെയ്യുന്ന ഒരു കാർ മോഡലാണ് ലാൻഡ് റോവർ ഡിഫൻഡർ. പേരറിയില്ലെങ്കിലും കേരളത്തിലെ ഒട്ടുമിക്ക ആളുകളും ഇന്നലെ ഈ വാഹനം കണ്ടിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. കൊച്ചിയിൽ ഇന്ധനവില വർധനവിനെതിരെ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടയിലേക്ക് നടൻ ജോജു ജോർജ് ഓടിച്ചുവന്ന വാഹനം, അതിനു ശേഷം പ്രവർത്തകർ പിറകിലെ ചില്ല്് തല്ലിതകർത്ത അതേ വാഹനം- അതാണ് ലാൻഡ് റോവർ ഡിഫൻഡർ.

അതിന്റെ ചില്ല് തകർത്തപ്പോൾ ജോജുവിന് നഷ്ടമായത് ആറു ലക്ഷം രൂപയാണ് എന്നാണ് കണക്കാക്കുന്നത്. മാരുതി സുസുക്കി ആൾട്ടോയുടെ ഫുൾ ഓപ്ഷൻ വാങ്ങാൻ പോലും അഞ്ച് ലക്ഷത്തിന് താഴെയെ വരൂ. അപ്പോൾ എന്താണ് ഈ വാഹനത്തിന്റെ പ്രത്യേകത.

കേരളത്തിൽ കൊച്ചിയിൽ മാത്രമാണ് ലാൻഡ് റോവറിന് ഷോറൂമുള്ളത്. 95.74 ലക്ഷം രൂപ മുതൽ 1.40 കോടി രൂപ വരെയാണ് വാഹനത്തിന്റെ കൊച്ചിയിലെ ഓൺ റോഡ് വില. വാഹനം കാണുമ്പോൾ അതിന്റെ ലുക്ക് ആരെയും മോഹിപ്പിക്കുന്നതാണ്. അതുകൊണ്ടു തന്നെ 2021 ലെ വേൾഡ് കാർ ഡിസൈൻ അവാർഡ് ലഭിച്ച വാഹനമാണ് ഡിഫൻഡർ. പ്രീമിയം കാർ ഓഫ് ദി ഇയർ അവാർഡും ഇതിന് ലഭിച്ചു.

സംഭവം ലോകത്താകമാനം ഒന്നാമത് നിൽക്കുന്ന പ്രീമിയം കാറാണെങ്കിലും ഇപ്പോൾ ഇന്ത്യയുടെ അഭിമാനം കൂടിയാണ് ലാൻഡ് റോവർ. 2013 മുതൽ (2008 ൽ പ്രോസസ് ആരംഭിച്ചു) ഇന്ത്യൻ ബ്രാൻഡായ ടാറ്റ മോട്ടോർസിന് ഉടമസ്ഥതയിലാണ് ലാൻഡ് റോവർ ഉൾപ്പെടുന്ന ജാഗ്വർ-ലാൻഡ് റോവർ ലിമിറ്റഡ്. 7 രാജ്യങ്ങളിൽ ലാൻഡ് റോവറിന് പ്ലാന്റുകളുണ്ട്. ഇന്ത്യയിൽ പൂനെയിലാണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.

32 വേരിയന്റുകളിൽ വാഹനം ഇന്ത്യയിൽ ലഭ്യമാണ്. 1997 സിസി 4 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. കൂടാതെ 5.0 ലിറ്റർ, 3.0 ലിറ്റർ എഞ്ചിൻ ശേഷിയിലും വാഹനം ലഭിക്കും. ഇന്ത്യയിൽ കൂടുതലായി വിൽക്കുന്നത് 2.0 ലിറ്റർ മോഡലാണ്.

5,500 ആർപിഎമ്മിൽ കൂടിയ പവറായ 300 ബിഎച്ച്പിയും 1,500-4,500 ആർപിഎമ്മിൽ കൂടിയ ടോർഖായ 400 എൻഎം ടോർഖും ലഭിക്കും. 8 സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാൻസിഷനിലാണ് വാഹനം ലഭ്യമാകുന്നത്. 2,587 മില്ലീ മീറ്ററാണ് വാഹനത്തിന്റെ വീൽബേസ്. 216-291 മില്ലി മീറ്റർ വരെയാണ് ഡിഫൻഡറിന്റെ ഗ്രൗണ്ട് ക്ലിയറൻസ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 7.1 സെക്കൻഡ് മാത്രമേ ലാൻഡ് റോവറിന്റെ ഈ കരുത്തന് ആവശ്യമുള്ളൂ. 191 കിലോമീറ്ററാണ് കൂടിയ വേഗത.

ഓഫ് റോഡിനും ഓൺ റോഡിനും ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന ഡിഫൻഡർ ഓഫ് റോഡിലാണ് കൂടുതൽ കരുത്ത് കാട്ടുന്നത്. അഞ്ചോളം ഓഫ് റോഡ് മോഡുകൾ വാഹനത്തിനുണ്ട്.

10 ഇഞ്ച് സ്‌ക്രീനോട് കൂടിയ വാഹനത്തിന്റെ ഇന്റീരിയർ അതീവ പ്രീമിയമാണ്. റിയർ വ്യൂ കാമറകളും കടന്ന് വാഹനത്തിന്റെ അണ്ടർ ബോഡ് വരെ കാണുന്ന രീതിയിലുള്ള ക്യാമറകളാണ് ഇതിലുള്ളത്. പിന്നിലെ ഷാർക്ക് ഫിൻ ആന്റിനയിൽ വരെ ക്യാമറയുണ്ട്. 12.3 ഇഞ്ച് വലിപ്പമുള്ള ഇൻസ്ട്രുമെന്റ് കൺസോളിൽ വാഹനത്തിന്റെ എല്ലാ വിവരങ്ങളും ലഭ്യമാകും.

Similar Posts