Auto
ഫോർഡ് ഇന്ത്യ വിടുമ്പോള്‍ ബാക്കിയാകുന്ന ആശങ്കകള്‍
Auto

ഫോർഡ് ഇന്ത്യ വിടുമ്പോള്‍ ബാക്കിയാകുന്ന ആശങ്കകള്‍

Nidhin
|
12 Sep 2021 4:50 PM GMT

നിലവിലെ ഫോര്‍ഡ് ഉടമകള്‍ നേരിടാൻ പോകുന്ന വലിയ പ്രശ്‌നം വാഹനത്തിന്റെ റീസെയിൽ വാല്യുവിലുണ്ടാകുന്ന കുറവാണ്.

903 ൽ അങ്ങ് അമേരിക്കയിൽ ആരംഭിച്ച് ലോകം മുഴുവൻ ഓടിക്കയറിയ കാർ നിർമാതാക്കളാണ് ഫോർഡ്. അതിൽ 1995 ൽ ഇന്ത്യയിലും ഫോർഡ് ടയർ കുത്തി. പിന്നീട് അമേരിക്കൻ കാറുകളുടെ മാന്ത്രികത എന്താണെന്ന് ഇന്ത്യക്കാർ അറിഞ്ഞ വർഷങ്ങൾ. 1998 ൽ എസ്‌കോർട്ട് എന്ന പേരിലും പിന്നീട് ഐക്കോണായി വന്ന് ഇന്ത്യക്കാരുടെ ഹൃദയം പതിയെ ഫോർഡ് കീഴടക്കി തുടങ്ങി.

ഫിയസ്റ്റ, ഫിഗോ, ഇക്കോ സ്‌പോർട്ട്, എൻഡവർ വരെ അങ്ങനെ ഓരോ ഇന്ത്യക്കാരനും ആ നീല പശ്ചാത്തലത്തിൽ വെള്ള നിറത്തിലെഴുതിയ ഫോർഡിന്റെ ഐക്കോണിക്ക് ലോഗോ പരിചിതമായി. ചില പ്രശ്‌നങ്ങളൊക്കെ അനുഭവിച്ചിരുന്നെങ്കിലും ഒരു ഫോർഡ് ഓടിക്കുന്നതിൽ ഇന്ത്യക്കാർക്ക് പ്രത്യേക ഇഷ്ടമുണ്ട്.

അങ്ങനെ കാര്യങ്ങൾ മുമ്പോട്ട് പോകുമ്പോൾ കുറച്ചു നാളുകൾക്ക് മുമ്പ് ഫോർഡിന്റെ ഷോറൂമുകളിലെ ടെസ്റ്റ് ഡ്രൈവ് വണ്ടികൾ വിറ്റഴിക്കാൻ കമ്പനി തീരുമാനിക്കുന്നു. അന്ന് തന്നെ ചിലർ പ്രവചിച്ചിരുന്നു ഫോർഡ് ഇന്ത്യ വിടാൻ പോകുന്നു.

പക്ഷേ പുതിയ മോഡലുകൾ വരുമ്പോൾ പഴയ ടെസ്റ്റ് ഡ്രൈവ് മോഡലുകൾ മാറ്റണമെന്ന കമ്പനി നയത്തിന്റെ ഭാഗമാണ് ആ തീരുമാനമെന്നാണ് കമ്പനി അറിയിച്ചത്.

പക്ഷേ വാഹനപ്രേമികളെ ഞെട്ടിച്ചുകൊണ്ട് ആ തീരുമാനം വന്നു- ഫോർഡ് ഇന്ത്യയിലെ ഉത്പാദനം നിർത്തുന്നു. നിലവിലെ രണ്ട് പ്ലാന്റുകളും അടച്ചുപൂട്ടും. അതെ ഇന്ത്യയിൽ വന്ന് 27 വർഷങ്ങൾക്കിപ്പുറം ഫോർഡ് ഇന്ത്യ വിട്ടിരിക്കുന്നു.

വർഷവും കൂടിവരുന്ന വ്യാപാര നഷ്ടങ്ങളാണ് ഫോർഡിനെ ഇത്തരത്തിലൊരു തീരുമാനത്തിലേക്കെത്തിച്ചത്. ഫോർഡിന്റെ ഗ്ലോബൽ സ്റ്റാൻഡേർഡ് അനുസരിച്ചാണ് ഇന്ത്യയിലെ പ്ലാന്റുകൾ നിർമിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടെ ഉത്പാദിപ്പിക്കുന്ന വാഹനങ്ങൾക്ക് വിലയും കൂടും. പക്ഷേ ഉദ്ദേശിച്ച ലാഭം ഇതുവരെ ഇന്ത്യയിൽ നിന്ന് ലഭിച്ചില്ലെന്നാണ് കമ്പനി അറിയിച്ചത്.

കഴിഞ്ഞ 10 വർഷമായി ഇന്ത്യയിൽ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടുകയാണെന്നാണ് ഫോർഡ് പറയുന്നത്. രണ്ട് ബില്യൺ ഡോളറിന്റെ ഫോർഡ് ഇന്ത്യയുടെ പ്രവർത്തന നഷ്ടം. കൂടാതെ 0.8 ബില്യൺ ഡോളറിന്റെ നിഷ്‌ക്രിയ ആസ്തികളും എഴുതിത്തള്ളിയതോടെ ഫോർഡിന് ഇന്ത്യയിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയായി.

ഇന്ത്യയിലെ സേവനം പൂർണമായി അവസാനിപ്പിക്കില്ലെന്നാണ് ഫോർഡ് വ്യക്തമാക്കിയിരിക്കുന്നത്. ഇറക്കുമതി ചെയ്ത വാഹനങ്ങൾ ഇന്ത്യയിൽ വിൽപ്പന തുടരും അത് പക്ഷേ റാപ്റ്റർ പോലുള്ള പ്രീമിയം മോഡലുകളായിരിക്കും.

ഇത്തരത്തിൽ കമ്പനിയുടെ പ്രവർത്തനം നിർത്തുമ്പോൾ നിലവിലെ ഫോർഡ് ഉപഭോക്താക്കൾക്ക് മുമ്പിൽ വരുന്ന വലിയ പ്രശ്‌നമുണ്ട്. നിലവിലുള്ള വാഹനങ്ങളുടെ സർവീസ്. നിലവിൽ ഫോർഡിൽ നിന്ന് ലഭിച്ച മറുപടിയനുസരിച്ച് നിലവിൽ ഫോർഡ് ഓടിക്കുന്നവർ ടെൻഷനടിക്കേണ്ട ആവശ്യമില്ല.

ഇന്ത്യയിലെ നിയമമനുസരിച്ച് ഇത്തരത്തിൽ ഒരു കാര് കമ്പനി പ്രവർത്തനം അവസാനിപ്പിച്ചാൽ 15 വർഷം വരെ സർവീസ് നൽകണമെന്നാണ്. അത് പാലിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. കൂടാതെ ഒരു സർവീസ് സെന്ററും അടച്ചുപൂട്ടില്ലെന്നാണ് ഇപ്പോൾ ഫോർഡിന്റെ നിലപാട്. വാഹനത്തിന്റെ വാറണ്ടിയും തുടർന്നും നൽകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. സ്‌പെയർ പാർട്ട്‌സുകളുടെ ലഭ്യതയും ഉറപ്പാക്കും.

അതുകൊണ്ട് ഫോർഡ് ഉപയോക്താക്കൾ വിഷമിക്കേണ്ട നിങ്ങളുടെ വാഹനങ്ങൾ ഇനിയും കൃത്യമായി സർവീസ് ചെയ്യാൻ സാധിക്കും. നിങ്ങളുടെ വാറണ്ടിയും നഷ്ടമാകില്ല.

അതേസമയം നേരിടാൻ പോകുന്ന വലിയ പ്രശ്‌നം വാഹനത്തിന്റെ റീസെയിൽ വാല്യുവിലുണ്ടാകുന്ന കുറവാണ്. അത് പരിഹരിക്കാൻ തത്കാലം വഴിയൊന്നുമില്ല. അത് വിൽക്കുമ്പോഴല്ലേ അത് വരെ സമാധാനത്തോടെ വാഹനമോടിച്ച് പൊക്കോളൂ.

പിന്നെ 15 വർഷം കഴിഞ്ഞാൽ എങ്ങനെ സർവീസ് ചെയ്യുമെന്നാണ് സംശയമെങ്കിൽ അന്ന് ഫോർഡ് പൂർണമായും ഇന്ത്യ വിട്ടാലും ചിലർ സർവീസ് സെന്ററുകളുമായി വരുമെന്നാണ് പ്രതീക്ഷ.

Related Tags :
Similar Posts