ബോംബൊക്കെ എന്ത്?; സൈനിക വാഹനങ്ങളെ വെല്ലും ഈ ഭീമന് എസ്.യു.വി
|2.05 കോടി മുതല് 4.37 കോടി രൂപ വരെയാണ് ആഡംബര വാഹനത്തിന്റെ വില
എസ്.യു.വികളുടെ തനത് ഡിസൈൻ പാറ്റേണാണ് മസ്കുലർ ബോഡി പാനൽസ്. ഡിസൈനിങ്ങിൽ റഫ്നസ് എത്രമാത്രം കൂടുന്നോ കാഴ്ചയിൽ അത്രയും എസ്.യു.വി ഫീൽ കൂടും. വാഹനത്തിന്റെ വലിപ്പവും അതിനൊരു പ്രധാന ഘടകമാണ്. എന്നാൽ അതൊരു ട്രക്കിന്റെ സൈസിലേക്ക് പോയാലോ.. അത്തരത്തിൽ കാഴ്ച്ചയിൽ തന്നെ വമ്പനെന്ന് തോന്നിക്കുന്നൊരു വാഹനമാണ് റെസ്വാനി വെൻഗെൻസ്.
സേഫ്റ്റിക്കും ലക്ഷ്വറിക്കും ഒരേപോലെ പ്രാധാന്യം നൽകി നിർമിച്ചിരിക്കുന്ന വാഹനം ആദ്യ കാഴ്ച്ചയിൽ തന്നെ ആരുടേയും കണ്ണിലുടക്കും. ചെത്തി മിനുക്കിയ ഇറക്കിയ ഡിസൈൻ പാറ്റേണിലാണ് വാഹനത്തിന്റെ ഓരോ പാർട്ടും ഒരുക്കിയിരിക്കുന്നത്. ഒറ്റവാക്കിൽ അസ്സലൊരു മസിൽ കാർ. ഹമ്മറും ലാൻഡ് ക്രൂസറും ജി ക്ലാസുമൊന്നും പോരാത്തവർക്ക് യോജിക്കുന്ന ആഡംബര ഓഫ് റോഡറാണ് റെസ്വാനി വെൻഗെൻസ്. ബോംബിനെ പോലും പ്രതിരോധിക്കാൻ ഈ ഭീകരനാകും.
35 ഇഞ്ച് സൈസിലുള്ള വലിയ ടയറുകളും ഉയർന്ന ബംപറും മുന്നിലെ തടസ്സങ്ങളെ മറികടക്കാമെന്ന ആത്മവിശ്വാസം പകരുന്നവയാണ്. സാധാരണ സിവിലിയൻ വാഹനങ്ങളിൽ നിന്ന് വിഭിന്നമായി സൈനിക വാഹനങ്ങളോടാണ് റിസ്വാനി വെൻഗെൻസിന് സാമ്യത കൂടുതൽ.പിന്നിൽ നെടു നീളത്തിലുള്ള എൽഇഡി ബ്രേക്ക് ലൈറ്റും റൂഫ് സ്പോയിലറുമാണ്. 6.2 ലീറ്റർ വി8 എൻജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്.
3 ലീറ്റർ ടർബോ ഡീസൽ എൻജിന്റെ ഓപ്ഷനും ലഭ്യമാണ്. 692 പി.എസ് പവറും 885 എൻ.എം ടോർക്കും പ്രൊഡ്യൂസ് ചെയ്യാൻ ഈ എഞ്ചിനാകും. മൂന്ന് റോകളിലായാണ് സീറ്റുകൾ അറേഞ്ച് ചെയ്തിരിക്കുന്നത്. മുന്നിലും രണ്ടാം നിരയിലും ക്യാപ്റ്റൻ സീറ്റുകളും ഏറ്റവും പിന്നിൽ ബെഞ്ച് സീറ്റുമാണ്. പനോരമിക് സൺറൂഫ് വാഹനത്തിന് അഴക് കൂട്ടുന്നു. ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും സപ്പോർട്ടു ചെയ്യുന്ന ഹെഡ് അപ്പ് ഡിസ്പ്ലേ, വയർലെസ് ഫോൺ ചാർജിങ്, ഓഗ്മെന്റ് റിയാലിറ്റിയുള്ള ഡിജിറ്റൽ ഡ്രൈവേഴ്സ് ഡിസ്പ്ലേ, ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ തുടങ്ങി നിരവധി ഫീച്ചറുകൾ വാഹനത്തിനുണ്ട്.
ബുള്ളറ്റ് പ്രൂഫ് ഗ്ലാസും ബോഡിയും, സ്മോക്ക് സ്ക്രീൻ, ഓപ്ഷനൽ എക്സ്പ്ലൊസീവ് ഡിവൈസ് ഡിറ്റക്ഷൻ, റൺ ഫ്ളാറ്റ് ടയേഴ്സ്, ഗ്യാസ് മാസ്ക്, സ്ട്രോബ് ലൈറ്റ്സ്, അണ്ടർസൈഡ് എക്സ്പ്ലോസീവ് പ്രൊട്ടക്ഷൻ, തെർമൽ നൈറ്റിവിഷൻ സിസ്റ്റം, റീ ഇൻഫോസ്ഡിസ് സസ്പെൻഷൻ, എലക്ട്രോ മാഗ്നെറ്റിക് പൾസ് പ്രൊട്ടക്ഷൻ, ഇലക്ട്രിഫൈഡ് ഡോർഹാൻഡിലുകൾ, പെപ്പർ സ്പ്രേ ഡിസ്പെൻസർ, ബ്ലൈൻഡിങ് ലൈറ്റുകൾ തുടങ്ങി സൈനിക വാഹനങ്ങളിൽ പോലും കാണാത്ത ഫീച്ചറുകൾ വാഹനത്തിനുണ്ട്. 2,49,000 ഡോളർ (ഏകദേശം 2.05 കോടി രൂപ) മുതലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്. സുരക്ഷാ സംവിധാനങ്ങളെല്ലാം ഉൾപ്പടുത്തിയ വാഹനത്തിന്റെ അടിസ്ഥാന വില 527000 ഡോളറാണ്. ഏകദേശം 4.37 കോടി രൂപ.