ആയിരം രൂപയ്ക്ക് പെട്രോളടിച്ചാൽ ഏറ്റവും കൂടുതൽ സഞ്ചരിക്കുന്ന പെട്രോൾ കാർ ഏതാണ് ?
|ഇന്ധനവില കൂടുന്നതിനുസരിച്ച് കാർ നിർമാണ കമ്പനികൾ കാറുകളുടെ മൈലേജ് കൂട്ടാനുള്ള സാങ്കേതികവിദ്യകളും പരീക്ഷിക്കുകയാണ്.
ഇന്ധനവില കുതിച്ചു കയറുന്ന സാഹചര്യത്തിൽ ഒരു പുതിയ കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർ ആദ്യം ചിന്തിക്കുന്ന വസ്തുത വാഹനത്തിന്റെ മൈലേജാണ്. കാർ നിർമാണ കമ്പനികൾ കാറുകളുടെ മൈലേജ് കൂട്ടാനുള്ള സാങ്കേതികവിദ്യകളും പരീക്ഷിക്കുകയാണ്. അപ്പോൾ നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന പെട്രോൾ കാറുകളിൽ ഏറ്റവും ഇന്ധനക്ഷമത കൂടിയ പെട്രോൾ കാർ ഏതാണെന്ന് നോക്കാം.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മാരുതി സുസുക്കി സെലേറിയോയാണ് ഈ നിരയിൽ ഒന്നാമത്. 26.68 കിലോമീറ്ററാണ് വാഹനത്തിന് കമ്പനി അവകാശപ്പെടുന്ന മൈലേജ്. രണ്ടാമതുള്ളത് മാരുതിയുടേത് തന്നെയായ സ്വിഫ്റ്റ് ഡിസയറാണ് 24.12 കിലോ മീറ്ററാണ് ഡിസയറിന്റെ ഇന്ധനക്ഷമത. മൂന്നാമത് ബലേനോ എന്ന പേരിൽ മാരുതിയും ഗ്ലാൻസ എന്ന പേരിൽ ടൊയോട്ടയും പുറത്തിറക്കുന്ന ഹാച്ച്ബാക്കാണ്. 23.87 ആണ് ഈ വാഹനത്തിന്റെ മൈലേജ്.
4. മാരുതി സുസുക്കി സ്വിഫ്റ്റ് (എഎംടി)- 23.76 കെ.എം.പി.എൽ
5. മാരുതി സുസുക്കി ആൾട്ടോ-22.05 കെ.എം.പി.എൽ
6. റെനോൾട്ട് ക്വിഡ് 1.0 (എ.എം.ടി)-22.00 കെ.എം.പി.എൽ
7. ഡാറ്റ്സൺ റെഡിഗോ (എ.എം.ടി)-22.00 ലകെ.എം.പി.എൽ
8. മാരുതി സുസുക്കി വാഗൺ ആർ 1.0- 21.79 കെ.എം.പി.എൽ
9. മാരുതി സുസുക്കി എസ്-പ്രസോ-21.70 കെ.എം.പി.എൽ
10. മാരുതി സുസുക്കി ഇഗ്നിസ്- 20.89 കെ.എം.പി.എൽ
ഈ കണക്ക് പ്രകാരം 1,000 രൂപയ്ക്ക് പെട്രോളടിച്ചാൽ ഈ കാറുകൾ എത്ര കിലോമീറ്റർ സഞ്ചരിക്കുമെന്ന് നോക്കാം.
ജാറ്റോ എന്ന ഏജൻസിയുടെ കണക്ക് പ്രകാരം പുതിയ സെലേറിയോ 1,000 രൂപയ്ക്ക് പെട്രോളടിച്ചാൽ 257 കിലോമീറ്റർ സഞ്ചരിക്കും. ഇതേ അളവിൽ പെട്രോൾ നൽകിയാൽ ഡിസയർ 232 കിലോമീറ്റർ ഓടാനാകും. സ്വിഫ്റ്റിന്റെ കാര്യത്തിലേക്ക് വന്നാൽ 229 കിലോമീറ്ററായി അത് കുറയും. സാധാരണക്കാരന്റെ ജനപ്രിയ വാഹനമായ ആൾട്ടോക്ക് 1,000 രൂപയുടെ പെട്രോൾ കൊണ്ട് 213 കിലോമീറ്റർ ഓടാനാകും. ഡാറ്റ്സൺ റെഡിഗോയ് 212 കിലോമീറ്ററാണ് 1,000 രൂപയുടെ പെട്രോൾ ഉപയോഗിച്ച് ഓടാൻ സാധിക്കുക.
എന്തുകൊണ്ടായിരിക്കും പുതിയ സെലേറിയോയ്ക്ക് ഇത്രയും ഇന്ധനക്ഷമത ?.
അതിന്റെ പ്രധാന കാരണം അതിന്റെ എഞ്ചിനാണ്. മാരുതിയുടെ പ്രശസ്തമായ കെ-10 എഞ്ചിന്റെ പുതിയ തലമുറ പതിപ്പാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 1.0 ഡ്യുവൽ ജെറ്റ്, ഡ്യുവൽ വിവിറ്റി സാങ്കേതികവിദ്യയോട് കൂടിയ എഞ്ചിനെ അവർ വിളിക്കുന്നത് കെ10സി എന്നാണ്. നേരത്തെ 1.2 ലിറ്റര് ഡ്യുവൽ ജെറ്റ് എഞ്ചിൻ ബലേനോയിലും സ്വിഫ്റ്റിലും അവർ പരീക്ഷിച്ചിരുന്നു.
എങ്ങനെയാണ് ഈ എഞ്ചിൻ ഇത്രയും ഇന്ധനക്ഷമത നൽകുന്നത്?
ഓരോ സിലിണ്ടറിനും 2 ഫ്യുയൽ ഇഞ്ചക്ടറുകൾ
എഞ്ചിൻ ഇൻലെറ്റ് വാൽവിനോട് ചേർന്ന് രണ്ട് ഫ്യുവൽ ഇഞ്ചക്ടറുകളാണ് സെലേറിയോയിലുണ്ടാകുക. ഇത് ഇന്ധനം പൂർണമായി കത്താനും എഞ്ചിന് തണുപ്പിക്കാനും സഹായിക്കും. കൂടാതെ ത്രോട്ടിൽ റെസ്പോൺസ് വളരെയധികം കൂട്ടാനും ഇത് സഹായിക്കും. തന്മൂലം കുറഞ്ഞ ആർപിഎമ്മിൽ കൂടുതൽ പവർ ലഭിക്കും.
കൂടിയ കംപ്രഷൻ റേഷ്യോ
11:5:1 എന്നതാണ് പുതിയ സെലേറിയോയുടെ എഞ്ചിൻ കംപ്രഷൻ റേഷ്യോ. ഇത്തരത്തിൽ കൂടിയ കംപ്രഷൻ റേഷ്യോ വഴി ഇന്ധനത്തെ യാന്ത്രികോർജമാക്കി മാറ്റാൻ പെട്ടെന്ന് സാധിക്കുന്നു. കൂടാതെ വാഹനത്തിന്റെ കംപ്രഷൻ ചേംബർ കോപാക്ടായത് കൊണ്ട് വായുവും ഇന്ധനവും തമ്മിൽ നന്നായി മിക്സ് ചെയ്യാനും സാധിക്കും.
ഉയർന്ന തെർമൽ എഫിഷ്യൻസി
ഓരോതുള്ളി ഇന്ധനവും ഉപയോഗിക്കാൻ കൂടിയ തെർമൽ എഫിഷ്യൻസി സഹായിക്കും. ഇതിന് വേണ്ടി ഘർഷണം കുറയ്ക്കാൻ വേണ്ടി നിരവധി സാങ്കേതിവിദ്യകൾ കമ്പനി അറിയിച്ചിട്ടുണ്ട്.
കൂൾഡ് എക്സ്ഹോസ്റ്റ് ഗ്യാസ് റീസർക്കുലേഷൻ സിസ്റ്റം (ഇജിആർ)
സെലേറിയോയുടെ മുഖമുദ്രയായ ഒരു സാങ്കേതികവിദ്യയാണിത്. എക്സ്ഹോസ്റ്റ് ഗ്യാസ് റീസർക്കുലേഷൻ എന്നത് എക്സ്ഹോസ്റ്റ് പൈപ്പിൽ നിന്ന് വായു തിരികെയെടുക്കുന്ന വായു ചൂടുള്ളതായിരിക്കും. ആ ചൂട് കുറയ്ക്കുന്ന സാങ്കേതികവിദ്യയാണ് ഇജിആർ.
ഓട്ടോമാറ്റിക്ക് സ്റ്റാർട്ട് സ്റ്റോപ്പ്
നിലവിൽ നിരവധി കാറുകളിൽ അവതരിപ്പിച്ചിട്ടുള്ള ഓട്ടോമാറ്റിക്ക് സ്റ്റാർട്ട് സ്റ്റോപ്പ് (ഇഎഎസ്എസ്) ഇപ്പോൾ ആദ്യമായി സെലേറിയോയിലും വരികയാണ്. എല്ലാവർക്കും അറിയുന്നത് പോലെ വാഹനം സിഗ്നലിലോ മറ്റോ എഞ്ചിൻ ഓഫ് ചെയ്യാതെ ന്യൂട്രൽ ഗിയറിൽ നിർത്തുമ്പോൾ എഞ്ചിൻ ഓട്ടോമാറ്റിക്കായ ഓഫ് ചെയ്യുന്ന സാങ്കേതികവിദ്യയാണ്. പിന്നീട് യാത്ര തുടരാൻ ക്ലച്ച്/ആക്സിലേറ്റർ ചവിട്ടിയാൽ വാഹനം ഓണാകും. ഇന്ധനക്ഷമത വർധിപ്പിക്കാൻ ഇതും സഹായിക്കുന്നുണ്ട്.
Summary: Which petrol car travels the most By Using Petrol Cost Rs 1,000?