പ്രധാനമന്ത്രി നരേന്ദ്രമോദി മെഴ്സിഡസിന് പകരം ഇലക്ട്രിക് കാറിലേക്ക്?
|12 കോടി വിലയുള്ള മെഴ്സിഡസ്-മെയ്ബാ എസ്650 ഗാർഡിലേക്ക് പ്രധാനമന്ത്രി വാഹനം മാറിയിരുന്നു
12 കോടി വിലയുള്ള മെഴ്സിഡസ്-മെയ്ബാ എസ്650 ഗാർഡിന് പകരം പ്രധാനമന്ത്രി നരേന്ദ്രമോദി ഇലക്ട്രിക് കാറിലേക്ക് മാറുമോ?. കേന്ദ്രസർക്കാർ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി തന്നെ വാഹനം ഇലക്ട്രിക്കാക്കിയേക്കുമെന്ന് കാർ ആൻഡ് ബൈക്ക്.കോമാണ് റിപ്പോർട്ട് ചെയ്യുന്നത്. ന്യൂഡൽഹിയിൽ നിന്നുള്ള വാർത്തകൾ ശരിയാണെങ്കിൽ ഇത്തരം ഇലക്ട്രിക് വാഹനത്തിലേക്ക് മാറുന്ന ആദ്യ പ്രധാന ഇന്ത്യൻ നേതാവായി മോദി മാറും. അടുത്തിടെ മെഴ്സിഡസ്-മെയ്ബാ എസ്650 ഗാർഡിലേക്ക് പ്രധാനമന്ത്രി മോദി വാഹനം മാറിയിരുന്നു. അതിനുമുമ്പ് റേഞ്ച് റോവർ വോഗും ടൊയോട്ട ലാൻഡ് ക്രൂയിസറുമായിരുന്നു ഉപയോഗിച്ചിരുന്നത്. മെഴ്സിഡസ്-മെയ്ബാ S650 ഗാർഡിന് പകരം തലസ്ഥാനത്തെ ഉന്നതതല മീറ്റിംഗുകൾക്കായി ലാൻഡ് ക്രൂയിസറിലാണ് പ്രധാനമന്ത്രി മോദി സഞ്ചരിക്കുന്നത്.
ലോകം വൈദ്യുത വാഹനങ്ങളിലേക്ക് പടിപടിയായി നീങ്ങുന്നതിനാൽ പല ലോക നേതാക്കളും ഇലക്ട്രിക് കാറുകളിലേക്ക് മാറുന്നതായാണ് വാർത്തകൾ. ഇന്ത്യൻ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ഏത് ഇലക്ട്രിക് കാറാണ് എത്തുകയെന്നത് ഇപ്പോഴും അവ്യക്തമാണ്. പ്രധാനമന്ത്രിയുടെ കാർ പ്രത്യേകമായി നിർമിച്ച കൂടുതൽ സുരക്ഷയുള്ള യൂണിറ്റായിരിക്കാൻ സാധ്യതയുണ്ട്. മെഴ്സിഡസ് ഇക്യുഎസിന്റെ കവചിത പതിപ്പായിരിക്കാം ഓപ്ഷനുകളിലൊന്നെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെയെങ്കിൽ വാഹനം ജർമ്മനിയിൽ മെഴ്സിഡസിന്റെ ആസ്ഥാനത്ത് പ്രത്യേകമായി നിർമിക്കപ്പെട്ടേക്കാം. ഇന്ത്യൻ പ്രധാനമന്ത്രിയും രാഷ്ട്രപതിയും നിലവിൽ എസ്-ക്ലാസിന്റെ ഏറെ സുരക്ഷയുള്ള മോഡലുകളാണ് ഉപയോഗിക്കുന്നത്. പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് നരേന്ദ്ര മോദി തന്റെ വാഹനമായി മഹീന്ദ്ര സ്‌കോർപ്പിയോയും ഉപയോഗിച്ചിട്ടുണ്ട്.
രാജ്യത്തെ ഉയർന്ന ഉദ്യോഗസ്ഥരുടെ സംരക്ഷണ ചുമതല എസ്പിജിക്കാണ്. അതായത് സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്. ഇന്ത്യയിൽ നിർമ്മിച്ച മഹീന്ദ്ര സ്‌കോർപിയോ മുതൽ റേഞ്ച് റോവർ, ലാൻഡ് ക്രൂയിസർ തുടങ്ങി വ്യത്യസ്ത വാഹനങ്ങൾ പ്രധാന മന്ത്രിക്കായി ഗ്രൂപ്പ് തെരഞ്ഞെടുത്തിട്ടുണ്ട്. ബിഎംഡബ്ല്യു 7-സീരീസ് എപ്പോഴും പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ ഭാഗമാണ്. 12 കോടി രൂപ വിലയുള്ള മെഴ്സിഡസ്-മെയ്ബാ 650 ഗാർഡ് എത്തിയത് വലിയ വാർത്തയായിരുന്നു. ലോകത്തിലെ ഏറ്റവും സുരക്ഷിത വാഹനങ്ങളിലൊന്നാണ് മെയ്ബാ 650 ഗാർഡ്. 2019 ലാണ് ഇത് പുറത്തിറങ്ങിയത്. വളരേ ചെലവേറിയ വാഹനവുമാണിത്.
ഒരു കാറിൽ നൽകിയിട്ടുള്ള ഏറ്റവും ഉയർന്ന പരിരക്ഷയായ VR10 പ്രൊട്ടക്ഷൻ ലെവലിലാണ് കാർ ഇറക്കിയിട്ടുള്ളത്. രണ്ട് മീറ്റർ അകലെ നിന്ന് 15 കിലോഗ്രാം ടി എൻ ടി യുടെ ബുള്ളറ്റുകളെ നേരിടാൻ കാറിന് കഴിയും. കാറിനുള്ളിലേക്ക് വായു എത്തിക്കാൻ പ്രത്യേകം ഓക്സിജൻ നൽകാനുള്ള സംവിധാനവും ഇതിൽ ഒരുക്കിയിട്ടുണ്ട്. ബോഡിക്ക് പ്രത്യേക സ്റ്റീൽ, അകത്ത് പോളി കാർബണേറ്റ് കോട്ടിംഗ്, കൂടാതെ നേരിട്ടുള്ള സ്‌ഫോടനങ്ങൾ തടയാനുള്ള പ്രത്യേക കവചം എന്നിവ കാറിന്റെ പ്രത്യേകതകളാണ്. മെയ്ബാക്ക് 650-ന്റെ ചക്രങ്ങൾ പഞ്ചർ പ്രൂഫാണ്. 6 ലീറ്റർ വി12 എൻജിനാണ് ഇതിനുള്ളത്. 160 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത.
Will PM Narendra Modi replace Mercedes-Mayba S650 Guard with an electric car?