Auto
yamaha invest 336 crore in river ev
Auto

ഇലക്ട്രിക് വാഹന സ്റ്റാർട്ടപ്പ് ‘റിവറി’ൽ 332 കോടി നിക്ഷേപിച്ച് യമഹ

Web Desk
|
6 Feb 2024 3:12 PM GMT

രാജ്യത്തുടനീളം കൂടുതൽ ഷോറൂമുകളും സർവീസ് സെന്ററുകളും തുറക്കാനാണ് റിവർ ലക്ഷ്യമിടുന്നത്

ബംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന സ്റ്റാർട്ടപ്പ് കമ്പനിയായ റിവറിൽ 332.23 കോടി നിക്ഷേപിച്ച് ജാപ്പനീസ് വാഹന നിർമാതാക്കളായ യമഹ. റിവർ കമ്പനി ഇതുവരെ 565 കോടി രൂപയാണ് സമാഹരിച്ചത്. രാജ്യത്തുടനീളം കൂടുതൽ ഷോറൂമുകളും സർവീസ് സെന്ററുകളും തുറക്കാനാണ് പുതിയ നിക്ഷേപത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

‘2030-ഓടെ ബില്യൺ ഡോളറിന്റെ ലോകോത്തര കമ്പനിയായി മാറാനുള്ള തങ്ങളുടെ പദ്ധതിക്ക് പുതിയ നിക്ഷേപം മുതൽക്കൂട്ടാവും. കഴിഞ്ഞ രണ്ട് വർഷമായി ഗവേഷണ-വികസനത്തിലും നിർമ്മാണത്തിലും മികച്ച അടിത്തറ സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോൾ അത് വളരാനുള്ള സമയമായി’ -റിവറിന്റെ സഹസ്ഥാപകനും സി.ഇ.ഒയുമായ അരവിന്ദ് മണി പറഞ്ഞു.

‘ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ റിവർ കൈവരിച്ച പുരോഗതിയിൽ ഞങ്ങൾക്ക് മതിപ്പുണ്ട്. രൂപകൽപ്പനയിലും സാങ്കേതികവിദ്യയിലും അവർ വലിയ ശ്രദ്ധയാണ് ചെലുത്തിയത്. റിവറിനെ സംബന്ധിച്ച് കമ്പനി മേധാവികൾക്കുള്ള ബോധ്യത്തിൽ ഞങ്ങൾ ആവേശഭരിതരാണ്. ഇത് നേടുന്നതിന് യമഹയ്ക്ക് കമ്പനിയെ പിന്തുണക്കാൻ കഴിയും’ -യമഹ മോട്ടോർ കമ്പനി ലിമിറ്റഡിന്റെ ന്യൂ ബിസിനസ് ഡെവലപ്‌മെന്റ് സെന്റർ ചീഫ് ജനറൽ മാനേജർ ഹാജിം ജിം ഓട്ട വ്യക്തമാക്കി.

2023 ഒക്ടോബറിലാണ് റിവറിന്റെ ആദ്യ വാഹനമായ ഇൻഡി പുറത്തിറക്കിയത്. ബംഗളൂരുവിലെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് കേന്ദ്രത്തിലാണ് ഈ ഇലക്ട്രിക് സ്കൂട്ടർ വികസപ്പിച്ചെടുത്തത്. കഴിഞ്ഞമാസം ബംഗളൂരുവിൽ കമ്പനിയുടെ ആദ്യത്തെ ഷോറൂമും തുറന്നിരുന്നു.

മറ്റു ഇലക്ട്രിക് സ്കൂട്ടറുകളിൽനിന്ന് വ്യത്യസ്തമായ രൂപവും നിർമാണരീതിയുമെല്ലാമാണ് വാഹനത്തെ വേറിട്ടുനിർത്തുന്നത്. 6.7 കിലോ വാട്ടിന്റെ ഇലക്ട്രിക് മോട്ടോറും 4 kwhന്റെ ബാറ്ററി പാക്കുമാണ് ഇതിലുള്ളത്. ഒരൊറ്റ ചാർജിൽ 120 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. സാധാരണ ചാർജർ ഉപയോഗിച്ച് അഞ്ച് മണിക്കൂർ കൊണ്ട് 80 ശതമാനം ചാർജ് ചെയ്യാൻ സാധിക്കും. 1.38 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില.

Related Tags :
Similar Posts