ആർഎക്‌സ് 100 തീർച്ചയായും തിരിച്ചുവരും; വലിയ സൂചന നൽകി യമഹ ചെയർമാൻ
|എന്നായിരിക്കും ആർഎക്‌സ് 100 തിരികെ വരിക എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി
ഇന്ത്യൻ ഇരുചക്രവാഹന പ്രേമികളുടെ ഹൃദയത്തിൽ വർഷങ്ങളായി കയറികൂടിയ പേരും ശബ്ദവുമാണ്- ടു സ്‌ട്രോക്കിൽ വിപ്ലവം രചിച്ച യമഹ RX 100. ഒരു 100 സിസി എഞ്ചിനിൽ നിന്ന് അന്ന് വരെ അഥവാ ഇന്നുവരെ കണ്ടതിൽ നിന്നെല്ലാം അപ്പുറമായിരുന്നു യമഹയുടെ ആർഎക്‌സ് എഞ്ചിൻ കാഴ്ച വെച്ചത്. 1985 മുതൽ 1996 വരെ മാത്രം യമഹ നിർമിച്ച ഈ പവർ ഹൗസ് ഇന്നും സെക്കൻഡ് ഹാൻഡ് മാർക്കറ്റിൽ വില കൂടിയ വാഹനമാണ്. ആർഎക്‌സിനെ വികാരമായി കൊണ്ടുനടക്കുന്ന ആൾക്കാരെ ഇന്ത്യയിലെ ഒട്ടുമിക്ക ഗ്രാമങ്ങളിലും കാണാനും സാധിക്കും. ഇതൊക്കെ കൊണ്ടു തന്നെ വാഹനത്തിന്റെ പ്രധാന ഭാഗങ്ങൾ യമഹ ഇപ്പോഴും ഉത്പാദിപ്പിക്കുന്നുമുണ്ട്.
RX 100 ഉത്പാദനം നിർത്തിയത് മുതൽ ഇന്ത്യയിൽ കേൾക്കുന്ന വാർത്തയാണ് വാഹനത്തിന്റെ ഉത്പാദനം പുനരാരംഭിക്കുന്നു എന്നത്. എന്നാൽ അപ്പോഴൊന്നും യമഹ വിഷയത്തിൽ ഔദ്യോഗികമായി യാതൊരു പ്രതികരണത്തിന് തയാറായിരുന്നില്ല. ഇപ്പോൾ ആർഎക്‌സിന്റെ തിരിച്ചുവരവിൽ യമഹയുടെ ചെയർമാനായ ഐഷിൻ ചിഹാന തന്നെ ഒരു പ്രതികരണത്തിന് തയാറായിരിക്കുകയാണ്.
' ഞങ്ങൾക്ക് ആർഎക്‌സ് 100 തിരികെ കൊണ്ടുവരണം എന്ന് ആഗ്രഹമുണ്ട്. പക്ഷേ അതിൽ പ്രധാനമായും രണ്ട് കാര്യങ്ങളാണ് ഞങ്ങളെ ബാധിക്കുന്നത്. ഒന്ന് നിലവിലെ ബിഎസ് 6 പോലുള്ള എമിഷൻ നിയമങ്ങൾ അനുസരിച്ച് ഒരു 2 സ്‌ട്രോക്ക് എഞ്ചിൻ നിർമിക്കുക എന്നത് അസാധ്യമാണ്. മറ്റൊന്ന് മറ്റൊരു വാഹനം നിർമിച്ച് അതിന് RX 100 എന്ന് പേര് നൽകിയാൽ അത് നിലവിലെ മോഡലിലിനോട് നീതി പുലർത്തുന്നതും ആകണം'- മാക്‌സ് എബൗട്ട് ന്യൂസിനോട് ഐഷിൻ പറഞ്ഞു.
എന്നായിരിക്കും ആർഎക്‌സ് 100 തിരികെ വരിക എന്ന ചോദ്യത്തിന് 2026 ന് ശേഷം മാത്രമേ അത് ഉണ്ടാവുക എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. നിലവിൽ യമഹയുടെ 2025 വരെയുള്ള വാഹന നിർമാണത്തിനുള്ള പ്ലാൻ തയാറായിക്കഴിഞ്ഞതാണ്. അതിൽ മാറ്റങ്ങൾക്ക് സാധ്യമല്ലാത്തതിനാലാണ് പുതിയ ആർഎക്‌സ് വൈകുന്നത്.
' പുതിയ ആർഎക്‌സ് 100 കൊണ്ടുവരാൻ തീർച്ചയായും ഞങ്ങൾക്ക് പദ്ധതിയുണ്ട്. എന്നാൽ ഏതെങ്കിലും ഒരു മോഡലിന് RX 100 എന്ന് പേര് നൽകിയാൽ അത് നിലവിലെ മോഡലിന്റെ പേര് കളങ്കപ്പെടുത്തുന്നതാകും. അതുകൊണ്ട് തന്നെ നല്ല കരുത്തുള്ള എഞ്ചിനും ആകർഷകമായ ഡിസൈനും സമയമെടുത്ത് നിർമിച്ച ശേഷം മാത്രമേ RX 100 പുറത്തിറക്കാൻ സാധിക്കൂ' - അദ്ദേഹം പറഞ്ഞു.
മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിൽ യമഹ ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കുമെന്നും അദ്ദഹം വ്യക്തമാക്കി. ഇന്ത്യയെ യമഹയുടെ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ എക്‌സ്‌പോർട്ട് ഹബാക്കാനാണ് തങ്ങളുടെ ശ്രമമെന്നും ഐഷിൻ ചിഹാന കൂട്ടിച്ചേർത്തു.