സ്‌കോര്‍പിയോ, സെലേറിയോ, ക്വിഡ്, ഇയോണ്‍... ഇന്ത്യയിലെ ജനപ്രിയകാറുകളുടെ സുരക്ഷ പരിതാപകരം
|ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയ അഞ്ച് കാറുകള്‍ക്കും പൂജ്യം സ്റ്റാറാണ് ലഭിച്ചത്...
ഇന്ത്യയിലെ ജനപ്രിയ കാറുകളായ സ്‌കോര്‍പിയോ, സെലേറിയോ, ക്വിഡ്, ഇയോണ്‍ തുടങ്ങിയവയെല്ലാം തന്നെ സുരക്ഷയുടെ കാര്യത്തില്‍ ഏറെ പിന്നിലാണെന്ന് റിപ്പോര്‍ട്ട്. ഗ്ലോബല്‍ എന്‍സിഎപി പുറത്തുവിട്ട ക്രാഷ് ടെസ്റ്റിലാണ് ഇന്ത്യന്‍ കാറുകളുടെ സുരക്ഷിതത്വമില്ലായ്മയുടെ വിവരങ്ങളുള്ളത്. ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയ അഞ്ച് കാറുകള്‍ക്കും പൂജ്യം സ്റ്റാറാണ് ലഭിച്ചത്.
അപകടത്തെ അതിജീവിക്കാനുള്ള കാറുകളുടെ ശേഷിയെ വിലയിരുത്തുന്നതിനാണ് ക്രാഷ് ടെസ്റ്റ് നടത്തുന്നത്. സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യയിലെത്തുമ്പോള്‍ ആഗോള കമ്പനികളെല്ലാം ഒരേ നിലവാരത്തിലാണെന്നതിന്റെ തെളിവ് കൂടിയായി ഈ ടെസ്റ്റ്. ഇന്ത്യയിലെ നിയമങ്ങള്‍ അത്രമേല്‍ കര്‍ശനമല്ലെന്നതും കമ്പനികളെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ നിന്നും പിന്നോട്ട് വലിക്കുന്നു. ഹുണ്ടായുടെ ഇയോണ്‍, മഹീന്ദ്രയുടെ സ്‌കോര്‍പിയോ, മാരുതി സുസുക്കിയുടെ ഈക്കോ, റെനോള്‍ട്ടിന്റെ ക്വിഡ്, മാരുതി സുസുക്കിയുടെ സെലേറിയോ തുടങ്ങിയ വാഹനങ്ങളെല്ലാം ക്രാഷ് ടെസ്റ്റില്‍ അമ്പേ പരാജയമായി.
റെനോള്‍ട്ട് പോലെ മറ്റു രാജ്യങ്ങളില്‍ സുരക്ഷക്ക് വലിയ പ്രാധാന്യം നല്‍കുന്ന കാര്‍ കമ്പനി പോലും ഇന്ത്യയിലെത്തുമ്പോള്‍ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നില്ലെന്നതും ശ്രദ്ധേയമാണ്. ക്വിഡിന്റെ എയര്‍ബാഗ് ഉള്ളതും ഇല്ലാത്തതുമായ മോഡലുകള്‍ ക്രാഷ് ടെസ്റ്റില്‍ പരീക്ഷിച്ചു. എല്ലാ മോഡലുകളും പൂജ്യം സ്റ്റാറാണ് ക്വിഡിന് ലഭിച്ചത്.
വാഹനങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങളുടെ കാര്യത്തില്‍ ഇന്ത്യയില്‍ കര്‍ശനമായ നിയമങ്ങള്‍ നിര്‍മ്മിക്കേണ്ടതിന്റെയും നടപ്പിലാക്കുന്നതിന്റെയും ആവശ്യകതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നതെന്ന് ഗ്ലോബല്‍ എന്‍സിഎപി സെക്രട്ടറി ഡേവിഡ് വാര്‍ഡ് പറയുന്നു. 2017 ഒക്ടോബര്‍ മുതവല്‍ ക്രാഷ് ടെസ്റ്റുകള്‍ നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. നിയമം നിലവില്‍ വരുന്നത് കാത്തു നില്‍ക്കാതെ സുരക്ഷ ഉറപ്പാക്കാന്‍ കാര്‍ നിര്‍മ്മാതാക്കള്‍ തയ്യാറാകണമെന്നും ഡേവിഡ് വാര്‍ഡ് കൂട്ടിച്ചേര്‍ത്തു.