അമ്പരപ്പിക്കുന്ന മൈലേജുമായി സ്വിഫ്റ്റ് ഹൈബ്രിഡ്
|രാജ്യത്തെ വാഹനപ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്തയുമായി സുസുക്കി സ്വിഫ്റ്റ്. കൂടുതല്‍ കരുത്തും സുന്ദരനുമാക്കി സുസുക്കി അണിയിച്ചൊരുക്കിയ പുതിയ മോഡല്‍ ഒട്ടേറെ സവിശേഷതകള്‍ കൊണ്ട് വിസ്മയിപ്പിക്കും.
രാജ്യത്തെ വാഹനപ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്തയുമായി സുസുക്കി സ്വിഫ്റ്റ്. കൂടുതല്‍ കരുത്തും സുന്ദരനുമാക്കി സുസുക്കി അണിയിച്ചൊരുക്കിയ പുതിയ മോഡല്‍ ഒട്ടേറെ സവിശേഷതകള്‍ കൊണ്ട് വിസ്മയിപ്പിക്കും. സ്വിഫ്റ്റിന്റെ ഹൈബ്രിഡ് പതിപ്പുമായാണ് സുസുക്കി ഇത്തവണ വാഹനപ്രേമികളുടെ മനം കവരുന്നത്. ജക്കാര്‍ത്തയിലെ ഇന്തോനേഷ്യ ഓട്ടോ ഷോയിലാണ് സ്വിഫ്റ്റ് ഹൈബ്രിഡിനെ സുസുക്കി പരിചയപ്പെടുത്തിയത്.
വാഹനം വാങ്ങാന്‍ ഒരുങ്ങുന്നവരില്‍ മൈലേജിന് പ്രാധാന്യം നല്‍കുന്നവരുടെ കണ്ണുതള്ളിക്കും പുത്തന്‍ സ്വിഫ്റ്റ് സ്ട്രോങ് ഹൈബ്രിഡ്. പുറംമോടിയിലും അകമേയും സ്വപ്നതുല്യമായ ചാരുത നല്‍കിയാണ് സുസുക്കി പുതിയ അവതാരത്തിന്റെ സൃഷ്ടി കര്‍മം നിര്‍വഹിച്ചിരിക്കുന്നത്. ഹണികോംമ്പ് ഗ്രില്ലിന് സുസുക്കിയോട് പ്രത്യേകം നന്ദി പറയണം. അത്രയും ആകര്‍ഷകമാണ് ഹൈബ്രിഡിന്റെ മുഖം. അലോയ് വീലുകളുടെ ഡിസൈനും ആകര്‍ഷകമാണ്.
1.2 ലിറ്റര്‍ 4 സിലിണ്ടര്‍ വി.വി.ടി പെട്രോള്‍ എന്‍ജിന്റെ വകഭേദത്തിലാണ് ഹൈബ്രിഡിന്റെ ഹൃദയം പ്രവര്‍ത്തിക്കുന്നത്. 5 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇതിലുള്ളത്. ഒരു ലിറ്റര്‍ പെട്രോളില്‍ 32 കിലോമീറ്റര്‍ സ്വിഫ്റ്റ് ഹൈബ്രിഡ് സഞ്ചരിക്കുമെന്നാണ് സുസുക്കിയുടെ അവകാശവാദം. നിലവില്‍ രാജ്യത്ത് വിറ്റഴിക്കപ്പെടുന്ന സ്വിഫ്റ്റ് പെട്രോളിന് 22 കിലോമീറ്ററാണ് ഇന്ധനക്ഷമത.
കാല്‍നട യാത്രക്കാരെ തിരിച്ചറിയാനായി പ്രത്യേക ലേസര്‍ സംവിധാനവും കാമറകളും സ്വിഫ്റ്റ് ഹൈബ്രിഡിലുണ്ട്. ഇരട്ട സെന്‍സറുകളുമായി പ്രവര്‍ത്തിക്കുന്ന ബ്രേക്ക്, കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തും. അതേസമയം, ഇന്ത്യന്‍ നിരത്തുകളിലേക്ക് എന്ന് ഹൈബ്രിഡ് എത്തുമെന്ന ചോദ്യത്തിന് സുസുക്കി കൃത്യമായൊരു ഉത്തരം നല്‍കിയിട്ടില്ല.