Auto
ഇതാണ് പുതിയ സാന്‍ട്രോ... മൈലേജും സവിശേഷതകളുമറിയാം...
Auto

ഇതാണ് പുതിയ സാന്‍ട്രോ... മൈലേജും സവിശേഷതകളുമറിയാം...

Web Desk
|
9 Oct 2018 8:48 AM GMT

പുതിയ സാന്‍ട്രോയുടെ എന്‍ജിന്‍ ശേഷി അടക്കമുള്ള വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടു കഴിഞ്ഞു. 1.1 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ന്യൂജന്‍ സാന്‍ട്രോയുടെ കരുത്ത്.

മാരുതിയുടെ പ്രതാപത്തിന് മങ്ങലേല്‍പ്പിച്ച് ഇന്ത്യന്‍ വാഹന വിപണിയില്‍ തരംഗങ്ങള്‍ സൃഷ്ടിച്ച ഹ്യുണ്ടായ് സാന്‍ട്രോ രണ്ടാം വരവിനൊരുങ്ങുകയാണ്. പുതിയ സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ച് ന്യൂജന്‍ മോഡലായാണ് സാന്‍ട്രോയുടെ പുതുതലമുറ അവതരിക്കുന്നത്. പുതിയ സാന്‍ട്രോയെ ഹ്യുണ്ടായ് ഇന്ന് ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ചു. ഒക്ടോബര്‍ 23 നാണ് പുത്തന്‍ സാന്‍ട്രോ വിപണിയില്‍ എത്തുക.

പുതിയ സാന്‍ട്രോയുടെ എന്‍ജിന്‍ ശേഷി അടക്കമുള്ള വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടു കഴിഞ്ഞു. 1.1 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ന്യൂജന്‍ സാന്‍ട്രോയുടെ കരുത്ത്. 5500 ആര്‍.പി.എമ്മില്‍ 69 ബി.എച്ച്.പി ശക്തിയും 4500 ആര്‍.പി.എമ്മില്‍ 99 എന്‍.എം ടോര്‍ക്കും നല്‍കുന്നതാണ് എന്‍ജിന്‍. 5 സ്‍പീഡ് മാനുവല്‍ ഗിയര്‍ സംവിധാനത്തിനൊപ്പം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമുണ്ട്. ഒരു ലിറ്റര്‍ പെട്രോളിന് 20.3 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. പെട്രോളിനൊപ്പം സി.എന്‍.ജി വകഭേദത്തിലും പുതിയ സാന്‍ട്രോ എത്തുന്നുണ്ട്. സി.എന്‍.ജി പതിപ്പില്‍ 30.5 കിലോമീറ്ററാണ് വാഗ്ദാനം ചെയ്യുന്ന മൈലേജ്. എ.എം.ടി സാങ്കേതിക വിദ്യയില്‍ എത്തുന്ന ആദ്യ ഹ്യുണ്ടായ് മോഡല്‍ കൂടിയാണ് പുതിയ സാന്‍ട്രോ.

നാളെ മുതല്‍ 22 വരെ ഓണ്‍ലൈനായി പ്രീ ബുക്കിങും ചെയ്യാന്‍ കഴിയും. മുന്‍ഭാഗത്തെ വലുപ്പമുള്ള കസ്കാഡ് ഗ്രില്‍, അകമ്പടിക്ക് ക്രോം എന്നിവ നേര്‍ക്കുനേര്‍ കാഴ്ചക്ക് ഭംഗി കൂട്ടുന്നവയാണ്. ഇന്‍റീരിയറിലും ഹ്യുണ്ടായ് വിട്ടുവീഴ്ചക്ക് തയാറല്ല. 17.64 സെന്‍റിമീറ്റര്‍ ടച്ച് സ്ക്രീന്‍ ഓഡിയോ വീഡിയോ സിസ്റ്റം, പാര്‍ക്കിങ് എളുപ്പമാക്കാന്‍ പിറകില്‍ കാമറ, സുരക്ഷക്ക് ഇ.ബി.ഡിക്കൊപ്പം എ.ബി.എസ്, എയര്‍ബാഗ് തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. വില കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും മൂന്നര ലക്ഷം രൂപക്ക് മുകളിലായിരിക്കും തുടക്കമെന്നാണ് സൂചനകള്‍.

Related Tags :
Similar Posts