Auto
ജാവയുടെ നല്ല സ്റ്റൈലന്‍ ബൈക്കുകള്‍... വിലയും പ്രത്യേകതകളും
Auto

ജാവയുടെ നല്ല സ്റ്റൈലന്‍ ബൈക്കുകള്‍... വിലയും പ്രത്യേകതകളും

Web Desk
|
17 Nov 2018 6:55 AM GMT

ഒട്ടേറെ സവിശേഷതകളുമായാണ് ജാവയുടെ ഈ തിരിച്ചുവരവ്. ഇരുചക്രവാഹനങ്ങളില്‍ നവോഥാനനായകനാണ് ജാവ 42.

ഇരുചക്രവാഹനങ്ങളില്‍ ഇതിഹാസതാരമായ ജാവയ്ക്ക് പുനര്‍ജന്മം. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ക്ലാസിക് ലെജന്‍ഡ്സിലൂടെയാണ് രണ്ടു ദശകത്തിന് ശേഷം ജാവ ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തുന്നത്. ജാവ, ജാവ 42 എന്നിങ്ങനെ രണ്ടു മോഡലുകളാണ് ക്ലാസിക് ലെജന്‍ഡ്സ് ഈ ഇതിഹാസത്തിന്റെ ആരാധകര്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. ഒട്ടേറെ സവിശേഷതകളുമായാണ് ജാവയുടെ ഈ തിരിച്ചുവരവ്. ഇരുചക്രവാഹനങ്ങളില്‍ നവോഥാനനായകനാണ് ജാവ 42. എതിരാളികളായ റോയല്‍ എന്‍ഫീല്‍ഡുമായി താരതമ്യം ചെയ്താല്‍ വിലയും അത്ര വലുതല്ല. ഡല്‍ഹിയിലെ എക്സ് ഷോറൂം വില 1.55 ലക്ഷം രൂപയാണ്.

ഡിസൈനിലെ പുതുമ കൊണ്ട് തന്നെ വളരെ ആകര്‍ഷകമായി അണിഞ്ഞൊരുങ്ങിയാണ് ജാവ 42 എത്തുന്നത്. ജാവ ബ്രാന്‍ഡുകളില്‍ ഏറ്റവും സുന്ദരനും ജാവ 42 തന്നെ. വലിയ ഇന്ധന ടാങ്കും ക്രോം ബേസലോടു കൂടിയ വൃത്താകൃതിയിലുള്ള ഹെഡ് ലാംപും നീളന്‍ ഹാന്‍ഡില്‍ബാറും ഹാന്‍ഡില്‍ബാറിന്റെ അറ്റത്ത് കണ്ണാടിയും ഫ്ലാറ്റ് ബെഞ്ച് സീറ്റുമൊക്കെയായാണ് ജാവ 42 ന്റെ സൃഷ്ടി. മഡ്ഗാര്‍ഡിന്റെയും ഇന്ധനടാങ്കിന്റെയും ഭംഗി വര്‍ധിപ്പിച്ച് നേര്‍ത്ത ഗോള്‍ഡന്‍ വര. സിഗാറിനോട് സാമ്യം തോന്നിപ്പിക്കുന്ന എക്സോസ്റ്റ് പൈപ്പ്. ആറു നിറങ്ങളില്‍ ജാവ 42 ലഭ്യമാണ്.

സാങ്കേതിക വിദ്യയിലും ആരോടും കിടപിടിക്കുന്ന രീതിയിലാണ് ജാവ 42 നെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഡിജിറ്റല്‍ ഒഡോമീറ്റര്‍, ലിക്വിഡ് കൂളിങ് സംവിധാനത്തോട് കൂടിയ റേഡിയേറ്റര്‍, ഫ്യൂവല്‍ ഇജെക്ഷന്‍ തുടങ്ങിയവയാണ് മറ്റു പ്രധാന സവിശേഷതകള്‍. 293 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ജാവ 42 ന്റെ കരുത്ത്. 27 ബി.എച്ച്.പി കരുത്തും 28 എൻ.എം കുതിപ്പു ശേഷിയുമാണിവയ്ക്ക്. ആറ് സ്‍പീഡ് ട്രാന്‍സ്‍മിഷനിലാണ് ജാവ 42 കുതിക്കുക. എ.ബി.എസ് സുരക്ഷയും ഇതിലുണ്ട്. 1369 എം.എം ആണ് വീല്‍ബേസ്. 765 എം.എം ആണ് ഉയരം. 170 കിലോഗ്രാമാണ് ഭാരം. 14 ലിറ്ററാണ് ഇന്ധനടാങ്കിന്റെ ശേഷി.

Similar Posts