Auto
കന്‍സപ്റ്റ് മോഡലിലൊരു കോംപാക്ട് എസ്.യു.വി; നിസാന്‍ മാഗ്‍നൈറ്റ് വിപണിയിലെത്തി
Auto

കന്‍സപ്റ്റ് മോഡലിലൊരു കോംപാക്ട് എസ്.യു.വി; നിസാന്‍ മാഗ്‍നൈറ്റ് വിപണിയിലെത്തി

|
7 Dec 2020 2:14 PM GMT

4.99 ലക്ഷം രൂപയില്‍ തുടങ്ങി 9.35 രൂപയില്‍ അവസാനിക്കുന്ന മാഗ്‍നൈറ്റിന് മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളാണുള്ളത്

വാഹന പ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം നിസാന്‍ മാഗ്‍നൈറ്റ് വിപണിയിലെത്തി. കോംപാക്ട് എസ്.യു.വി സെഗ്‍മെന്‍റില്‍ ഒരു കൈ നോക്കാനുറച്ച് തന്നെയാണ് നിസാന്‍ മാഗ്‍നൈറ്റിനെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും അധികം ആരാധകരുള്ള വാഹന സെഗ്‍മെന്‍റാണിത്. മാരുതി വിറ്റേര ബ്രസ്സ, കിയ സോണറ്റ്, ഹ്യുണ്ടായ് വെന്യൂ, ടൊയോട്ട അര്‍ബണ്‍ ക്രൂയിസര്‍, മഹിന്ദ്ര എക്സ്.യു.വി 300, ടാറ്റ നെക്സോണ്‍, ഫോര്‍ഡ് ഇക്കോ സ്പോര്‍ട്ട് തുടങ്ങി ഇപ്പോള്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ കുതിച്ചുകൊണ്ടിരിക്കുന്ന വമ്പന്‍മാര്‍ക്കിടയിലേക്ക് പൊരുതാനുറച്ച് തന്നെയാണ് നിസാന്‍ മാഗ്‍നൈറ്റിനെ ഇറക്കിയിരിക്കുന്നത്.

എസ്.യു.വിയുടെ ഗാംഭീര്യവും ഫാമിലി കാറുകളുടെ യാത്രാസുഖവും ഒരു പോലെ ആസ്വദിക്കാവുന്ന കോംപാക്ട് എസ്.യു.വികളോടുള്ള ഇന്ത്യന്‍ വാഹന പ്രേമികളുടെ പ്രിയം കമ്പനി കണ്ടറിഞ്ഞതാണ് മാഗ്‍നൈറ്റിന്‍റെ പിറവിക്ക് കാരണം. കയ്യിലൊതുങ്ങുന്ന വില തന്നെയാണ് മാഗ്‍നെറ്റിനെ തന്‍റെ എതിരാളികളില്‍ നിന്നും വ്യത്യസ്ഥനാക്കുന്നത്.

4.99 ലക്ഷം രൂപയില്‍ തുടങ്ങി 9.35 രൂപയില്‍ അവസാനിക്കുന്ന മാഗ്‍നൈറ്റിന് മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളാണുള്ളത്. 1 ലറ്റര്‍ പെട്രോള്‍, 1 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ സി.വി.ടി എന്നീ എഞ്ചിന്‍ ഓപ്ഷനുകളിലാണ് മാഗ്‍നൈറ്റ് എത്തുക. എക്സ്.ഇ, എക്സ്,എല്‍, എക്സ്.വി, എക്സ്.വി പ്രീമിയം എന്നിങ്ങനെ നാല് വേരിയന്‍റുകളില്‍ വാഹനം ലഭിക്കും.

72 ബി.എച്ച്.പി കരുത്തുള്ള ഒരു ലീറ്റർ, ബി. ഫോർ ഡി. ഡ്യുവൽ വി.വി.ടി എൻജിനും 100 ബി.എച്ച്.പി കരുത്തുള്ള ഒരു ലീറ്റർ, എച്ച്.ആർ.എ സീറോ ടർബോ ചാർജ്ഡ് എൻജിനുമുണ്ട്. ഫൈവ് സ്പീഡ് മാനുവൽ, എക്സ് ട്രോണിക് സി.വി.ടി (ഓട്ടമാറ്റിക്) ഗീയർബോക്സുകളാണ് മാഗ്‍നൈറ്റിന്‍റെ ട്രാന്‍സ്മിഷന്‍ വിഭാഗത്തെ സമ്പന്നമാക്കുന്നത്‍.

കണ്‍സപ്റ്റ് മോഡലില്‍ നിന്നും ഏറെ വ്യത്യസ്ഥമല്ലാത്ത ഡിസൈനില്‍ തന്നെയാണ് വാഹനം വിപണിയിലെത്തിയത്. ചെത്തിയെടുത്ത പോലുള്ള ബോണറ്റിന് താഴെയായി വലിയ ഹണികോം ഗ്രില്ലിന് നടുവിലായി നിസാന്‍റെ പുതിയ വീതിയേറിയ ലോഗോ കാണാം. ആംഗുലര്‍ ഹെഡ്‍ലാമ്പ് യൂണിറ്റാണ്. ബോണറ്റില്‍ നിന്നും സ്കിഡ് പ്ലേറ്റിലേക്ക് ഒഴുകിയിറങ്ങുന്ന ഡേ ടൈം റണ്ണിംഗ് ലാമ്പുകളും മുന്‍ഭാഗത്തിന്‍റെ അഴ്ക് കൂട്ടുന്നു.

മൊത്തത്തില്‍ മസ്കുലറാണ് മാഗ്‍നൈറ്റ്. വശങ്ങളിൽ പ്രകടമായ ബോഡി ക്ലാഡിങ്ങും വലുപ്പം തോന്നിപ്പിക്കുന്ന വീൽ ആർച്ചുകളും വാഹനത്തിന്‍റെ എസ്.യു.വി ഭാവം ഇരട്ടിയാക്കുന്നു. എൽ.ഇ.ഡി ടെയിൽ ലൈറ്റ് സെറ്റുകള്‍, ലാളിത്യമാര്‍ന്ന ടെയിൽ ഗേറ്റ്, തട്ടുകളായി തിരിച്ച ബംപർ, റൂഫ് സ്പോയ്‍ലർ എന്നിവ വാഹനത്തിന്‍റെ ആകാരത്തിന് മാറ്റ് കൂട്ടുന്നു.

ഇന്ത്യയിൽ നിസാന്‍റെ പുതിയ ലോഗോ സഹിതം വിപണിയിലെത്തുന്ന ആദ്യ മോഡലാണ് മാഗ്‌നൈറ്റ്. 7 ഇഞ്ച് ടി.എഫ്.ടി കളർ ഡിസ്പ്ലെയുള്ള മീറ്റർ ക്ലസ്റ്റർ, 360 ഡിഗ്രി ക്യാമറ തുടങ്ങി ന്യൂജന്‍ വാഹനങ്ങളുടെ അകത്തളങ്ങളില്‍ ഇടംപിടിക്കുന്നതെല്ലാം മാഗ്‍നെറ്റിലും വലിയ ഗിമ്മിക്കുകളില്ലാതെ കമ്പനി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Similar Posts