100 ല്‍ കുറഞ്ഞത് 10 എണ്ണമെങ്കിലും ഇല്കട്രിക് ആയിരിക്കണം; പുതിയ വാഹന നയവുമായി മഹാരാഷ്ട്ര
|2025-ല്‍ 10 ശതമാനം ഇലക്ട്രിക് ടൂ വീലറുകളും 20 ശതമാനം ഓട്ടോറിക്ഷകളും അഞ്ച് ശതമാനം കാറുകളും ഇലക്ട്രിക് ആക്കാന്‍ സാധിക്കുമെന്നാണ് മഹാരാഷ്ട്രയുടെ പ്രതീക്ഷ
ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കാനായി പുതിയ നീക്കവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. 2025 ഓടെ മുംബൈയില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളില്‍ 10 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഇക്കണോമിക്ക് ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. മഹാരാഷ്ട്ര ഒരുക്കിയിട്ടുള്ള ഇലക്ട്രിക് വാഹന നയത്തിലാണ് ഇക്കാര്യം പരാമര്‍ശിച്ചിട്ടുള്ളത്. 100 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ ഏറ്റവും കുറഞ്ഞത് പത്ത് വാഹനങ്ങളെങ്കിലും ഇലക്ട്രിക് ആയിരിക്കണമെന്നാണ് റിപ്പോര്‍ട്ട്.
2025-ല്‍ 10 ശതമാനം ഇലക്ട്രിക് ടൂ വീലറുകളും 20 ശതമാനം ഓട്ടോറിക്ഷകളും അഞ്ച് ശതമാനം കാറുകളും ഇലക്ട്രിക് ആക്കാന്‍ സാധിക്കുമെന്നാണ് മഹാരാഷ്ട്രയുടെ പ്രതീക്ഷ. 2025 ആകുന്നതോടെ മഹാരാഷ്ട്രയുടെ നിരത്തുകളില്‍ ഓടുന്നതില്‍ ഭൂരിഭാഗവും ഇലക്ട്രിക് വാഹനമാക്കാനാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. മഹാരാഷ്ട്രയിലെ പ്രധാന നഗരങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാനും ഇലക്ട്രിക് വാഹന നയത്തില്‍ നിര്‍ദേശിക്കുന്നുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ എം.എസ്.ആര്.ടി.സിയുടെ ബസുകളുടെ 15 ശതമാനം ഇലക്ട്രിക്കിലേക്ക് മാറ്റുന്നതും വകുപ്പ് ആലോചിക്കുന്നുണ്ട്. പ്രതിവര്‍ഷം 32000 ഇലക്ട്രിക് വാഹനളാണ് ഇപ്പോള്‍ ഇവിടെ രജിസ്റ്റര്‍ ചെയ്യുന്നത്. നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ക്കായി കൂടുതല്‍ ചാര്‍ജിങ്ങ് സ്റ്റേഷനുകളും മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരുക്കും.
മുംബൈ നഗരത്തില്‍ 1500, പൂനെയില്‍ 500, നാഗ്പുരില്‍ 150, നാസികില്‍ 100, ഔറംഗാബാദില്‍ 75 എന്നിങ്ങനെയാണ് ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ നിര്‍മിക്കുന്നത്. ഇതിനുപുറമെ, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിര്‍മ്മാണത്തിനായി ഫാക്ടറി നിര്‍മ്മിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്.