ആക്ടീവ മുതൽ ഹൈനസ് 350യെ വരെ തിരിച്ചു വിളിച്ച് ഹോണ്ട, എന്തുകൊണ്ടാണെന്നറിയാം
|ഇത്തരത്തിൽ പ്രശ്‌നമുള്ള വാഹനങ്ങളുടെ തകരാർ ഹോണ്ട സൗജന്യമായി പരിഹരിച്ചു കൊടുക്കും.
തങ്ങളുടെ പ്രമുഖ മോഡലുകളെ തിരിച്ചു വിളിച്ച് ഹോണ്ട. ഇന്ത്യയിൽ ഹോണ്ട ഏറ്റവും കൂടുതൽ വിൽക്കുന്ന മോഡലായ ആക്ടീവ മുതൽ അവരുടെ പ്രീമിയം മോഡലായ ഹൈനസ് 350യെ വരെ തിരിച്ചു വിളിക്കപ്പെട്ട പട്ടികയിലുണ്ട്.
തിരിച്ചുവിളിച്ച മോഡലുകൾ
- ആക്ടീവ 5ജി
- ആക്ടീവ 6ജി
- ആക്ടീവ 125
- സിബി ഷൈൻ
- ഹോർണറ്റ് 2.0
- എക്‌സ്-ബ്ലേഡ്
- ഹൈനസ്-350
- സിബി 300 ആർ
എന്നീ 8 മോഡലുകളെയാണ് ഹോണ്ട തിരിച്ചുവിളിച്ചത്.
2019 നവംബറിനും 2021 ജനുവരിക്കും ഇടയിൽ നിർമിക്കപ്പെട്ട മോഡലുകളെയാണ് ജപ്പാനീസ് കമ്പനിയായ ഹോണ്ട തിരിച്ചു വിളിക്കുന്നത്. എന്നാൽ എത്ര യൂണിറ്റുകൾ ഇതിൽ ഉൾപ്പെടുമെന്ന് ഹോണ്ട വെളിപ്പെടുത്തിയിട്ടില്ല.
ഈ മോഡലുകളുടെ റിഫ്‌ളക്റ്ററിന്റെ പ്രശ്‌നം മാറ്റാനാണ് വാഹനങ്ങൾ തിരിച്ചു വിളിക്കുന്നത്. നിലവിൽ ഈ മോഡലുകളിലുള്ള റിഫള്കറ്ററുകൾ ഫോട്ടോമെട്രിക് പ്രൊവിഷൻ പാലിക്കുന്നില്ല എന്ന കണ്ടെത്തിയതിനെ തുടർന്നാണ് കമ്പനിയുടെ നടപടി. ഇത് വാഹനത്തെ എങ്ങനെ ബാധിക്കുമെന്ന ചോദ്യത്തിന് കമ്പനിയുടെ മറുപടി ഇങ്ങനെയാണ്.- കൃത്യമായ രീതിയിലല്ല റിഫള്കറ്ററുകൾ എങ്കിൽ വെളിച്ചത്തിന്റെ പ്രതിഫലനം കുറയും തന്മൂലം വളവുകളിലും തിരിവുകളിലും വാഹനത്തിന്റെ വിസിബിലിറ്റി കുറയും പ്രത്യേകിച്ചും രാത്രിയിൽ- ഹോണ്ട് ഈ പ്രശ്‌നത്തെ വലിയ പ്രശ്‌നമായി തന്നെയാണ് കാണുന്നത്. മുന്നിലെ സസ്‌പെൻഷനുമായി ചേർന്നു നിൽക്കുന്ന റിഫള്ക്റ്ററിനാണ് പ്രശ്‌നം കണ്ടെത്തിയത്.
പ്രശ്‌നമുള്ള വാഹനങ്ങളുടെ ഉടമകളെ ഹോണ്ട ഇ-മെയിൽ, കോൾ, എസ്എംഎസ് എന്നീവ വഴികളിലൂടെ അറിയിക്കും. ഉടമകൾക്ക് കമ്പനിയുടെ വെബ്‌സൈറ്റിൽ ഈ ക്യാമ്പയിനിന്റെ വിഭാഗത്തിൽ തങ്ങളുടെ വാഹനത്തിന്റെ വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പർ (VIN) നൽകിയും ഇക്കാര്യം പരിശോധിക്കാം.
ഇത്തരത്തിൽ പ്രശ്‌നമുള്ള വാഹനങ്ങളുടെ തകരാർ ഹോണ്ട സൗജന്യമായി പരിഹരിച്ചു കൊടുക്കും. സിബി 300 ആർ, ഹൈനസ് 350 എന്നീ വാഹന ഉടമകൾ തകരാർ മാറ്റാൻ ഹോണ്ട ബിഗ് വിങ് ഷോറൂമുകൾ തന്നെ സന്ദർശിക്കണം. ബാക്കി വാഹന ഉടമകൾക്ക് സാധാരണ ഷോറൂമുകളിൽ വച്ച് തകരാർ പരിഹരിക്കാം. ജൂൺ ആദ്യം മുതലാണ് ഹോണ്ട ഇത്തരത്തിലൊരു ക്യാമ്പയിൻ തുടങ്ങിയത്.