പഴയ മാരുതി സ്വിഫ്റ്റിനെ ലംബോർഗിനിയാക്കി മാറ്റി വാഹന മെക്കാനിക്ക്
|ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സിനിമയുടെ ആരാധകനായ നൂറുൽ ഹഖിന് എപ്പോഴും സിനിമയിൽ കാണുന്ന ലംബോർഗിനി ഓടിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു.
സ്വന്തമായി ഒരു ലംബോർഗിനി കാർ വാങ്ങണമെന്നുണ്ട്, പക്ഷേ അത്രയും പണം കൈയിലില്ല, സ്വന്തമായുള്ളത് ഒരു പഴയ മാരുതി സ്വിഫ്റ്റ് കാറും. നൂറുൽ ഹഖ് എന്ന അസം സ്വദേശിയായ വാഹന മെക്കാനിക്ക് പിന്നെയൊന്നും നോക്കിയില്ല സ്വന്തം കൈയിലുള്ള സ്വിഫ്റ്റിനെ ഒരു ലംബോർഗിനിയാക്കി മാറ്റി.
അസമില്ല കരിംഗഞ്ച് ജില്ലയിൽ നിന്നാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായ ഈ ലംബോർഗിനി പിറവി കൊണ്ടത്. 31 കാരനായ നൂറുൽ ഹഖ് എട്ട് മാസം കൊണ്ടാണ് തന്റെ സ്വിഫ്റ്റിനെ ഇത്തരത്തിൽ രൂപമാറ്റം വരുത്തിയത്. പക്ഷേ ഇങ്ങനെ രൂപമാറ്റം വരുത്താൻ 6.2 ലക്ഷം രൂപയാണ് ഹഖിന് ചെലവായത്. ഹോളിവുഡ് സിനിമയായ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്റെ ആരാധകനായ നൂറുൽ ഹഖ് എപ്പോഴും സിനിമയിൽ കാണുന്ന ലംബോർഗിനി ഓടിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കോവിഡ് വ്യാപനത്തിന്റെ ഭാഗമായി ആദ്യ ലോക്ഡൗണിൽ വീട്ടിലിരിക്കേണ്ടി വന്നപ്പോഴാണ് തന്റെ ആഗ്രഹ പൂർത്തീകരണത്തിനായി ഹഖ് പണി ആരംഭിച്ചത്.
പഴയ സ്വിഫ്റ്റിന്റെ ബോഡി പൂർണമായും അഴിച്ചുമാറ്റി യുട്യൂബ് വീഡിയോകൾ കണ്ടാണ് ലംബോർഗിനിയുടെ ബോഡി ഹഖ് നിർമിച്ചെടുത്തത്. അതേസമയം ഇതിന് ഇത്രയും ചെലവ് വരുമെന്ന് താൻ കരുതിയില്ലെന്ന് നൂറുൽ ഹഖ് പറഞ്ഞു. ഇത്തരത്തിൽ രൂപമാറ്റം വരുത്തുന്നത് നിയമവിധേയമാണോ എന്ന് തനിക്ക് അറിയില്ലെന്നും എന്നാലും ഈ കാർ അസം മുഴുവൻ ഓടിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും നൂറുൽ ഹഖ് പറഞ്ഞു.
ലംബോർഗിനി നിർമാണത്തിലൂടെ പ്രദേശത്ത് പ്രശസ്തനായി മാറിയതോടെ നൂറുൽ ഹഖ് ഇപ്പോൾ പുതിയ പദ്ധതികളിലാണ്- ഒരു ഫെറാറി കാർ നിർമിക്കാനുള്ള പദ്ധതിയിലാണ് നൂറുൽ ഹഖ്.