ലോക ബാഡ്മിന്റണ്‍: സൈനയും സിന്ധുവും സായ് പ്രണീതും ക്വാര്‍ട്ടറില്‍, ശ്രീകാന്ത് പുറത്ത്
|സൈന നെഹ്വാളും പിവി സിന്ധുവും സായ് പ്രണീതും ക്വാര്‍ട്ടറില്‍ കടന്നു. അതേസമയം കെ ശ്രീകാന്ത് പുറത്തായി. ലോക ആറാം നമ്പറായ ശ്രീകാന്തിനെ 39ആം റാങ്കിലുള്ള ഡാരന്‍ ലിയുവാണ് അട്ടിമറിച്ചത്...
ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍താരങ്ങള്‍ക്ക് മുന്നേറ്റം. സൈന നെഹ്വാളും പിവി സിന്ധുവും സായ് പ്രണീതും ക്വാര്‍ട്ടറില്‍ കടന്നു. അതേസമയം കെ ശ്രീകാന്ത് പുറത്തായി.
നാലാം സീഡ് തായ്ലാന്ഡിന്റെ ഇന്റനോണ്‍ റാച്ചനോക്കിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സൈന തോല്‍പ്പിച്ചത്. സ്കോര്‍ 21-16, 21-19. തുടര്‍ച്ചയായ എട്ട് ലോക ചാംപ്യന്‍ഷിപ്പുകളില്‍ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ വനിതാ താരമാണ് സൈന. ദക്ഷിണകൊറിയയുടെ സങ് ജി ഹ്യൂനെയാണ് സിന്ധുതോല്പ്പിച്ചത്. സ്കോര്‍ 21-10, 21-18. ഡാനിഷ് താരം ഹാന്‍സ് ക്രിസ്റ്റ്യനെ അനായാസമായാണ് സായ് പ്രണീത് മറികടന്നത്.
അതേസമയം പുരുഷ സിംഗിള്‍സിലെ പ്രതീക്ഷയായിരുന്ന കെ ശ്രീകാന്ത് മലേഷ്യന്‍ താരത്തോട് തോറ്റ് പുറത്തായി. ലോക ആറാം നമ്പറായ ശ്രീകാന്തിനെ 39ആം റാങ്കിലുള്ള മലേഷ്യയുടെ ഡാരന്‍ ലിയുവാണ് നേരിട്ടുള്ള ഗെയിമുകളില്‍ അട്ടിമറിച്ചത്. സ്കോര്‍ 18-21, 18-21. മിക്സഡ് ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ സാത്വിക് സായ്രാജ് സഖ്യവും ക്വാര്‍ട്ടറിലെത്തി.