Health
കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാം; അമ്മയുടെ ആരോഗ്യം സംരക്ഷിക്കാം
Health

കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാം; അമ്മയുടെ ആരോഗ്യം സംരക്ഷിക്കാം

Web Desk
|
29 July 2021 3:15 AM GMT

കുഞ്ഞുങ്ങള്‍ക്ക് പാല്‍ കൊടുക്കുന്നത് സംബന്ധിച്ച് നിരവധി അന്ധവിശ്വാസങ്ങളാണ് നിലവിലുള്ളത്..

ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിന്‍റെയും അവകാശമാണ് മുലപ്പാല്‍. കുഞ്ഞുങ്ങള്‍ മുലകുടിക്കുന്നതു വഴി കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ല അമ്മമാര്‍ക്കും നിരവധി ഗുണങ്ങളുണ്ട്. കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കണം. അമ്മയുടേയും കുഞ്ഞിന്‍റേയും ബന്ധം ഊട്ടിയുറപ്പിക്കുന്ന മുലയൂട്ടല്‍ അസാധാരണ സാഹചര്യത്തിലോ ഡോക്ടര്‍മാരുടേ നിര്‍ദേശത്താലോ അല്ലാതെ നിര്‍ത്തരുത്.

കുഞ്ഞുണ്ടായി ആദ്യ രണ്ടു മൂന്നു ദിവസത്തേക്ക് സ്തനങ്ങളിലുള്ള മഞ്ഞ കലര്‍ന്ന കട്ടിയുള്ള പാലാണ് കൊളസ്ട്രം. ഇത് കുഞ്ഞുങ്ങള്‍ക്ക് നല്‍കരുതെന്ന് കരുതുന്നവര്‍ ഇപ്പോഴുമുണ്ട്. ആദ്യത്തെ പാല്‍ അളവില്‍ കുറവ് മാത്രമേ ഉണ്ടാകൂ. ഇതുകൊണ്ട് കുഞ്ഞിന്‍റെ വിശപ്പ് മാറില്ലെന്ന് കരുതുന്നതും തീര്‍ത്തും തെറ്റാണ്.

അമ്മമാരുടെ ആദ്യത്തെ പാലിലാണ് കുഞ്ഞിന് അത്യാവശ്യമായ വിറ്റാമിന്‍ എയും ആന്‍റി ബോഡികളും അടങ്ങിയിട്ടുള്ളത്. അത് നിഷേധിക്കുന്നതുവഴി കുട്ടിയുടെ പ്രതിരോധശേഷി കുറക്കുകയും അഞ്ചാംപനി, അണുബാധ എന്നിവയില്‍ നിന്ന് കുഞ്ഞിന് ലഭിക്കേണ്ട സംരക്ഷണം ഇല്ലാതാക്കുകയുമാണ് ചെയ്യുന്നത്. ശിശുവിന്‍റെ ദഹനസംവിധാനത്തിനു കട്ടിയാഹാരങ്ങളെ ദഹിപ്പിക്കാന്‍ കഴിവില്ല. മുലപ്പാലാകട്ടെ ദഹിക്കാന്‍ എളുപ്പവുമാണ്. അതുകൊണ്ടുതന്നെ ഏറ്റവും സുരക്ഷിതമായ ആഹാരമാണ് മുലപ്പാല്‍.

ആറു മാസം വരെ മുലപ്പാല്‍ മാത്രം കുടിച്ചുവളരുന്ന കുഞ്ഞുങ്ങള്‍ക്കു തലച്ചോറിന്‍റെ വളര്‍ച്ചയും വികസനവും അതുവഴി, ബുദ്ധിവികാസവും ആശയഗ്രഹണശക്തിയും കൂടുതലായിരിക്കും. മറ്റു കുട്ടികളെ അപേക്ഷിച്ചു രോഗപ്രതിരോധശക്തിയും കൂടുതലാണ്. ഇവര്‍ക്കു ന്യൂമോണിയ, വയറിളക്കം, ചെവിപഴുപ്പ്, ആസ്മ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാനും സാധ്യത കുറവാണ്.

കൂടാതെ മുലയൂട്ടുന്നത് മൂലം സ്ത്രീകളില്‍ ബ്രസ്റ്റ് ക്യാന്‍സര്‍, അണ്ഡാശയ ക്യാന്‍സര്‍ ഇവ വരാതെയിരിക്കുവാന്‍ സഹായിക്കുന്നുവെന്നും പറയുന്നു. എത്രയുമധികനാള്‍ മുലയൂട്ടുന്നുവോ അത്രയുമേറെ അമ്മയ്ക്ക് ഈ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയുന്നു. മുലയൂട്ടുന്നതിന്നാല്‍ അമ്മയുടെ ശരീരഭാരം കൂടാതെയിരിക്കുവാനും, ഒരു പരിധിവരെ കുറയുവാനും സഹായിക്കുന്നു.

ദിവസം എട്ടു മുതല്‍ 12 വരെ തവണ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കണം. രണ്ടു മുതല്‍ മൂന്നു വരെ മണിക്കൂര്‍ ഇടവിട്ടാണ് മുലയൂട്ടേണ്ടത്. വൈകുന്നേരവും രാത്രിയും കൂടുതല്‍ പാല്‍ ഉണ്ടാവുമെന്നതിനാല്‍ രാത്രിയിലെ മുലയൂട്ടല്‍ ഉറപ്പാക്കണം. 15 മുതല്‍ 20 മിനിറ്റുവരെയോ കുഞ്ഞ് നിര്‍ത്തുന്നതുവരെയോ മുലയൂട്ടാം.

ദിവസവും ആറുമുതല്‍ എട്ടുതവണ വരെ മൂത്രമൊഴിക്കുകയോ രണ്ടു മുതല്‍ നാലു വരെ തവണ മലവിസര്‍ജനം നടത്തുകയോ ചെയ്താല്‍ കുട്ടിക്ക് ആവശ്യത്തിന് മുലപ്പാല്‍ ലഭിക്കുന്നുവെന്നാണ് അര്‍ഥം. ജനിച്ച് രണ്ടാഴ്ചയ്ക്കുശേഷം ആഴ്ചതോറും കുട്ടിക്ക് 150 മുതല്‍ 200 ഗ്രാം തൂക്കം വരെ കൂടുന്നുണ്ടെങ്കില്‍ കുഞ്ഞിന് ആവശ്യത്തിന് പാല് ലഭിക്കുന്നുണ്ട്.

ആദ്യ ആറുമാസം കുഞ്ഞിന് ആവശ്യമായ പോഷകഘടകങ്ങള്‍ മുലപ്പാലിലൂടെ കിട്ടും. അതിനാല്‍ ഈ കാലയളവില്‍ വെള്ളം, ചായ, മറ്റു പാല്‍, പഴച്ചാര്‍, തേന്‍ തുടങ്ങിയവയൊന്നും കുഞ്ഞിന് നല്‍കേണ്ടതില്ല. ആറുമാസത്തിനുശേഷം മാത്രമേ കുഞ്ഞിന് വെള്ളമോ മറ്റു ഭക്ഷണ പദാര്‍ത്ഥങ്ങളോ കൊടുത്തു തുടങ്ങാവൂ. ഇതിന് മുന്‍പ് വെള്ളം കൊടുക്കുന്നത് പോലും നല്ലതല്ല. കുഞ്ഞിന് ആവശ്യമുള്ളത്ര മുലപ്പാല്‍ ഏതാണ്ട് എല്ലാ അമ്മമാരിലും ഉണ്ട്. ആദ്യ ആറുമാസം പാലുല്‍പ്പന്നങ്ങളോ ബേബി ഫുഡോ കുഞ്ഞിന് കൊടുക്കരുത്.

Similar Posts