Business
Adani
Business

വിശ്വാസം തിരിച്ചുപിടിക്കണം; ബോണ്ട് റോഡ് ഷോയുമായി അദാനി

Web Desk
|
1 March 2023 10:34 AM GMT

ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ അദാനി ഗ്രൂപ്പിന്‍റെ വിപണി മൂല്യത്തിൽനിന്ന് 140 ബില്യൺ ഡോളറാണ് ഒലിച്ചുപോയത്

മുംബൈ: ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെയുണ്ടായ തിരിച്ചടി മറികടക്കാൻ നിക്ഷേപകർക്കായി ബോണ്ട് റോഡ് ഷോ സംഘടിപ്പിക്കാൻ അദാനി ഗ്രൂപ്പ്. ബോണ്ടുകൾ വഴി 1.5 ബില്യൺ ഡോളര്‍ കണ്ടെത്താനാണ് ഗ്രൂപ്പിന്റെ ശ്രമം. ഈയാഴ്ച ഏഷ്യൻ രാജ്യങ്ങളിലുടനീളം ഇത്തരം ഷോകൾ നടക്കുമെന്ന് ബ്ലൂംബർഗും റോയിട്ടേഴ്‌സും റിപ്പോർട്ടു ചെയ്യുന്നു. ഗ്രൂപ്പ് ചീഫ് ഫൈനാൻഷ്യൽ ഓഫീസർ ജുഗെഷിൻദർ സിങ്ങാണ് ഷോക്ക് നേതൃത്വം നൽകുന്നത്.

ഫെബ്രുവരി 27ന് സിംഗപൂരിലും 28, മാർച്ച് ഒന്ന് തിയ്യതികളിൽ ഹോങ്കോങ്ങിലും ഇതുമായി ബന്ധപ്പെട്ട യോഗം നടന്നു. നിക്ഷേപക വിശ്വാസം തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി 20000 കോടി രൂപയുടെ ഫോളോ ഓൺ പബ്ലിക് ഓഫർ നേരത്തെ അദാനി റദ്ദാക്കിയിരുന്നു. അതിനു പിന്നാലെ 500 മില്യൺ ഡോളർ വിദേശ കടം തിരിച്ചടയ്ക്കുകയും ചെയ്തു. എന്നാല്‍ അതിനു ശേഷവും വിപണിയിലെ ഇടിവ് പിടിച്ചുനിര്‍ത്താന്‍ അദാനി ഗ്രൂപ്പിനായിരുന്നില്ല. മാർച്ച് അവസാനത്തോടെ 690-790 മില്യൺ യുഎസ് ഡോളർ വായ്പ തിരിച്ചടക്കാന്‍ ഗ്രൂപ്പിന് പദ്ധതിയുണ്ട്.

ജനുവരി 24ന് പുറത്തുവന്ന ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ അദാനി ഗ്രൂപ്പിലെ ഏഴ് ലിസ്റ്റഡ് കമ്പനിയുടെ വിപണി മൂല്യത്തിൽനിന്ന് 140 ബില്യൺ ഡോളറാണ് ഒലിച്ചുപോയത്. മൂല്യം പെരുപ്പിച്ചു കാട്ടിയാണ് അദാനി ഓഹരികളുടെ വിനിമയം നടക്കുന്നത് എന്നാണ് റിപ്പോർട്ടിൽ പ്രധാനമായും ആരോപിച്ചിരുന്നത്. എന്നാൽ ആരോപണങ്ങൾ തള്ളിയ അദാനി ഗ്രൂപ്പ് യുഎസ് ഫോറൻസിക് റിസർച്ച് സ്ഥാപനത്തിനെതിരെ നിയമനടപടിയുമായി മുമ്പോട്ടു പോകുകയാണ്. കമ്പനികൾക്കേറ്റ തിരിച്ചടി വ്യക്തിപരമായി ഗൗതം അദാനിക്കും നഷ്ടമായി. ജനുവരി 24ന് ലോക സമ്പന്നപ്പട്ടികയിൽ രണ്ടാമതുണ്ടായിരുന്ന അദാനി ഇപ്പോൾ 23-ാം സ്ഥാനത്താണ്.

അതിനിടെ, ഒരു സോവറീൻ വെൽത്ത് ഫണ്ടിൽനിന്ന് അദാനി ഗ്രൂപ്പ് 3 ബില്യൺ യുഎസ് ഡോളർ സ്വന്തമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്തു. അഞ്ചു ബില്യൺ ഡോളർ വരെ ഉയർത്താൻ കഴിയുന്ന ഫണ്ടാണിത്. കഴിഞ്ഞ മാസം ആദ്യം നോർവേ സോവറീൻ വെൽത്ത് ഫണ്ട് അദാനി ഓഹരികൾ വിറ്റൊഴിവാക്കിയിരുന്നു. ഗ്രൂപ്പിലെ മൂന്നു കമ്പനികളിൽ 200 മില്യൺ യുഎസ് ഡോളറിലേറെ വരുന്ന നിക്ഷേപമാണ് വെൽത്ത ഫണ്ട് കൈമാറിയിരുന്നത്.

Related Tags :
Similar Posts