അദാനി എന്റർപ്രൈസിന്റെ ഓഹരിയിടിഞ്ഞത് 76%; നഷ്ടം മൂന്നു ലക്ഷം കോടി
|ആഗോള കോടീശ്വരപ്പട്ടികയിൽ പത്തു ദിവസം മുമ്പ് രണ്ടാം സ്ഥാനത്തുണ്ടായിരുന്ന അദാനി നിലവിൽ 21-ാം സ്ഥാനത്താണ്
മുംബൈ: അദാനി ഗ്രൂപ്പിന്റെ ഫ്‌ളാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റർപ്രൈസിന്റെ ഓഹരി മൂല്യത്തിൽ 76 ശതമാനം ഇടിവ്. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ, വെറും 31 വ്യാപാര സെഷനുകളിലാണ് കമ്പനിയുടെ മൂല്യം ഇത്രയും താഴ്ന്നത്. ആകെ വിപണിമൂല്യത്തിൽനിന്ന് മൂന്നു ലക്ഷം കോടി രൂപയാണ് കമ്പനിക്ക് നഷ്ടമായത്.
ഡിസംബർ 21ന് 4,189.55 രൂപയുണ്ടായിരുന്ന ഓഹരിവില വെള്ളിയാഴ്ച ഒരു ഘട്ടത്തില്‍ 1017.10 രൂപയിലേക്ക് താഴ്ന്നു. പിന്നീട് മെച്ചപ്പെടുത്തിയ ഓഹരി 1,533 ലാണ് ക്ലോസ് ചെയ്തത്. നേരത്തെ 4.45 ലക്ഷം കോടിയുണ്ടായിരുന്ന എന്‍റര്‍പ്രൈസസിന്‍റെ വിപണിമൂല്യം 2.88 ലക്ഷമായി ചുരുങ്ങി. തിരിച്ചടികൾക്ക് പിന്നാലെ, അദാനി എന്റർപ്രൈസസിനെ എസ് ആൻഡ് പി ഡൗ ജോൺസ് സുസ്ഥിരപ്പട്ടികയിൽ നിന്ന് നീക്കം ചെയ്തു. നേരത്തെ, എന്റർപ്രൈസസ്, അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ എകണോമിക് സോൺ, അംബുജ സിമന്റ് ഓഹരികളെ നാഷണൽ സ്‌റ്റോക് എക്‌സ്‌ചേഞ്ച് നിരീക്ഷണ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നു.
ഹിൻഡൻബർഗ് റിപ്പോർട്ടിന് ശേഷം വിപണിമൂല്യത്തിൽ നിന്ന് 8.76 ലക്ഷം കോടി രൂപയാണ് അദാനി ഗ്രൂപ്പിന് നഷ്ടമായിട്ടുള്ളത്. ആറു ദിവസത്തിനിടെ അദാനി ടോട്ടൽ ഗ്യാസിന് 29 ബില്യൺ ഡോളറിന്റെ നഷ്ടമാണുണ്ടായത്. എന്റർപ്രൈസസിന് 26.17 ബില്യൺ നഷ്ടമുണ്ടായി. അദാനി ഗ്രീൻ ഓഹരികൾക്ക് വെള്ളിയാഴ്ച പത്തു ശതമാനവും (934.25) അദാനി പവറിന് അഞ്ചു ശതമാനവും (192.05) അദാനി ട്രാൻസ്മിഷന് പത്തു ശതമാനവും (1,401.55) നഷ്ടം രേഖപ്പെടുത്തി. അംബുജ സിമന്റ്‌സ്, അദാനി പോർട്‌സ്, എസിസി ഓഹരികൾ തിരിച്ചു കയറി.
ക്രഡി സ്വീസിന്റെയും സിറ്റി ഗ്രൂപ്പിന്റെയും ആഘാതങ്ങൾ
വായ്പകൾക്ക് ഈടായി അദാനി ഗ്രൂപ്പ് കമ്പനികളുടെ ബോണ്ടുകൾ സ്വീകരിക്കേണ്ടതില്ലെന്ന് നേരത്തെ ആഗോള ബാങ്കുകൾ തീരുമാനിച്ചിരുന്നു. സൂറിച്ച് ആസ്ഥാനമായ ക്രഡി സ്വീസും ന്യൂയോർക്ക് ആസ്ഥാനമായ സിറ്റി ഗ്രൂപ്പുമാണ് അദാനിയുടെ ബോണ്ടുകൾ സ്വീകരിക്കില്ലെന്ന് അറിയിച്ചത്. ഇതുസംബന്ധിച്ച് തങ്ങൾക്കു കീഴിലുള്ള സ്വകാര്യ ബാങ്കുകൾക്ക് ധനകാര്യ സ്ഥാപനങ്ങൾ നിർദേശം നൽകി.
അദാനി ഗ്രൂപ്പ് ഓഹരികൾ കൂട്ടത്തോടെ ഇടിഞ്ഞതിന് പിന്നാലെയാണ് വിഖ്യാത ധനകാര്യ സ്ഥാപനങ്ങളുടെ തീരുമാനം. അദാനി പോർട് സ്‌പെഷ്യൽ എകണോമിക് സോൺ, അദാനി ഗ്രീൻ എനർജി, അദാനി ഇലക്ട്രിസിറ്റി മുംബൈ ലിമിറ്റഡ് എന്നിവ പുറത്തിറക്കുന്ന ബോണ്ടുകൾക്ക് പൂജ്യം മൂല്യമാണ് എന്നാണ് ക്രഡി സ്വീസ് അറിയിച്ചിട്ടുള്ളതെന്ന് ബ്ലൂംബർഗ് റിപ്പോർട്ടു ചെയ്തു. 'അദാനി ഇഷ്യൂ ചെയ്യുന്ന സെക്യൂരിറ്റികൾ സ്വീകരിക്കുന്നത് അടിയന്തരമായി നിർത്തുന്നു' എന്നാണ് സിറ്റി ഗ്രൂപ്പ് പുറത്തിറക്കിയ ആഭ്യന്തര മെമോ പറയുന്നത്.
20,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട തുടർ ഓഹരി സമാഹരണം (ഫോളോ ഓൺ പബ്ലിക് ഓഫർ) ബുധനാഴ്ച രാത്രി അദാനി ഗ്രൂപ്പ് നാടകീയമായി റദ്ദാക്കിയിരുന്നു. ധാർമികമായി ശരിയല്ലെന്നും നിക്ഷേപകരുടെ താത്പര്യം വലുതാണെന്നും അറിയിച്ചാണ് അദാനി ഗ്രൂപ്പ് സമാഹരണം വേണ്ടെന്നുവച്ചത്. നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ഓഹരി വിപണിയിലെ തിരിച്ചടിക്ക് പിന്നാലെ, അദാനി കമ്പനികൾക്ക് നൽകിയ വായ്പ സംബന്ധിച്ച വിവരങ്ങൾ അറിയിക്കാൻ ആർബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രൂപ്പിന്റെ ഓഹരിത്തകർച്ച സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യും നിരീക്ഷിച്ചു വരികയാണ്.
താഴേക്കിറങ്ങി അദാനി
വിപണിമൂല്യത്തിൽ 108 ബില്യൺ യുഎസ് ഡോളറിന്റെ നഷ്ടം നേരിട്ടതോടെ ബ്ലൂംബർഗിന്റെ ആഗോള കോടീശ്വരപ്പട്ടികയിൽ അദാനി താഴേക്കിറങ്ങി. പത്തു ദിവസം മുമ്പ് രണ്ടാം സ്ഥാനത്തുണ്ടായിരുന്ന അദാനി നിലവിൽ 21-ാം സ്ഥാനത്താണ്. ജനുവരി 27ന് 124 ബില്യൺ യുഎസ് ഡോളറായിരുന്നു അദാനിയുടെ ആസ്തി. വെള്ളിയാഴ്ച ഇത് 613. ബില്യണായി ചുരുങ്ങി.
അതിനിടെ, തങ്ങൾക്കെതിരെ റിപ്പോർട്ട് പ്രസിദ്ധീകരിച്ച യുഎസ് സാമ്പത്തിക ഗവേഷണ സ്ഥാപനം ഹിൻഡൻബർഗ് റിസർച്ചിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സുപ്രിംകോടതിയെ സമീപിച്ചു. ഹിൻഡൻബർഗ് സ്ഥാപകൻ നഥാൻ ആൻഡേഴ്‌സണെ നടപടിയെടുക്കണമെന്നും അദാനി ഗ്രൂപ്പ് കമ്പനികളിൽ നിക്ഷേപം നടത്തിയവർക്ക് നഷ്ടപരിഹാരം നൽകണമെന്നുമാണ് അദാനി ആവശ്യപ്പെട്ടിട്ടുള്ളത്.