'ജീവനക്കാരെ ചാടിക്കരുത്'; അദാനിയും അംബാനിയും തമ്മിൽ ധാരണ- റിപ്പോർട്ട്
|രാജ്യത്തിന്റെ മിക്ക വ്യവസായ മേഖലകളിലും ഇരുകമ്പനികൾക്കും സ്വാധീനമുണ്ട്
ന്യൂഡൽഹി: ജീവനക്കാരെ അങ്ങോട്ടുമിങ്ങോട്ടും റാഞ്ചരുതെന്ന കരാറിൽ അദാനി-റിലയൻസ് ഗ്രൂപ്പുകള്‍ തമ്മിൽ ഒപ്പുവച്ചതായി റിപ്പോർട്ട്. ഈ വര്‍ഷം മെയ് മുതൽ നോ പോച്ചിങ് അഗ്രീമെന്റ് പ്രാബല്യത്തിൽ വന്നതായി ബിസിനസ് ഇൻസൈഡറാണ് റിപ്പോർട്ടു ചെയ്തത്. ഇക്കാര്യത്തില്‍ അദാനി ഗ്രൂപ്പോ റിലയൻസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
രാജ്യത്തിന്റെ മിക്ക വ്യവസായ മേഖലകളിലും വന്‍കിട നിക്ഷേപമുള്ള കമ്പനികളാണ് രണ്ടും. ഊർജം, തുറമുഖം, വിമാനത്താവളം, പുനരുപയോഗ ഇന്ധനം, സൗരോർജം മേഖലയിലാണ് അദാനിയുടെ പ്രധാന നിക്ഷേപങ്ങൾ. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് മേല്‍ക്കൈയുള്ള പെട്രോ കെമിക്കൽ മേഖലയിലേക്കും ഈയിടെ അദാനി കാലെടുത്തുവച്ചിരുന്നു.
റിലയന്‍സിന് മേധാവിത്വമുള്ള ടെലികോം, ചില്ലറ വിൽപ്പന മേഖലയിലും അദാനി അടുത്തിടെ നിക്ഷേപമിറക്കിയിരുന്നു. റിലയൻസ് ജിയോ ഇൻഫോകോം ലോകത്തെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ മൊബൈൽ നെറ്റ്‌വർക്ക് ഓപറേറ്ററാണ്. ഈയിടെ നടന്ന സ്‌പെക്ട്രം ലേലത്തിൽ പങ്കെടുത്ത് അദാനി ഗ്രൂപ്പ് ടെലികോം മേഖലയിൽ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
ഇന്ത്യയിൽ ആദ്യമല്ല നോ പോച്ചിങ് അഗ്രീമെന്റ്. പ്രമുഖ കമ്പനികൾ തമ്മിൽ നേരത്തെയും ഇത്തരത്തിലുള്ള കരാറുകളിൽ ഏർപ്പെട്ടിരുന്നതായി ആഗോള എക്‌സിക്യൂട്ടീവ് സെർച്ച് കമ്പനി പ്രൊഫഷണലിനെ ഉദ്ധരിച്ച് ബിസിനസ് ഇൻസൈഡർ പറയുന്നു. ഈ വർഷം ഫെബ്രുവരിയിലാണ് അംബാനിയെ പിന്തള്ളി അദാനി ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായി മാറിയത്. 2022ലെ ഹൂറൂൺ സമ്പന്നപ്പട്ടിക പ്രകാരം 10,94,400 കോടി രൂപയാണ് അദാനിയുടെ ആസ്തി.
ഹൂറൂൺ പുറത്തുവിട്ട ആഗോള സമ്പന്നപ്പട്ടികയിൽ രണ്ടാമനാണ് ഗൗതം അദാനി. കഴിഞ്ഞ വർഷം ഓരോ ദിവസവും ഇദ്ദേഹം സമ്പാദിച്ചത് 1612 കോടി രൂപയാണ്. ഒരു വർഷം കൊണ്ട് തന്റെ സമ്പാദ്യം ഇരട്ടിയാക്കിയാണ് അദാനി ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ മറികടന്ന് സമ്പന്നപ്പട്ടികയിൽ രണ്ടാമതെത്തിയത്.
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനായ മുകേഷ് അംബാനിയേക്കാൾ മൂന്നു ലക്ഷം കോടി അധിക സമ്പാദ്യം അദാനിക്കുണ്ട്. 2012ൽ അംബാനിയുടെ സ്വത്തിന്റെ ആറിലൊന്ന് മാത്രമായിരുന്നു അദാനിയുടെ മൊത്തം സ്വത്ത്. ഹുറൂൺ ഇന്ത്യയുടെ പട്ടിക പ്രകാരം അദാനിയല്ലാത്തവരുടെ സാമ്പത്തിക വളർച്ച 2.67 ശതമാനം മാത്രമാണ്.