Business
Ambanis to host mass wedding for underprivileged ahead of Anant-Radhika wedding, Anant Ambani-Radhika Merchant pre wedding, Mukesh Ambani, Nita Ambani
Business

ആനന്ദ്-രാധിക പ്രീവെഡ്ഡിങ് ആഘോഷം: നിര്‍ധനരുടെ സമൂഹവിവാഹവുമായി അംബാനി കുടുംബം

Web Desk
|
30 Jun 2024 4:00 PM GMT

ജൂലൈ 12ന് മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലുള്ള ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് പ്രധാന വിവാഹ ചടങ്ങുകള്‍ ആരംഭിക്കുന്നത്

മുംബൈ: ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയും വ്യവസായി വിരേന്‍ മെര്‍ച്ചന്റിന്റെ മകള്‍ രാധിക മെര്‍ച്ചന്റും തമ്മിലുള്ള വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. മൂന്നു മാസം മുന്‍പ് കോടികള്‍ പൊടിപൊടിച്ച് അഹ്മദാബാദില്‍ നടന്ന പ്രീവെഡ്ഡിങ് ആഘോഷ പരിപാടികള്‍ക്കു ശേഷമാണ് പ്രധാന വിവാഹ മാമാങ്കത്തിന് മുംബൈയില്‍ പന്തലൊരുങ്ങുന്നത്. ആഘോഷത്തിന്‍റെ ഭാഗമായി നിര്‍ധനരുടെ സമൂഹവിവാഹ ചടങ്ങും പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍ അംബാനി കുടുംബം.

പാല്‍ഘറിലെ സ്വാമി വിവേകാനന്ദ് വിദ്യാമന്ദിറിലാണു സമൂഹ വിവാഹത്തിനായി വേദിയൊരുങ്ങുന്നത്. ജൂലൈ രണ്ടിനു വൈകീട്ട് 4.30 മുതലാണു ചടങ്ങ് നടക്കുന്നത്. ഇതിന്റെ ക്ഷണക്കത്തും പുറത്തിറങ്ങിയിട്ടുണ്ട്. ആനന്ദ് അംബാനി-രാധിക മെര്‍ച്ചന്റ് പ്രീവെഡ്ഡിങ് ആഘോഷങ്ങളുടെ ഭാഗമായി അധസ്ഥിതരുടെ സമൂഹ വിവാഹം സംഘടിപ്പിക്കുന്നുവെന്നാണ് കത്തില്‍ പറയുന്നത്. നിതയും മുകേഷ് അംബാനിയുമാണ് ഈ മഹത്തായ ലക്ഷ്യത്തിനു വേണ്ടി പണം ചെലവാക്കുന്നതെന്നും ഇതില്‍ സൂചിപ്പിക്കുന്നുണ്ട്.

മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലുള്ള ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് പ്രധാന വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. ജൂലൈ 12നാണു ചടങ്ങുകള്‍ക്കു തുടക്കമാകുന്നത്. പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങളില്‍ എത്താനാണ് അതിഥികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് 'എക്‌ണോമിക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്യുന്നത്. ജുലൈ 13നും 14നും ചടങ്ങുകള്‍ തുടരും. വിവാഹത്തിന് അനുഗ്രഹങ്ങള്‍ തേടി നിത അംബാനി കഴിഞ്ഞ ദിവസം യു.പിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

കഴിഞ്ഞ മാര്‍ച്ചില്‍ അഹ്മദാബാദിലെ ജാംനഗറില്‍ നടന്ന പ്രീവെഡ്ഡിങ് ആഘോഷത്തില്‍ ആഗോള പ്രമുഖര്‍ മുതല്‍ രാജ്യത്തെ വിനോദ, കായികരംഗങ്ങളില്‍നിന്നെല്ലാമുള്ള സെലിബ്രിറ്റികളുമെല്ലാം സംബന്ധിച്ചിരുന്നു. മെറ്റ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഭാര്യ പ്രിസ്‌കില്ല ചാനൊപ്പമാണ് എത്തിയത്. മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ് തുടങ്ങിയവരെല്ലാം ചടങ്ങില്‍ പങ്കെടുത്തു.

പോപ്പ് താരം റിഹാന്നയുടെ സംഗീത പരിപാടിയായിരുന്നു ചടങ്ങിന്റെ പ്രധാന ആകര്‍ഷണം. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിങ്, ആലിയ ഭട്ട്, കരീന കപൂര്‍, അക്ഷയ് കുമാര്‍, രണ്‍ബീര്‍ കപൂര്‍, കരിഷ്മ കപൂര്‍, സൈഫ് അലി ഖാന്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര, കിയാര അദ്വാനി, മാധുരി ദീക്ഷിത്, വരുണ്‍ ധവാന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മഹേന്ദ്ര സിങ് ധോണി ഉള്‍പ്പെടെ സെലിബ്രിറ്റികളുടെ സാന്നിധ്യവും ചടങ്ങിനു മിഴിവേകി.

Summary: Ambanis to host mass wedding for underprivileged ahead of Anant-Radhika wedding

Similar Posts