കിളിപോയ ട്വിറ്റർ, എ.ഐയുടെ പണിയും കെണിയും, ബഹിഷ്‌കരണത്തിൽ വീണ സ്റ്റാർബക്‌സ്: 2023ലെ ബിസിനസ് ലോകം ഒറ്റനോട്ടത്തിൽ
|കടംവീട്ടാൻ കിടപ്പാടം വരെ പണയത്തിലാക്കിയ ബൈജൂസും പേ ടിഎം അടക്കമുള്ള കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടലും ശ്രദ്ധപിടിച്ചുപറ്റി. പ്രതീക്ഷകളുടെയും നഷ്‌ടങ്ങളുടെയും ഏറ്റക്കുറച്ചിലുകളിലൂടെ കടന്നുപോയ ബിസിനസ് ലോകത്ത് 2023ൽ നടന്ന പ്രധാന സംഭവങ്ങൾ...
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവ്, ട്വിറ്ററിന്റെ പേരുമാറ്റം തുടങ്ങി ഉയർന്ന പലിശനിരക്കും പണപ്പെരുപ്പവും കൊണ്ട് പൊറുതിമുട്ടിയ സമ്പദ്‌വ്യവസ്ഥ വരെ എത്തിനിൽക്കുന്നു ഈ വർഷത്തെ ബിസിനസ് ലോകം. കടംവീട്ടാൻ കിടപ്പാടം വരെ പണയത്തിലാക്കിയ ബൈജൂസും പേ ടിഎം അടക്കമുള്ള കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടലും ശ്രദ്ധപിടിച്ചുപറ്റി. ക്രിപ്റ്റോകറൻസി മേഖല നിരവധി മാറ്റങ്ങളിലൂടെയാണ് കടന്നുപോയത്. പ്രതീക്ഷകളുടെയും നഷ്‌ടങ്ങളുടെയും ഏറ്റക്കുറച്ചിലുകളിലൂടെ കടന്നുപോയ ബിസിനസ് ലോകത്ത് 2023ൽ നടന്ന പ്രധാന സംഭവങ്ങൾ നോക്കാം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവ്
ഈ വർഷം ഏറ്റവും കൂടുതൽ കേട്ട ഒരു വാക്കാകും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അല്ലെങ്കിൽ എഐ. ഗവേഷണം, പഠനം,വൈദ്യശാസ്ത്രം, വിനോദം തുടങ്ങി എല്ലാ മേഖലകളിലും എഐയുടെ ഉപയോഗത്തെ കുറിച്ച് നാം കേട്ടുകഴിഞ്ഞു. എംവിഡിയുടെ എഐ ക്യാമറ മാത്രം അറിവുള്ളവർ ഇപ്പോൾ മെഷീൻ ലേണിങ്, ഡീപ് ലേണിംഗ്, നാച്ചുറൽ ലാംഗ്വേജ് പ്രോസസിങ്, കമ്പ്യൂട്ടർ വിഷൻ, റോബോട്ടിക്സ് എന്നിവയുൾപ്പെടെ വിവിധ സാങ്കേതിക വിദ്യകൾ പരിശോധിക്കാൻ തുടങ്ങിയിരിക്കുന്നു.
വലിയ മാറ്റം കൊണ്ടുവരാൻ നിർമിത ബുദ്ധിക്കാകും അതുപോലെ തന്നെ പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും കഴിയും. എഐ മുൻനിരയിലേക്ക് വന്നത് ചാറ്റ് ജിപിടിയിലൂടെയാണ്. കമ്പ്യൂട്ടർ സയൻസിലെ പുരോഗതിയുടെ ഒരു നേർക്കാഴ്ചയാണ് ചാറ്റ്ബോട്ട് ലോകത്തിന് നൽകിയത്. എന്നാൽ, ഡീപ് ഫേക്കുകളിലൂടെ വ്യാജ വാർത്തകളും വീഡിയോയും പുറത്തുവരാൻ തുടങ്ങിയതോടെ എഐയുടെ മറ്റൊരു വശമാണ് ലോകം കണ്ടത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപ്ലവത്തിലെ ഒരു പ്രധാന വ്യക്തിയെന്ന നിലയിൽ ആൾട്ട്മാന്റെ പിരിച്ചുവിടലായിരുന്നു ടെക് ലോകത്തെയാകെ ഞെട്ടിച്ച മറ്റൊരു സംഭവം. ചാറ്റ് ജിപിറ്റിയുടെ പിന്നിലുള്ള ആർട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) കമ്പനിയായ ഓപ്പണ്‍ എഐയുടെ സിഇഒ സ്ഥാനത്തുനിന്നും അദ്ദേഹത്തെ ഡയറക്ടർ ബോർഡ് പുറത്താക്കിയെങ്കിലും ഏതാനും ദിവസങ്ങൾക്ക് ശേഷം തിരിച്ചെടുത്തു.
അതേസമയം, മനുഷ്യനെ പോലെ ആശങ്ങളും ചിത്രങ്ങളും പാട്ടുകളും നിർമിക്കാനുള്ള കഴിവ് ആദ്യം അമ്പരപ്പിക്കുകയും പ്രതീക്ഷ പകരുകയും ചെയ്‌തെങ്കിലും തൊഴിൽ, സ്വകാര്യത, പകർപ്പവകാശ സംരക്ഷണം തുടങ്ങിയവക്ക് വെല്ലുവിളിയാകുമെന്നും ഭാവിയിൽ മനുഷ്യജീവിതത്തിനു തന്നെ ഭീഷണിയാകുമെന്നും മുന്നറിയിപ്പ് വന്നതോടെ യൂറോപ്യൻ യൂണിയൻ കടുത്ത തീരുമാനങ്ങളിലേക്കാണ് കടന്നത്. മനുഷ്യരാശിയുടെ നിലനിൽപ്പിന് ഭീഷണിയാകുമെന്ന് ചൂണ്ടികാട്ടി ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ നിയന്ത്രിക്കാൻ നിയമനിർമാണം നടത്താനാണ് യൂറോപ്യൻ യൂണിയന്റെ തീരുമാനം. അടുത്ത വർഷം ഇത് സംബന്ധിച്ച് കൂടുതൽ നടപടിയുണ്ടാകും.
ട്വിറ്ററിനെ 'എക്‌സ്' ആക്കിയ മസ്ക്
ഈ വർഷം ജൂലൈയിലാണ് ട്വിറ്ററിന്റെ നീലക്കിളിയെ ഇലോൺ മസ്ക് പറപ്പിച്ചത്. ഏവര്‍ക്കും പരിചിതമായ നീല കിളിയുടെ ലോഗോയും ട്വിറ്ററെന്ന പേരും പാടെ മാറ്റി പകരം നൽകിയത് 'എക്സ്' എന്ന പേരും എക്സിന്റെ ലോഗോയും.ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബ്രാൻഡ് നാമങ്ങളിൽ ഒന്ന് ഇതോടെ ഓർമയായിരിക്കുന്നു. മറ്റൊരു കമ്പനിക്കും ചിന്തിക്കാൻ പോലുമാകാത്ത ഒരു റീ ബ്രാൻഡിങ്ങ് ആണ് മസ്‌ക് നടത്തിയത്. പ്രഖ്യാപനത്തിന്റെ ഭാഗമായി സാൻഫ്രാൻസിസ്കോയിലെ ട്വിറ്ററിന്റെ ആസ്ഥാനത്തിന്റെ ചുമരിൽ രാത്രി 'എക്സ്' എഴുതികാണിച്ചിരുന്നു.
മസ്‌കിന്റെ 'എക്സിനോടുള്ള' പ്രേമവും ഇതോടെ ചർച്ചകളിൽ ഇടംനേടി. ഓൺലൈൻ ബാങ്കിങ് സേവന പ്ലാറ്റ്ഫോമായ X.com ഡൊമെയ്ൻ 2017ൽ മസ്ക് വാങ്ങിയതും ഇതിനിടെ ഉയർന്നുവന്നിരുന്നു. ആദ്യകാല സംരഭമായ എക്സിനോട് വൈകാരികമായ ഒരു ബന്ധമുണ്ടെന്ന് മസ്‌ക് വ്യക്തമാക്കുകയും ചെയ്തു.
ഭാവിയിൽ Twitter.com എന്ന ഡൊമെയ്‌ൻ ഇല്ലാതായി പകരം X.com ഉപയോഗിക്കുന്നതിലേക്ക് മാറുമെന്നാണ് വിലയിരുത്തൽ.
ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം സാൻ ഫ്രാൻസിസ്കോയിലുള്ള ട്വിറ്ററിന്‍റെ ഹെഡ് ക്വാർട്ടേഴ്സിലേക്ക് ഒരു പരിഹാസ ചിരിയുമായി കയറിവന്ന ശതകോടീശ്വരനായ ഉടമ ഇലോൺ മസ്‌ക് ആ വരവിൽ തന്നെ തന്നെ പരിഷ്‌കാരങ്ങൾക്ക് തുടക്കമിട്ടിരുന്നു. പിന്നാലെ ട്വിറ്ററിന്‍റെ സിഇഒയെയും മറ്റു എക്സിക്യൂട്ടീവ് ഓഫിസർമാരെയും പിരിച്ചു വിട്ടു. ട്വിറ്ററിന്‍റെ എക്സിലേക്കുള്ള മാറ്റം അവിടം മുതലാണ് തുടങ്ങിയത്. ചൈനയിലെ വീചാറ്റ് മാതൃകയിൽ പണമിടപാടും, മെസേജിങ്ങും, വീഡിയോയും എല്ലാം ഒത്തു ചേരുന്നൊരു സൂപ്പർ ആപ്പാണ് ഇപ്പോൾ മസ്കിന്റെ സ്വപ്നം.
പേ ടിഎമ്മിലെ പിരിച്ചുവിടൽ
നിർമിത ബുദ്ധിയുടെ വരവ് ഭൂരിഭാഗം തൊഴിൽ മേഖലകളെയും ബാധിച്ചിട്ടുണ്ട്. മനുഷ്യവിഭവ ശേഷി കുറച്ച് എഐയെ ഉപയോഗപ്പെടുത്താൻ കമ്പനികൾ തീരുമാനിച്ചതോടെ നിരവധി ആളുകൾക്കാണ് തൊഴിൽ നഷ്ടപ്പെടുന്നത്. പേ ടിഎമ്മിലെ ജീവനക്കാരും ഇത്തരത്തിലൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുന്നു.
ഫിൻടെക് കമ്പനിയായ പേയ്ടിഎമിന്റെ മാതൃകമ്പനി വൺ97 കമ്യൂണിക്കേഷൻസ് ജീവനക്കാരെ പിരിച്ചുവിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ചെലവുചുരുക്കലിന്റെ ഭാഗമായി ആയിരത്തിലേറെ ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് സൂചന. എഐയുടെ വരവോടെ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതലായി 10-15% ജീവനക്കാരെ കുറയ്ക്കാനാകുമെന്ന് പേയ്ടിഎം പ്രതിനിധി പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.
ഈ വർഷം ഒരു ടെക് സ്ഥാപനം നടത്തുന്ന ഏറ്റവും വലിയ പിരിച്ചുവിടലുകളിൽ ഒന്നാണിത്. ചെറുകിട-ഉപഭോക്തൃ വായ്പകൾക്ക് മേൽ റിസർവ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണമാണ് പേ ടിഎമ്മിനേറ്റ കനത്ത തിരിച്ചടി. .50,000 രൂപയിൽ താഴെയുള്ള വായ്പകളായിരുന്നു പേടിഎമ്മിന്റെ പ്രധാന വരുമാന സ്രോതസ്. ഇത് നിയന്ത്രിക്കപ്പെട്ടതോടെ ഡിസംബർ 7 ന് കമ്പനിയുടെ ഓഹരി മൂല്യം ഏകദേശം 20 ശതമാനം ഇടിയുകയായിരുന്നു.
കിടപ്പാടം പണയത്തിലാക്കിയ ബൈജൂസ്ലോകത്തെ വിദ്യാഭ്യാസ-സാങ്കേതിക മേഖലയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് മികച്ച സ്റ്റാർട്ടപ്പുകളിൽ ഒന്നായി മാറിയ ബൈജൂസ് 2023ൽ എത്തിനിൽക്കുന്നത് കിടപ്പാടം വരെ പണയത്തിലാക്കിയ അവസ്ഥയിൽ. വളരെ പെട്ടെന്നായിരുന്നു ബൈജൂസിന്റെ വളർച്ച, വീഴ്ചയും അതുപോലെ തന്നെ. ഒന്നിന് പുറകെ ഒന്നായി ബൈജൂസ് പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തുന്ന കഴിഞ്ഞ വർഷങ്ങളിലെ കാഴ്‌ചക്ക് ഈ വർഷവും മാറ്റമൊന്നും ഉണ്ടായിരുന്നില്ല.
ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടും ചെലവ് ചുരുക്കിയും ഉപസ്ഥാപനങ്ങളെ വിറ്റഴിച്ചും കടം വീട്ടാനും സാമ്പത്തിക പ്രതിസന്ധി അകറ്റാൻ കിണഞ്ഞ് പരിശ്രമിക്കുകയാണ് ബൈജൂസ് ഇപ്പോൾ. ഇപ്പോഴുള്ള ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ലാതെ വലയുകയാണ് കമ്പനി. ശമ്പളം കൊടുക്കാനായി ബൈജു തന്‍റെ വീടുകള്‍ പണയം വച്ചുവെന്നാണ് ഒടുവിൽ പുറത്തുവന്ന റിപ്പോര്‍ട്ട്. ബെംഗളൂരുവിലെ രണ്ട് കുടുംബവീടുകളും എപ്സിലോണില്‍ നിര്‍മാണത്തിലിരിക്കുന്ന വില്ലയുമാണ് പണയം വച്ചത്.
യു.എസ് ആസ്ഥാനമായുള്ള കുട്ടികളുടെ ഡിജിറ്റൽ റീഡിംഗ് പ്ലാറ്റ്‌ഫോം ഏകദേശം 400 മില്യൺ ഡോളറിന് വിൽക്കാനുള്ള ഒരുക്കവും ബൈജൂസ് നടത്തുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലം 2000ത്തിലധികം ജീവനക്കാരെ ബൈജൂസ് പിരിച്ചുവിട്ടിരുന്നു. ഇവര്‍ക്കുള്ള പിരിച്ചുവിടല്‍ ആനുകൂല്യം ഇതുവരെ നല്‍കിയിട്ടില്ല. കൂടുതല്‍ ജീവനക്കാരെ കുറയ്ക്കാനും നീക്കമുണ്ട്.
ബഹിഷ്‌കരണത്തിൽ നഷ്‌ടപ്പെട്ട കോടികൾ
ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തെ പിന്തുണച്ച യുഎസ് ബഹുരാഷ്ട്ര കുത്തക കമ്പനി സ്റ്റാർബക്‌സ് കോർപറേഷന് വിപണിയിൽ നേരിടേണ്ടി വന്നത് കനത്ത തിരിച്ചടി. രണ്ടാഴ്ചയ്ക്കിടെ 12 ബില്യൺ യുഎസ് ഡോളറാണ് കോഫി ഭീമന്‍റെ വിപണിമൂല്യത്തിൽ നിന്ന് നഷ്ടമായത്. കമ്പനിയുടെ മൊത്തം മൂല്യത്തിന്റെ 9.4 ശതമാനം വരുമിത്. ബഹിഷ്‌കരണവും വിൽപനയിലെ മാന്ദ്യവുമാണ് സ്റ്റാര്‍ബക്സിന് തിരിച്ചടിയായത്.
ഇസ്രായേലിനെ പിന്തുണയ്ക്കുന്ന നിലപാടിൽ പ്രതിഷേധിച്ച് ലോകമെമ്പാടും സ്റ്റാർബക്‌സ് ബഹിഷ്‌കരണം നേരിട്ടിരുന്നു. വിപണിയിൽ തുടർച്ചയായ 12 ദിവസമാണ് സ്റ്റാർബക്‌സ് ഓഹരികൾക്ക് ഇടിവു നേരിട്ടത്. 1992ന് ശേഷം കമ്പനി നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക തിരിച്ചടിയാണിത്.
തെരഞ്ഞെടുപ്പ് തരംഗത്തിൽ ഓഹരി വിപണി
ഈ വർഷം മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം വിപണി ഓഹരി വില സൂചികകളായ സെൻസെക്സിനെയും നിഫ്റ്റിയെയും ആവേശത്തിലാക്കി. ഇരുസൂചികകളും തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തെ വർധന രണ്ടു ശതമാനത്തിലേറെയായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിനു ശേഷം ഇത് ആദ്യമായാണ് സൂചികകളിൽ ഇത്ര വലിയ ഏകദിന വർധനയുണ്ടാകുന്നത്.
5.78 ലക്ഷം കോടി രൂപയുടെ വർദ്ധനവ് നിക്ഷേപകരുടെ ആസ്‌തി മൂല്യത്തിലുമുണ്ടായി. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയഭാവിയുമായി ബന്ധപ്പെട്ട അനുമാനങ്ങളാണ് വിപണിയെ റെക്കോർഡ് നിലവാരത്തിലേക്ക് ഉയർത്താൻ കാരണമായത്. തിരഞ്ഞെടുപ്പു ഫലത്തിനു പുറമേ സാമ്പത്തിക സാഹചര്യങ്ങളും വിപണിയിലെ മുന്നേറ്റത്തിന് സഹായകമായിരുന്നു.
83,000 കോടി സമ്പാദ്യം, മുന്നിൽ അംബാനി
ഈ വർഷം ഏറ്റവും കൂടുതൽ സമ്പത്ത് നേടിയവരിൽ മുൻനിരയിൽ തന്നെ സ്ഥാനം പിടിച്ചിരിക്കുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാര്‍ മുകേഷ് അംബാനി. 83,000 കോടി രൂപയാണ് (9.98 ബില്യണ്‍ ഡോളര്‍) 2023ല്‍ അംബാനിയുടെ സമ്പാദ്യം. 8,08,346 കോടി രൂപയാണ് അംബാനിയുടെ മൊത്തം ആസ്തിയെന്ന് ബ്ലൂംബെർഗ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയില്‍ ഏറ്റവും സമ്പന്നനായ അംബനി ലോക കോടീശ്വര പട്ടികയിൽ 13ആം സ്ഥാനത്താണുള്ളത്. വിഭജനത്തിന് ശേഷം ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിസ്റ്റ് ചെയ്തതാണ് അംബാനിയുടെ സ്വത്ത് വർധനക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ.
അദാനിയെ വിട്ട് ഡിലോയിറ്റ്
അദാനി പോർട്സിന്‍റെ ഓഡിറ്റർ സ്ഥാനം അക്കൗണ്ടിങ് സ്ഥാപനമായ ഡിലോയിറ്റ് ആഗസ്തിൽ ഒഴിഞ്ഞിരുന്നു. അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് തീരുമാനമെന്ന് ഡിലോയിറ്റ് അറിയിച്ചു. അദാനി ഗ്രൂപ്പിന്റെ വിപണി ഇടപാടുകളെക്കുറിച്ച് ആഗസ്ത് 14നകം റിപ്പോർട്ട് സമർപ്പിക്കാൻ സെബിയോട് സുപ്രിംകോടതി നിർദേശിച്ചിരുന്നു, റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് ഡിലോയിറ്റിന്റെ രാജി. എം.എസ്.കെ.എ & അസോസിയേറ്റ്സാണ് അദാനി പോർട്സിന്‍റെ പുതിയ ഓഡിറ്റർമാർ.
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തില്‍ സ്വതന്ത്ര അന്വേഷണം നടത്താൻ അദാനി പോർട്സിനോട് ഡിലോയിറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദാനി പോർട്സ് ഈ ആവശ്യം അംഗീകരിച്ചില്ല. അദാനി പോര്‍ട്സിന്‍റെ ഇടപാടുകളെ കുറിച്ച് പല സംശങ്ങളും ഡിലോയിറ്റ് ഉന്നയിച്ചു.
ഹിൻഡൻബർഗ് പരാമർശിച്ച കക്ഷികളുമായി അദാനി സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെട്ടിരുന്നുവെന്നാണ് ഡിലോയിറ്റിന്‍റെ നിഗമനം. അദാനി ഗ്രൂപ്പിന് കീഴിലെ മറ്റ് കമ്പനികളുടെ വിവരങ്ങളും ഓഡിറ്റിങ് കമ്പനി ആരാഞ്ഞു. എന്നാൽ ഓരോ കമ്പനിക്കും സ്വതന്ത്രമായി പ്രവർത്തിക്കാൻ അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് ആ നീക്കം തടഞ്ഞു. ഇതോടെയാണ് ഡിലോയിറ്റിന്‍റെ പിന്മാറ്റം.
സിലിക്കൺ വാലിയുടെ തകർച്ച
ടെക്‌നോളജി സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകുന്നതിൽ അറിയപ്പെട്ട യുഎസ് ധനകാര്യ സ്ഥാപനം സിലിക്കൺ വാലി ബാങ്ക് (എസ്.വി.ബി) തകർന്ന വാർത്ത ബിസിനസ് ലോകത്ത് ഞെട്ടലുണ്ടാക്കിയ ഒന്നായിരുന്നു. ബാങ്ക് പൂട്ടിയ യുഎസ് റെഗുലേറ്ററി ബോഡി നിക്ഷേപത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ബാങ്കിങ് രംഗത്തുണ്ടാകുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് എസ്.വി.ബിയുടെ തകർച്ച.
നിക്ഷേപകർ കൂട്ടത്തോടെ പണം പിൻവലിച്ചതാണ് ബാങ്ക് തകരാനുള്ള കാരണം. പ്രതിസന്ധി മറികടക്കാൻ 175 കോടി ഡോളറിന്റെ (ഏകദേശം 14300 കോടി രൂപ) ഓഹരി വിൽപ്പന ബാങ്ക് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഫലവത്തായില്ല. ടെക് സ്റ്റാർട്ടപ്പുകളിൽനിന്ന് ലഭിച്ച പണം വലിയ തോതിൽ യുഎസ് ബോണ്ടുകളിൽ നിക്ഷേപിച്ച സ്ഥാപനം കൂടിയാണ് എസ്.വി.ബി.
പൊന്നുംവിലയുള്ള വർഷം
സ്വർണവില റെക്കോർഡുകളിട്ട വർഷം കൂടിയാണ് 2023. ഈ വർഷം സ്വർണവില റെക്കോർഡ് നിരക്കിലെത്തിയത് 13 തവണയാണ്. ജനുവരി 24ന് ഗ്രാമിന് 5270 രൂപയിലെത്തിയ തുടക്കം പിന്നീട് മിന്നും റെക്കോർഡുകളായി മാറുകയായിരുന്നു. വർഷാവസാനമാകുമ്പോൾ ഡിസംബർ 4ന് ഗ്രാമിന് 5885 രൂപ, പവന് 47,080 രൂപ എന്ന നിരക്കിൽ എത്തിയിരുന്നു റെക്കോർഡ്. ഒരു വർഷത്തിനിടെ വർധിച്ചത് ഗ്രാമിന് 790 രൂപയും പവന് 6320 രൂപയും.