Business
ബൈജൂസ്
Business

ദിനംപ്രതി 12.5 കോടിയുടെ നഷ്ടം; ബൈജൂസിന്റെ സാമ്രാജ്യത്തിന് എന്തു പറ്റി?

Web Desk
|
15 Sep 2022 6:20 AM GMT

2020-21 സാമ്പത്തിക വർഷത്തിൽ 4,588 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായത്

രാജ്യത്തെ ഏറ്റവും മൂല്യമുള്ള എഡ്-ടെക് കമ്പനി ബൈജൂസിന്റെ സാമ്പത്തിക നിലയില്‍ ഭദ്രമല്ലെന്ന് റിപ്പോർട്ട്. 2020-21 സാമ്പത്തിക വർഷത്തിൽ 4,588 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായതെന്ന് ധനകാര്യമാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. പ്രതിദിനം പന്ത്രണ്ടരക്കോടി രൂപയാണ് നഷ്ടം രേഖപ്പെടുത്തിയത്. മലയാളി സംരംഭകൻ ബൈജു രവീന്ദ്രന്റെ സാരഥ്യത്തിലുള്ള വിദ്യാഭ്യാസ സാങ്കേതിക കമ്പനിയാണ് ബൈജൂസ്.

2020-21 വർഷത്തിൽ കമ്പനിയുടെ വരുമാനത്തിലും കുറവുണ്ടായി- 2428 കോടി. 2019-20ൽ ഇത് 2511 കോടി രൂപയായിരുന്നു. മാർച്ച് 31ന് അവസാനിച്ച 2022 സാമ്പത്തിക വർഷത്തിൽ വരുമാനം പതിനായിരം കോടി രൂപയായി എന്ന് ബൈജൂസ് പറയുന്നു. എന്നാൽ ആ വർഷത്തെ ലാഭമോ നഷ്ടമോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

വളരെ കുറിച്ച് ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ മാത്രമേ ഇത്തരമൊരു സാമ്പത്തിക നഷ്ടം അഭിമുഖീകരിച്ചിട്ടുള്ളൂവെന്ന് ടെക്‌നോളജി, ബിസിനസ് അനാലിസിസ് വെബ്‌സൈറ്റായ ദ മോണിങ് കോൺടക്‌സ്റ്റ് പറയുന്നു. സമാനമായ നഷ്ടം റിപ്പോർട്ടു ചെയ്തത് മൾട്ടി നാഷണൽ ഹോസ്പിറ്റാലിറ്റി ശൃംഖലയായ ഓയോക്കാണ്. 2020-21 സാമ്പത്തിക വർഷത്തിൽ 3943 കോടി രൂപയുടെ നഷ്ടമാണ് ഓയോക്ക് ഉണ്ടായത്.

എജുക്കേഷൻ ടെക്‌നോളി ബിസിനസ് വൻതോതിൽ വികസിച്ച മഹാമാരിക്കാലത്തിന് ശേഷമാണ് ബൈജൂസിന്റെ സാമ്പത്തിക നഷ്ടം റിപ്പോർട്ടു ചെയ്യുന്നത്. എന്നാൽ അക്കൗണ്ടിങ്ങിലെ മാറ്റം വരുമാനത്തിൽ പ്രതിഫലിച്ചിട്ടില്ല എന്നാണ് നഷ്ടത്തെ കുറിച്ച് ബൈജൂസ് പ്രതികരിച്ചത്.

Similar Posts