ചൈനീസ് കമ്പനികളുടെ വിപണിമൂല്യത്തിൽ വൻ ഇടിവ്; ആദ്യ പത്തിൽ നിന്ന് ആലിബാബയും ടെൻസന്റ് ഹോൾഡിങ്ങും പുറത്ത്
|യുഎസ് ടെക് ഭീമൻമാരായ ആപ്പിൾ, മൈക്രോസോഫ്റ്റ്, ഗൂഗിൾ ആൽഫബറ്റ് എന്നീ കമ്പനികളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.
ആഗോള വിപണിമൂല്യത്തിൽ ചൈനീസ് കമ്പനികൾക്ക് വൻ തിരിച്ചടി. പുതിയ കണക്ക് പ്രകാരം വിപണിമൂല്യത്തിൽ മുന്നിൽ നിൽക്കുന്ന ആദ്യ പത്ത് കമ്പനികളിൽ ഒരു ചൈനീസ് കമ്പനിപോലുമില്ല. 2020 അവസാനത്തിൽ ടെൻസന്റ് ഹോൾഡിങ് ഏഴാം സ്ഥാനത്തും ആലിബാബ ഒമ്പതാം സ്ഥാനത്തുമായിരുന്നു. കഴിഞ്ഞ ഫെബ്രുവരിൽ വിപണിമൂല്യം 40 ശതമാനം വർധിച്ചതോടെ ടെൻസന്റ് ഹോൾഡിങ് ആറാം സ്ഥാനത്തെത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പുറത്തുവന്ന പുതിയ പട്ടികയിൽ കമ്പനി പതിനൊന്നാം സ്ഥാനത്താണ്.
യുഎസ് ടെക് ഭീമൻമാരായ ആപ്പിൾ, മൈക്രോസോഫ്റ്റ്, ഗൂഗിൾ ആൽഫബറ്റ് എന്നീ കമ്പനികളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. സൗദി ആരാംകോയാണ് നാലാം സ്ഥാനത്ത്. ആമസോൺ അഞ്ചാം സ്ഥാനത്തും ടെസ്ല ആറാം സ്ഥാനത്തുമാണ്. ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ ഏഴാം സ്ഥാനത്താണ്.
ചിപ് ഡിസൈനർമാരായ എൻവിഡ്യ ആണ് എട്ടാം സ്ഥാനത്ത്. വാറൻ ബുഫെറ്റ്സിന്റെ ബേർക്ഷയർ ഹതാവേയാണ് ഒമ്പതാം സ്ഥാനത്തുള്ളത്. പത്താം സ്ഥാനത്തുള്ള തായ്വാൻ സെമികണ്ടക്ടർ നിർമാണ കമ്പനിയായ ടിഎസ്എംസിയാണ് ഏറ്റവും മൂല്യമുള്ള ഏഷ്യൻ കമ്പനി.
ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്താണ് ചൈനീസ് ടെക് കമ്പനികൾ ഉയർന്നുവന്നത്. പുതിയ ബിസിനസ് മോഡലുകളിലൂടെ ഇവർ പെട്ടെന്ന് തന്നെ വിപണിയിൽ വൻ നേട്ടങ്ങൾ സ്വന്തമാക്കി. അവരുടെ വിപണി മൂല്യം കുതിച്ചുയർന്നു. എന്നാൽ ഗവൺമെന്റിന്റെ അടിച്ചമർത്തലും യുഎസുമായുള്ള ശീതസമരവുമാണ് കമ്പനികൾക്ക് തിരിച്ചടിയായത്.