Business
insurance policy
Business

ഹെല്‍ത്ത് ഇന്‍ഷൂറന്‍സിനെ കണ്ണടച്ച് വിശ്വസിക്കരുത്; ക്യാന്‍സര്‍ വന്നാല്‍ എന്തുചെയ്യും

Web Desk
|
23 Aug 2023 3:15 AM GMT

  • ക്ലെയിം തുക വേണ്ട പോലെ ഉപയോഗിക്കാം
  • ഗുരുതര രോഗങ്ങള്‍ കവര്‍ ചെയ്യും
  • ക്യാന്‍സറിന് പ്രത്യേക പോളിസി

ഹെല്‍ത്ത് ഇന്‍ഷൂറന്‍സിന്റെ പ്രാധാന്യം എല്ലാവര്‍ക്കും അറിയാം. ഭാവിയില്‍ പ്രതീക്ഷിക്കാതെ വരുന്ന രോഗങ്ങള്‍ കാരണം സാമ്പത്തിക പ്രതിസന്ധി ഇല്ലാതിരിക്കാനാണ് ഈ ഇന്‍ഷൂറന്‍സ് പോളിസിയെടുക്കുന്നത്. എന്നാല്‍ ജീവന് ഭീഷണിയായേക്കാവുന്ന വിധത്തിലുള്ള രോഗങ്ങളെന്തെങ്കിലും ഉണ്ടായി വലിയ തുക ആശുപത്രിയില്‍ ചെലവായ ശേഷം ബില്ലുമായി ഇന്‍ഷൂറന്‍സ് കമ്പനിയെ ക്ലെയിമിന് സമീപിച്ചാല്‍ ഭൂരിഭാഗം പേര്‍ക്കും കിട്ടാറില്ല. നേരത്തെ തന്നെ പോളിസിയെടുക്കുകയും പിന്നീട് ക്യാന്‍സര്‍ സ്ഥിരീകരിക്കുകയും ചെയ്ത പല പോളിസി ഉടമകള്‍ക്കും ഈ ദുരവസ്ഥ ഉണ്ടായിട്ടുണ്ടാകും. കീമോയ്ക്കും ബയോപ്‌സിക്കും മറ്റുമായി വലിയ തുക ചെലവായി സമ്പാദ്യത്തിന്റെ നട്ടെല്ലൊടിഞ്ഞിരിക്കുമ്പോള്‍ പ്രതീക്ഷ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പോളിസിയുടെ ക്ലെയിമിലായിരിക്കും. കാരണം ക്യാന്‍സറിനുള്ള ഒരൊറ്റ കീമോ സെഷന് തന്നെ സ്വകാര്യാശുപത്രിയില്‍ മുക്കാല്‍ ലക്ഷത്തോളം രൂപയാണ് . ബയോപ്‌സിക്ക് മുപ്പതിനായിരത്തോളം രൂപ ചെലവ് വരും.

എന്നാല്‍ പലരില്‍ നിന്നും കടം വാങ്ങി ചികിത്സ നടത്തുമ്പോള്‍ പ്രതീക്ഷ ഇന്‍ഷൂറന്‍സ് ക്ലെയിമിലായിരിക്കും. എന്നാല്‍ കമ്പനിയില്‍ കയറിയിറങ്ങുകയല്ലാതെ ക്ലെയിം തുക മുഴുവന്‍ അനുവദിച്ചു കിട്ടില്ല. എന്തുകൊണ്ടാണ് ഇതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. ആരോഗ്യ ഇന്‍ഷൂറന്‍സിനെ കുറിച്ചുള്ള വലിയ തെറ്റിദ്ധാരണകളാണ് നമുക്കിടയിലുള്ളത്. അതുകൊണ്ടാണിത്. ആരോഗ്യ ഇന്‍ഷൂറന്‍സില്‍ ആശുപത്രി ചിലവുകള്‍ മാത്രമാണ് പരിഗണിക്കുന്നത്. അതില്‍ വലിയ തോതിലുള്ള ചികിത്സാ ചെലവുകള്‍ മുഴുവന്‍ വരുന്നില്ല. ആരോഗ്യ ഇന്‍ഷൂറന്‍സ് എടുത്ത് സമാധാനത്തോടെ ഇരിക്കുന്നവരാണെങ്കില്‍ എന്തൊക്കെ മെഡിക്കല്‍ ചിലവുകള്‍ക്കാണ് പരിരക്ഷ ലഭിക്കുകയെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

വലിയ ചികിത്സാ ചെലവുകളുള്ള രോഗങ്ങള്‍ക്ക് സാധാരണ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസി പരിരക്ഷ വാഗ്ദാനം ചെയ്യുന്നില്ല. അസുഖം വന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നതിനും ഡോക്ടറുടെ ഫീസ് നല്‍കുന്നതിനുമൊക്കെയാണ് ഈ പോളിസി പരിരക്ഷ നല്‍കുന്നത്. എന്നാല്‍ ആശുപത്രിയില്‍ എത്തിയ ശേഷം ക്യാന്‍സറോ അത് പോലെ ജീവന് ഭീഷണിയായേക്കാവുന്ന വലിയ രോഗമാണ് എന്ന് തിരിച്ചറിയുകയും അതിന് വേണ്ടി നടത്തുന്ന ചികിത്സാ ചെലവും ഈ പോളിസി കവര്‍ ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ നമ്മള്‍ ചേര്‍ന്ന പോളിസി എന്തൊക്കെ വാഗ്ദാനം ചെയ്യുന്നുവെന്ന് ആദ്യം തന്നെ അറിഞ്ഞിരിക്കുക. ഇത്തരം രോഗങ്ങള്‍ ഉണ്ടായാലുള്ള സാമ്പത്തിക മുന്‍കരുതലായി ചേരാവുന്നത് ക്രിട്ടിക്കല്‍ ഇല്‍നെസ് ഇന്‍ഷൂറന്‍സ് പോളിസിയാണ്.

ക്രിട്ടിക്കല്‍ ഇല്‍നെസ് ഇന്‍ഷൂറന്‍സ് പോളിസി

ക്യാന്‍സര്‍ പോലെ അതീവ ഗുരുതര രോഗങ്ങള്‍ക്കുള്ള ചികിത്സാ ചെലവുകള്‍ താങ്ങാന്‍ ക്രിട്ടിക്കല്‍ ഇല്‍നെസ് ഇന്‍ഷൂറന്‍സ് പോളിസിയാണ് നല്ലത്. ഇത്തരം രോഗങ്ങള്‍ സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ ഒരൊറ്റ തവണയായി വലിയൊരുതുക ആനുകൂല്യമായി ലഭിക്കും. ഇത് എങ്ങിനെ വേണമെങ്കിലും ചെലവഴിക്കാന്‍ സാധിക്കും. അസുഖ ബാധിതനായ ശേഷം ജോലിയും വരുമാനവും നഷ്ടമായതിന് പകരം പിടിച്ചു നില്‍ക്കാനും ചികിത്സാ ചെലവിനോ മറ്റ് ചിലവുകള്‍ നിര്‍വഹിക്കാനുമൊക്കെ ഈ ക്ലെയിം തുക ഉപയോഗിക്കാം. ഇത് ആരോഗ്യ ഇന്‍ഷൂറന്‍സില്‍ സാധ്യമല്ല. എന്നാല്‍ ക്രിട്ടിക്കല്‍ ഇന്‍നെസ് ഇന്‍ഷൂറന്‍സ് പോളിസി എടുത്തവര്‍ക്ക് ലഭിക്കുന്ന ഈ ആനുകൂല്യം ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ അവരെ സഹായിക്കുന്നു. 90 ദിവസമാണ് പോളിസിയുടെ വെയിറ്റിങ് പിരീഡ്. പോളിസി എടുത്ത് 90 ദിവസത്തിനുള്ളില്‍ ക്യാന്‍സര്‍ പോലെയുള്ള രോഗങ്ങളുടെ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ പരിരക്ഷ ലഭിക്കില്ല. ഈ പിരീഡിന് ശേഷം വരുന്ന അസുഖങ്ങള്‍ക്കാണ് പരിരക്ഷ ലഭിക്കുക.

രോഗം സ്ഥിരീകരിച്ച ശേഷം കമ്പനിയുടെ ചില മാനദണ്ഡങ്ങള്‍ പാലിക്കണം. രോഗി ഏറ്റവും കുറഞ്ഞത് 14 ദിവസമെങ്കിലും അസുഖം കണ്ടെത്തിയ ശേഷം ജീവിച്ചിരിക്കണമെന്ന നിബന്ധനയുണ്ട് . പല കമ്പനികളും ഈ സര്‍വൈവല്‍ കാലാവധി പലവിധത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഭൂരിപക്ഷം കമ്പനികളും പോളിസിഹോള്‍ഡറുടെ അതിജീവന കാലാവധി 14 ദിവസമായാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ക്രിട്ടിക്കല്‍ ഇല്‍നെസ് ഇന്‍ഷൂറന്‍സ് പോളിസിക്ക് ഒരു കുഴപ്പമുണ്ട്. ക്യാന്‍സര്‍ രോഗമാണ് സ്ഥിരീകരിക്കുന്നതെങ്കില്‍ അതിന്റെ പ്രാരംഭ ഘട്ടത്തില്‍ ക്ലെയിം തുക അനുവദിക്കില്ല. ക്യാന്‍സര്‍ കൂടുന്ന സാഹചര്യത്തില്‍ മാത്രമാണ് തുക അനുവദിക്കുക.

ക്യാന്‍സര്‍ ഇന്‍ഷൂറന്‍സ് പോളിസി

ക്യാന്‍സര്‍ ചികിത്സ വലിയ ചെലവേറിയ കാര്യമാണ്. അസുഖത്തിന്റെ രണ്ടാംഘട്ടത്തിലാണ് ക്രിട്ടിക്കല്‍ ഇല്‍നെസ് പോളിസികള്‍ പോലും പരിരക്ഷ നല്‍കുന്നുള്ളൂ. എന്നാല്‍ ഈ രോഗമുണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ നല്ലത് പ്രത്യേകം ക്യാന്‍സര്‍ ഇന്‍ഷൂറന്‍സ് പോളിസിയില്‍ ചേരുന്നതാണ്. ഈ വിഭാഗത്തിലുള്ള രോഗികള്‍ക്ക് വരുന്ന മെഡിക്കല്‍ ചെലവുകള്‍ മാത്രം കവര്‍ ചെയ്യാന്‍ പാകത്തിലുള്ള പോളിസിയാണിത്. ക്യാന്‍സറിന്റെ പ്രാരംഭഘട്ടത്തിലും അടുത്തഘട്ടത്തിലും ഉള്ള എല്ലാ ചെലവുകളും ഈ പോളിസി കവര്‍ ചെയ്യും. പുന:രധിവാസ ചെലവും ചികിത്സാ ചെലവുമൊക്കെ ദീര്‍ഘകാലത്തിലേക്ക് നോക്കിയാല്‍ ഭീമമായ തുക വേണ്ടിവരും. ഈ അസുഖം ബാധിക്കുന്നതോടെ ആരോഗ്യപരമായും സാമ്പത്തികമായും തകരുന്ന സ്ഥിതിയാണ്. ഇത് ഒഴിവാക്കാന്‍ അനുയോജ്യമായ പോളിസി എടുത്താല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ നേരിടാം.

Similar Posts