ഇന്ത്യയ്ക്ക് പുറത്തേക്കും സാമ്രാജ്യം; ദുബൈയിലോ ന്യൂയോർക്കിലോ ഫാമിലി ഓഫീസ് സ്ഥാപിക്കാനൊരുങ്ങി ഗൗതം അദാനി
|ഹെഡ്‌ഗെ ഫണ്ടിന്റെ ശതകോടീശ്വരൻ റായ് ഡാലിയോയും ഗൂഗ്ൾ സഹസ്ഥാപകൻ സെർജി ബ്രിനും സിംഗപ്പൂരിൽ തങ്ങളുടെ ഫാമിലി ഓഫീസ് സ്ഥാപിച്ചിരുന്നു
മുംബൈ: ആഗോള തലത്തിൽ ആസ്തികൾ വികസിക്കുന്ന സാഹചര്യത്തിൽ ദുബൈയിലോ ന്യൂയോർക്കിലോ ഓഫീസ് സ്ഥാപിക്കാനൊരുങ്ങി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായ ഗൗതം അദാനി. തുറമുഖ-ഊർജ രംഗങ്ങളിൽ വൻ നിക്ഷേപമുള്ള അദാനി ഗ്രൂപ്പിന്റെ ഫാമിലി ഓഫീസാണ് ഇരു നഗരങ്ങളിലൊന്നിൽ സ്ഥാപിക്കുകയെന്നാണ് നിരീക്ഷകർ പറയുന്നത്. ഫാമിലി ഓഫീസ് മാനേജർമാരെ കണ്ടെത്താനുള്ള നീക്കത്തിലാണ് ഗ്രൂപ്പ് സ്ഥാപകരെന്നും പേര് വെളിപ്പെടുത്താത്ത നിരീക്ഷികർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ടു ചെയ്തു.
വ്യക്തിഗത സമ്പത്തിൽ 58 ബില്യൺ ഡോളറിന്റെ വർധനവാണ് ഈ വർഷം അദാനി കൈവരിച്ചതെന്നാണ് ബ്ലൂംബെർഗ് ബില്യണേഴ്‌സ് ഇൻഡക്‌സ് വ്യക്തമാക്കുന്നത്. പാരമ്പര്യ ശക്തികേന്ദ്രമായ ഇന്ത്യക്ക് പുറത്തേക്കും സംരംഭങ്ങൾ വിപുലീകരിക്കാനുള്ള ആഗ്രഹത്താലാണ് പുതിയ നീക്കങ്ങൾ അദാനി ഗ്രൂപ്പ് നടത്തുന്നത്.
135 ബില്യൺ ഡോളർ ആസ്തിയുള്ള അദാനി ഈ നീക്കങ്ങൾ മുന്നോട്ടു കൊണ്ടുപോയാൽ സമ്പത്തും വ്യക്തിഗത നിക്ഷേപങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും നിയന്ത്രിക്കാൻ ഫാമിലി ഓഫീസുകളുള്ള അതിസമ്പന്നരുടെ നിരയിലാണ് ചേരുക. ഹെഡ്‌ഗെ ഫണ്ടിന്റെ ശതകോടീശ്വരൻ റായ് ഡാലിയോയും ഗൂഗ്ൾ സഹസ്ഥാപകൻ സെർജി ബ്രിനും സിംഗപ്പൂരിൽ തങ്ങളുടെ ഫാമിലി ഓഫീസ് സ്ഥാപിച്ചിരുന്നു. അദാനിയുടെ എതിരാളിയും ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാം സമ്പന്നനുമായ മുകേഷ് അംബാനിയും അവിടെ ഫാമിലി ഓഫീസ് തുറക്കാനുള്ള ഒരുക്കത്തിലാണെന്ന് ബ്ലൂംബെർഗ് കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു.
നിലവിൽ അദാനി ഗ്രൂപ്പ് നികുതി വിദഗ്ധരോടും ഉപദേശകരോടും വിഷയത്തിൽ ചർച്ച നടത്തുന്നതായാണ് വിവരം. ഇവരുടെ നിർദേശമനുസരിച്ച് ഫാമിലി ഓഫീസിന്റെ ഇടം മാറിയേക്കും. എന്നാൽ വിഷയത്തിൽ അദാനി ഗ്രൂപ്പ് വക്താവ് പ്രതികരിക്കാൻ തയ്യാറായില്ലെന്ന് എൻഡിവി റിപ്പോർട്ട് ചെയ്തു.
അടുത്തിടെ, ലൂയിസ് വിറ്റൺ ചെയർമാനും സിഇഒയുമായ ബെർണാഡ് അർനോൾട്ടിനെ പിന്തള്ളി അദാനി ബ്ലൂംബെർഗ് ബില്യണയർ ഇൻഡക്സിന്റെ ആദ്യ മൂന്നിൽ ഇടം നേടിയ ആദ്യ ഏഷ്യക്കാരനായിരുന്നു. ചൈനയുടെ ജാക്ക് മായും ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ധനികനായ മുകേഷ് അംബാനിയും ഉൾപ്പെടെ ഒരു ഏഷ്യക്കാരനും ബ്ലൂംബെർഗ് ശതകോടീശ്വരന്മാരുടെ സൂചികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടം നേടിയിട്ടില്ല. ഈ സാഹചര്യത്തിലാണ് അദാനിയുടെ മുന്നേറ്റം. ആമസോൺ മേധാവി ജെഫ് ബെസോസിനെ മറികടന്ന് സെപ്തംബറിൽ അദ്ദേഹത്തെ രണ്ടാം ലോക സമ്പന്നനുമായിരുന്നു. എന്നാൽ ചെറിയ മാർജനിൽ ബെസോസ് വീണ്ടും രണ്ടാംസ്ഥാനത്തെത്തിയിരുന്നു. 2022 നവംബർ 17നുള്ള ബ്ലുംബെർഗ് കണക്ക് പ്രകാരം ബെർണാഡ് അർനോൾട്ടാണ് രണ്ടാമത്. ഗൗതം അദാനി മൂന്നാമത് തന്നെയാണ്. എന്നാൽ ബെസോസ് നാലാമതാണ്. ഈ വർഷം ജൂണിൽ ഗൗതം അദാനിയുടെ 60ാം ജന്മദിനത്തോട് അനുബന്ധിച്ച് അദാനി കുടുംബം 60,000 കോടി സാമൂഹിക പ്രവർത്തനങ്ങൾക്കായി ദാനം ചെയ്തിരുന്നു.
അദാനിയുടെ ദുബൈ ബന്ധം
ഗൗതം അദാനിയുടെ മുതിർന്ന സഹോദരൻ വിനോദ് അദാനി ദുബൈ കേന്ദ്രീകരിച്ച് ട്രേഡിംഗ് ബിസിനസ് ചെയ്യുന്നയാളാണ്. അതുപോലെ സിംഗപ്പൂരിലും ജകാർത്തയിലും അദ്ദേഹത്തിന് ബിസിനസുണ്ട്. ലോകത്തിലെ ഇന്ത്യയിൽ താമസിക്കാത്ത പൗരന്മാരുടെ കൂട്ടത്തിൽ സമ്പന്നനാണ് വിനോദ് അദാനി. പുതിയ ഹുറൂൻ ഇന്ത്യ റിച്ച് ലിസ്റ്റിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. അദാനി ഗ്ലോബൽ ഇൻവെസ്റ്റ്‌മെൻറഎ് ഡിഎംസിസിയാണ് ഇദ്ദേഹത്തിന്റെ സംരംഭം. അവരുടെ വെബ്‌സൈറ്റ് പ്രകാരം 2016ലാണ് സംരംഭം തുടങ്ങിയത്.
ഒരു വർഷം കൊണ്ട് സമ്പാദ്യം ഇരട്ടിയാക്കി അദാനി
ലോക കോടീശ്വരന്മാരുടെ പട്ടികയിൽ കുതിച്ച് രണ്ടാം സ്ഥാനത്തെത്തിയ വ്യവസായി ഗൗതം അദാനി കഴിഞ്ഞ വർഷത്തിൽ ഒരു ദിവസം സമ്പാദിച്ചത് 1612 കോടി രൂപയാണെന്ന് കഴിഞ്ഞ സെപ്തംബറിൽ വിവരം പുറത്തുവന്നിരുന്നു. ഒരു വർഷം കൊണ്ട് തന്റെ സമ്പാദ്യം നേരെ ഇരട്ടിയാക്കിയാണ് ഇദ്ദേഹം ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിഴ്സിനെ മറികടന്നത്. ഐ.ഐ.എഫ്.എൽ വെൽത്ത് ഹുറൂൻ ഇന്ത്യ റിച്ച് ലിസ്റ്റ് 2022 ലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.
അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അദാനി ഗ്രൂപ്പിന്റെ ഓഹരികൾ കഴിഞ്ഞ വർഷം 116 ശതമാനം വളർച്ചയാണ് നേടിയത്. ഇതിലൂടെ 5,88,500 കോടി രൂപയാണ് സാമ്പദ്യത്തിൽ കൂട്ടിച്ചേർത്തത്. 60കാരനായ അദാനിയുടെ ആകെ സമ്പാദ്യം 10,94,400 കോടി രൂപയാണെന്നാണ് കണക്കാക്കപ്പെടുന്നത്. അദാനി ഗ്രൂപ്പിന്റെ ഏഴു കമ്പനികൾ കഴിഞ്ഞ കുറച്ചു വർഷമായി വൻ വരുമാനമാണ് നേടുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 1440 ശതമാനം വളർച്ചയാണ് കമ്പനി നേടിയത്.
'ഇന്ത്യൻ സമ്പദ് രംഗം നിരീക്ഷിക്കുമ്പോൾ, 2022 അദാനിയുടെ കുതിച്ചുചാട്ടത്തിന്റെ വർഷമാണ്. തന്റെ ഉൽപ്പന്ന വിപണന കമ്പനിയെ ഖനി-തുറമുഖ- ഊർജ രംഗത്തേക്ക് കൂടി അതിവേഗം വികസിപ്പിച്ച് ഒരു ലക്ഷം കോടിയുടെ വിപണി മൂല്യത്തോടെ ഏഴു കമ്പനികൾ പടുത്തുയർത്തിയ ഏക ഇന്ത്യക്കാനാണ് അദ്ദേഹം' ഹുറൂൻ ഇന്ത്യയുടെ മുഖ്യഗവേഷകനും എംഡിയുമായ അനസ് റഹ്മാൻ ജുനൈദ് ചൂണ്ടിക്കാട്ടിയിരുന്നു.
കൽക്കരി-തുറമുഖ ബിസിനസുകളിൽ നിന്ന് ഡാറ്റ സെന്റർ, സിമന്റ്, മീഡിയ, ഹരിത ഊർജം എന്നീ മേഖലകളിലേയ്ക്കു കൂടി അദാനി ഈയിടെ തന്റെ സാമ്രാജ്യം വ്യാപിപ്പിച്ചിരുന്നു. ഭക്ഷ്യ മേഖലകളിലേക്കുകൂടി ബിസിനസ് ശൃംഖല വ്യാപിപ്പിക്കാനുള്ള നീക്കം പുറത്തുവന്നിരുന്നു.
Gautam Adani, Asia's richest man, set to set up office in Dubai or New York as assets expand globally