സ്വർണവില വീണ്ടും താഴോട്ട്; ജൂണിൽ കുറഞ്ഞത് 1360 രൂപ
|ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ കുത്തനെയുണ്ടായ ഇടിവാണ് സ്വർണ്ണവിലയിൽ പ്രതിഫലിക്കുന്ന പ്രധാന ഘടകം
കൊച്ചി: തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവു രേഖപ്പെടുത്തി. വ്യാഴാഴ്ച ഗ്രൂമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. 37,320 രൂപയാണ് ഒരു പവൻ വില. ഗ്രാമിന് 4,665 രൂപയും. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.
ഗ്രാമിന് പത്തു രൂപയും പവൻ 80 രൂപയും കുറഞ്ഞു ഗ്രാമിന് 4,675 രൂപയിലും പവന് 37,400 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇതോടെ മാസത്തിന്റെ അവസാന ദിവസങ്ങളിൽ സ്വർണ്ണവില കുത്തനെ ഇടിഞ്ഞു. മൂന്നു ദിവസത്തിനുള്ളിൽ മാത്രം പവന് 800 രൂപയാണ് കുറഞ്ഞത്.
ജൂണിൽ ഇതുവരെ 1360 രൂപയുടെ ഇടിവാണ് ഉണ്ടായത്. ജൂൺ ഒന്നിന് 38000 രൂപയായിരുന്നു പവൻ വില. ജൂൺ പതിനൊന്നിന് ഇത് റെക്കോഡ് വിലയായ 38,680 രൂപയിലെത്തി. പിന്നീട് തിരിച്ചിറങ്ങിയ വിലയാണ് ഇപ്പോൾ 37,320 രൂപയിൽ എത്തി നിൽക്കുന്നത്. രാജ്യാന്തര വിപണിയിലെ വ്യതിയാനമാണ് സംസ്ഥാനത്തെ വിപണിയിലും പ്രതിഫലിക്കുന്നത്.
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ കുത്തനെയുണ്ടായ ഇടിവാണ് സ്വർണ്ണവിലയിൽ പ്രതിഫലിക്കുന്ന പ്രധാന ഘടകം. അന്താരാഷ്ട്ര വിപണിയിൽ 2021 ആദ്യ പാദത്തിന് ശേഷമുള്ള ഏറ്റവും മോശം വ്യാപാരമാണ് സ്വർണത്തിന്റേത്.