Business
തിരിച്ചിറങ്ങി സ്വർണ വില; പവന് 320 രൂപ കുറഞ്ഞു
Business

തിരിച്ചിറങ്ങി സ്വർണ വില; പവന് 320 രൂപ കുറഞ്ഞു

Web Desk
|
27 Jan 2022 5:19 AM GMT

ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് സ്വർണ വില ഇടിയാനുള്ള കാരണം

കൊച്ചി: ഈ മാസത്തെ ഏറ്റവും വലിയ നിരക്കിൽ നിന്ന് തിരിച്ചിറങ്ങി സ്വർണവില. വ്യാഴാഴ്ച 320 രൂപ കുറഞ്ഞ് പവൻ ഒന്നിന് 36,400 രൂപയായി. ബുധനാഴ്ച 36,720 രൂപയായിരുന്നു പവൻ വില. പത്തു ഗ്രാമിന് 600 രൂപയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് സ്വർണ വില ഇടിയാനുള്ള കാരണം.

ഈ വർഷം ആദ്യം 36360 രൂപയായിരുന്നു കേരളത്തിലെ സ്വർണവില. ജനുവരി രണ്ടാം വാരം 35,600 വരെ എത്തിയിരുന്നെങ്കിലും പിന്നീട് തിരിച്ചുകയറുകയായിരുന്നു. ബുധനാഴ്ചയിലെ 36,720 രൂപയാണ് ഈ മാസത്തെ ഏറ്റവും വലിയ വില.

അതിനിടെ, പലിശ നിരക്കുകൾ വർധിപ്പിക്കുന്ന യുഎസ് ഫെഡറൽ റിസർവിന്റെ മുന്നറിയിപ്പ് ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ചു കുലുക്കി. വ്യാപാരദിനത്തിന്റെ തുടക്കത്തിൽ തന്നെ ആയിരം പോയിന്റാണ് സെൻസെക്‌സിൽ ഇടിഞ്ഞത്. നിഫ്റ്റി 17000 പോയിന്റിന് താഴെയാണ് വ്യാപാരം നടത്തുന്നത്.

സെൻസെക്‌സിൽ 885.88 താഴ്ന്ന് 56,972.27 പോയിന്റിലും നിഫ്റ്റി 266.85 താഴ്ന്ന് 17,011.10 പോയിന്റിലുമാണ് വ്യാപാരം നടക്കുന്നത്. സെൻസെക്‌സിൽ 1.53 ശതമാനത്തിന്റെയും നിഫ്റ്റിയിൽ 1.54 ശതമാനത്തിന്റെയും ഇടിവാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. സെൻസെക്‌സിൽ ടൈറ്റാൻ, വിപ്രോ, ഡോ റെഡ്ഡീസ്, എച്ച്ഡിഎഫ്‌സി, ടെക് മഹീന്ദ്ര, ഇൻഫോസിസ് കമ്പനികൾക്കാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്. മാരുതി ഒഴികെയുള്ള മിക്ക സ്റ്റോക്കുകളുടെയും വ്യാപാരം ചുവപ്പുപട്ടികയിലാണ് നടക്കുന്നത്.

പണപ്പെരുപ്പം നിയന്ത്രിക്കാൻ മാർച്ചിലെ നയയോഗത്തിൽ നിരക്കുകൾ വർധിപ്പിക്കുമെന്നാണ് ഫെഡറൽ റിസർവ് ചെയർ ജെറോം പവൽ പ്രഖ്യാപിച്ചിരുന്നത്. യുഎസിൽ നാൽപ്പതു വർഷത്തെ ഉയർന്ന നിരക്കിലാണ് പണപ്പെരുപ്പം. തൊഴിലില്ലായ്മാ നിരക്ക് 3.9 ശതമാനവും. ഇതാണ് ഫെഡറൽ റിസർവിനെ നിരക്കുകൾ ഉയർത്താൻ പ്രേരിപ്പിക്കുന്നത്.

Related Tags :
Similar Posts