സ്വർണവില 40,000 തൊടുന്നു; പവന് ഇന്ന് വർധിച്ചത് 200 രൂപ
|ഡിസംബർ ഒന്നിന് 39000 രൂപയായിരുന്നു സ്വർണവില
സംസ്ഥാനത്ത് സ്വർണവില നാൽപ്പതിനായിരത്തിലേക്ക്. വെള്ളിയാഴ്ച 200 രൂപയാണ് പവന് വർധിച്ചത്. 39,800 രൂപയാണ് ഒരു പവൻ വില. ഗ്രാമിന് 4975 രൂപ. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
ഡിസംബർ ഒന്നിന് 39000 രൂപയായിരുന്നു സ്വർണവില. ഒമ്പതു ദിവസത്തിനിടെ എണ്ണൂറു രൂപയുടെ വർധനയുണ്ടായി. ബുധനാഴ്ച 39600 രൂപയായിരുന്നു പവൻ വില. വ്യാഴാഴ്ച വിലയിൽ മാറ്റമുണ്ടായിരുന്നില്ല.
ഈ വർഷം മാർച്ചിൽ സ്വർണവില നാൽപ്പതിനായിരം കടന്നിരുന്നു. പിന്നീട് തിരിച്ചിറങ്ങുകയായിരുന്നു. യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് ഓഹരി വിപണിയിൽ ഉണ്ടായ അനിശ്ചിതത്വമാണ് വിലയിൽ പ്രതിഫലിച്ചിരുന്നത്.
പലിശ നിരക്കിലെ വർധനയും സ്വർണവിലയെ കാര്യമായി സ്വാധീനിക്കന്നുണ്ട്. നിരക്കുകൾ വർധിക്കുമ്പോൾ നിക്ഷേപകർ സ്വർണം വിൽക്കുകയും ഉയർന്ന പലിശ ലഭിക്കുന്ന നിക്ഷേപങ്ങളിൽ പണമിറക്കുകയുമാണ് ചെയ്യുന്നത്. പണപ്പെരുപ്പം വർധിക്കുന്ന സമയത്ത് കറൻസിയുടെ മൂല്യം കുറയുമ്പോൾ സുരക്ഷിത ഓപ്ഷൻ എന്ന നിലയിൽ ആളുകൾ സ്വർണത്തെ ആശ്രയിക്കുന്നുണ്ട്.
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച അടിസ്ഥാന പലിശ നിരക്കുകൾ റിസർവ് ബാങ്ക് വീണ്ടും വർധിപ്പിച്ചിരുന്നു. വാണിജ്യബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 35 ബേസിസ് പോയിന്റാണ് (0.35 ശതമാനം) വർധിപ്പിച്ചത്. ഇതോടെ റിപ്പോ നിരക്ക് 5.90 ശതമാനത്തിൽനിന്ന് 6.25 ശതമാനമായി. വിപണിയിലെ അനിശ്ചിതത്വം മറികടക്കാൻ ആറു മാസത്തിനിടെ റിപ്പോ നിരക്കുകൾ രണ്ടു ശതമാനത്തോളമാണ് ഉയർത്തിയത്.