ഭവന വായ്പ ; പലിശ തീരുമാനിക്കും മുമ്പ് ഇതൊന്ന് അറിഞ്ഞോളൂ
|- സ്ഥിരമായി ഒരേ നിരക്ക്
- റിപ്പോ നിരക്ക് കുറഞ്ഞാല്‍ ഗുണം
- റീഫിനാന്‍സിങ്ങിന് സൗകര്യം
ഒരു വീട് എടുക്കണമെങ്കില്‍ ഒരു ഹോം ലോണ്‍ കൂടിയേ തീരൂ. അത്രക്ക് ചിലവേറിയ കാര്യമാണിത്. എത്രയൊക്കെ നീക്കിയിരിപ്പ് ഉണ്ടായാലും പാര്‍പ്പിടം സ്വന്തമാക്കണമെങ്കില്‍ ബാങ്കിനെ സമീപിക്കേണ്ടി വരും. അത്തരം സന്ദര്‍ഭങ്ങളില്‍ പലരും ആ സമയത്തെ സാമ്പത്തിക പ്രതിസന്ധി എങ്ങിനെയെങ്കിലും ഒന്ന് തീര്‍ന്നാല്‍ മതിയെന്ന ചിന്തയിലായിരിക്കും. എന്നാല്‍ വായ്പക്കായി ബാങ്കിനെ സമീപിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം. അല്ലെങ്കില്‍ ഭാവിയില്‍ ബാധ്യത തീരാന്‍ പ്രയാസമായിരിക്കും. ഭവന വായ്പക്കായി ശ്രമിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു ഘടകമാണ് പലിശ നിരക്കും പലിശയുടെ സ്വഭാവവും. കാരണം പല ഭവന വായ്പകളും ദീര്‍ഘകാലത്തേക്കാണ് . രണ്ട് വിധത്തിലുള്ള പലിശയാണ് ബാങ്കുകളും സ്ഥാപനങ്ങളും ഭവന വായ്പയില്‍ ചുമത്തുന്നത്. ഒന്ന് ഫ്‌ളോട്ടിങ് പലിശ നിരക്കും രണ്ടാമത്തേത് സ്ഥിര പലിശ നിരക്കുമാണ്. ഇതിന് രണ്ടിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. നിലവിലുള്ള സാമ്പത്തിക സാഹചര്യങ്ങളും റിസ്‌ക് ടോളറന്‍സും (നഷ്ടം നേരിടാനുള്ള സാമ്പത്തിക ശേഷി) പരിഗണിച്ചുവേണം തീരുമാനമെടുക്കാന്‍.
ഫിക്‌സഡ് ഇന്‍ട്രസ്റ്റ് റേറ്റ് (സ്ഥിര പലിശ നിരക്ക്)
ഭവന വായ്പയെടുക്കുമ്പോള്‍ സ്ഥാപനങ്ങള്‍ ഏത് പലിശ നിരക്കിലാണ് വായ്പ അനുവദിക്കുന്നതെന്ന് മുന്‍കൂട്ടി ചോദിക്കണം. സ്ഥിര പലിശ നിരക്ക് വായ്പ അവസാനിക്കുന്ന കാലം വരെ ഒരേ നിരക്കായിരിക്കും പിന്തുടരുക. മുന്‍കൂട്ടി നിശ്ചയിച്ച ഒരു നിരക്കില്‍ വായ്പ അനുവദിച്ചാല്‍ ആ നിരക്കിലാണ് വായ്പാ കാലയളവ് തീരുംവരെ പലിശ ഈടാക്കുക. ഉദാഹരണത്തിന് എട്ട് ശതമാനം പലിശയാണ് ബാങ്ക് നിശ്ചയിച്ചതെന്ന് കരുതുക. വായ്പാ പൂര്‍ണമായും അടച്ച് തീരുംവരെ ഈ നിരക്കില്‍ തന്നെ പലിശ നല്‍കിയാല്‍ മതി. റിപ്പോ നിരക്കിന് അനുസരിച്ച് പലിശ നിരക്കില്‍ കുറവുണ്ടായാലും കൂടിയാലും അത് ഈ വായ്പയില്‍ മാറ്റം ഉണ്ടാക്കില്ല. ചുരുക്കിപ്പറഞ്ഞാല്‍ വായ്പാ പലിശ നിരക്ക് പൊതുവേ ബാങ്കുകള്‍ കുറച്ചാല്‍ അതിന്റെ ആനുകൂല്യം വായ്പയെടുക്കുന്നവര്‍ക്ക് ലഭിക്കില്ല. അതുപോലെ പലിശ നിരക്ക് ബാങ്ക് ഉയര്‍ത്തിയാലും നിങ്ങളുടെ വായ്പയെ ബാധിക്കില്ല. സ്ഥിരമായി ഒരേ നിരക്കില്‍ പലിശ നല്‍കാം. വിപണിയിലെ അസ്ഥിരതകളില്‍ നിന്നൊക്കെ സംരക്ഷണം ലഭിക്കും. നല്ലൊരു സ്ഥിരതയുള്ള സാമ്പത്തിക ആസൂത്രണം ഉള്ള ഒരാളെ സംബന്ധിച്ച് സ്ഥിര പലിശ നിരക്കാണ് അനുയോജ്യം.
എന്നാല്‍ ഇതിന്റെ ഏറ്റവും വലിയ ദോഷം സ്ഥിര പലിശ നിരക്ക് ഉയര്‍ന്നിരിക്കും. ഫ്‌ളോട്ടിങ് റേറ്റിനേക്കാള്‍ വായ്പയെടുക്കുന്ന സമയത്ത് വലിയ നിരക്കിലാണ് സ്ഥിര പലിശ നിരക്കായി സ്ഥാപനങ്ങള്‍ നിശ്ചയിക്കുന്നത്. അതുകൊണ്ട് തന്നെ മാസമുള്ള അടവ് വലിയൊരു തുകയായിരിക്കും. ഈ തുക തന്നെയാണ് സ്ഥിരമായി നല്‍കേണ്ടി വരുന്നത്. ഇതൊക്കെ പരിഗണിച്ചുവേണം കാര്യങ്ങള്‍ തീരുമാനിക്കാന്‍.
ഫ്‌ളോട്ടിങ് റേറ്റ് (മാറികൊണ്ടിരിക്കുന്ന പലിശ നിരക്ക്)
വായ്പ എടുക്കുമ്പോള്‍ കുറഞ്ഞ നിരക്കാണ് ഈ രീതിയിലുള്ള വായ്പക്ക് സ്ഥാപനങ്ങള്‍ ഈടാക്കുന്നത്. അതുകൊണ്ട് തന്നെ തുടക്കത്തില്‍ മാസാമാസമുള്ള തിരിച്ചടവ് തുക പൊതുവേ കുറവായിരിക്കും. വിപണിയില്‍ പൊതുവായുള്ള വായ്പാ നിരക്ക് കുറവാണെങ്കില്‍ അതിന്റെ ഗുണം വായ്പക്ക് ലഭിക്കും. അതുകൊണ്ട് തന്നെ റീഫിനാന്‍സിങ്ങിനും എളുപ്പം സാധിക്കും. റിപ്പോ നിരക്കിന് അനുസരിച്ചുള്ള മാര്‍ക്കറ്റ് ബെഞ്ച്മാര്‍ക്കാണ് പലിശ നിരക്ക് നിശ്ചയിക്കുന്നത്. എന്നാല്‍ അസ്ഥിരമായി കൊണ്ടിരിക്കുന്ന വിപണി കണക്കിലെടുത്താല്‍ ഫ്‌ളോട്ടിങ് റേറ്റ് ബുദ്ധിമുട്ടായി മാറാറുണ്ട്. ഓരോ മാസവും പല നിരക്കുകളായിരിക്കും ഈടാക്കുന്നത്. സാധാരണ ഉപഭോക്താവിന് ഇക്കാര്യങ്ങള്‍ മനസിലാക്കിയെടുക്കാന്‍ ബുദ്ധിമുട്ടാണ്. ഭവന വായ്പകള്‍ ദീര്‍ഘകാലത്തേക്കായതിനാല്‍ ഇത്തരത്തില്‍ പലിശ എത്ര ശതമാനം നല്‍കേണ്ടി വരുമെന്ന് കൃത്യമായി പറയാന്‍ സാധിക്കില്ല. മുന്‍കൂട്ടി സാമ്പത്തിക കാര്യങ്ങള്‍ പ്ലാന്‍ ചെയ്ത് മുന്നോട്ട് പോകുന്നവര്‍ക്ക് ഈ രീതി ഗുണം ചെയ്യില്ല. കാരണം പലിശ കൂടുമ്പോള്‍ തിരിച്ചടവ് തുകയും കൂടും. കുറയുമ്പോള്‍ തിരിച്ചടവ് കുറയുകയും ചെയ്യും.