റബ്ബർ ചെരുപ്പിന് വില 9000 രൂപയോ! 150 തരുമെന്ന് സോഷ്യൽ മീഡിയ; എയറിലായി ഹ്യൂഗോ ബോസ്
|'ബാത്റൂമിൽ ഇടുന്ന ചെരുപ്പിന് ഇത്രയും വിലയോ?' എന്ന് ചിലർ അമ്പരന്നു
ചില മുൻനിര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ കണ്ടാൽ 'അയ്യേ' എന്ന് തോന്നുകയും എന്നാൽ, ഇവയുടെ വില കണ്ട് കണ്ണുതള്ളിപ്പോവുകയും ചെയ്തിട്ടുള്ളവരാണ് നമ്മളിൽ പലരും. ഈ സാധനത്തിന് എന്തിനാണ് ഇത്രയും വില എന്ന് ചിന്തിക്കാത്തവരും കുറവല്ല. കാണാൻ ഒരു ലുക്കില്ലെങ്കിലും വിലയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും കമ്പനികൾ തയ്യാറാകാറില്ല.
ഇങ്ങനെ ഒരു ഉൽപന്നം അവതരിപ്പിച്ചതിന് പിന്നാലെ എയറിലായിരിക്കുകയാണ് ആഡംബര ബ്രാൻഡായ ഹ്യൂഗോ ബോസ്. കമ്പനിയുടെ ഒരു ജോഡി ചെരുപ്പാണ് ഇപ്പോൾ ട്വിറ്ററിലെ ചർച്ചാ വിഷയം. സാധാരണയായി വീടിനുള്ളിൽ ഉപയോഗിക്കുന്ന തരം നീല നിറത്തിലുള്ള ചെരുപ്പിന് ഹ്യൂഗോ ബോസ് വിലയിട്ടിരിക്കുന്നത് 8,990 രൂപ.
നൂറുജോഡി ചെരുപ്പിന്റെ വിലയാണോ എന്ന് സംശയിക്കുന്നെങ്കിൽ തെറ്റി. ഒരു ജോഡി ചെരുപ്പിനാണ് ഈ വില. സാധാരണയായി വീടിനുള്ളിൽ ഉപയോഗിക്കുന്ന തരം ഫ്ളിപ് ഫ്ലോപ്പ് റബ്ബർ ചെരുപ്പിന്റെ അതേ മോഡലാണ് ഹ്യൂഗോ ബോസിന്റെ പുതിയ ചെരുപ്പുകൾ. ഇതിൽ ഭംഗിയായി പ്രിന്റ് ചെയ്തിരിക്കുന്ന ബ്രാൻഡ് നെയിം അല്ലാതെ സാധാരണ ചെരുപ്പുകൾക്കില്ലാത്ത എന്ത് പ്രത്യേകതയാണുള്ളതെന്ന് അന്വേഷിക്കുകയാണ് ആളുകൾ.
രസകരമായ തലക്കെട്ടുകളോടെയാണ് ട്വിറ്ററിൽ ഹ്യൂഗോ ബോസിന്റെ പോസ്റ്റ് ആളുകൾ റീട്വീറ്റ് ചെയ്യുന്നത്. 'ബാത്റൂമിൽ ഇടുന്ന ചെരുപ്പിന് ഇത്രയും വിലയോ?' എന്ന് ചിലർ അമ്പരന്നു. 9000 രൂപയുടെ ചെരുപ്പിന് മറ്റുചിലർ വാഗ്ദാനം ചെയ്തത് വെറും 150 രൂപയാണ്. അത്ര പോലും വില നൽകേണ്ട കാര്യമില്ലെന്നും ആളുകൾ പറയുന്നു. താനൊരു കോടീശ്വരൻ ആയാലും ഈ ചെരുപ്പ് വാങ്ങില്ലെന്ന ഒരാളുടെ കമന്റ് ട്വിറ്ററിൽ പൊട്ടിച്ചിരിയുണർത്തി.
ആഡംബര ബ്രാൻഡുകൾ സാധനങ്ങൾക്ക് കണ്ണുതള്ളുന്ന വിലയിട്ട് ആളുകളെ അമ്പരപ്പിക്കുന്നത് ഇതാദ്യമല്ല. ഈയിടെ ഒരു പ്രമുഖ ബ്രാൻഡിന്റെ 15,450 രൂപ വിലയുള്ള ഒരു സാധാരണ ഷോർട്ട്സ് ശ്രദ്ധനേടിയിരുന്നു. പിന്നാലെ 11,450 രൂപ വിലയുള്ള ഷർട്ടും ചർച്ചകളിൽ ഇടംനേടി. സാധാരണ കടകളിൽ കിട്ടുന്ന സാധനങ്ങളേക്കാൾ എന്ത് മേന്മയാണ് ആഡംബര ബ്രാൻഡുകൾ പതിനായിരങ്ങൾ വിലയിട്ട് ഇറക്കുന്ന ഈ സാധനങ്ങൾക്കുള്ളതെന്നാണ് ആൾക്കാരുടെ പൊതുവായ സംശയം.