ആളൊഴിഞ്ഞ സ്ഥലമുണ്ടോ? ദിവസവും 12,000 രൂപ ലാഭം നേടാന്‍ ഒരു ബിസിനസ്
|- മാര്‍ക്കറ്റ് വിപുലീകരണം ശ്രദ്ധിക്കണം
- ഉല്‍പ്പാദന യൂനിറ്റിന് ആളൊഴിഞ്ഞ സ്ഥലം
- 10 ലക്ഷം നിക്ഷേപിക്കാം
കെട്ടിട നിര്‍മാണ മെറ്റീരിയലുകളുടെ ബിസിനസുകള്‍ക്ക് എന്നും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഈ മേഖലയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്ക് എന്നും സാധ്യതയുണ്ട്. അതിലൊന്നാണ് സ്റ്റീല്‍ ഡോറുകളുടെയും ജനലുകളുടെയും നിര്‍മാണവും വിപണനവും . മരം കൊണ്ടുള്ള വാതിലുകളും ജനലുമൊക്കെ ആളുകള്‍ ഉപേക്ഷിച്ച് തുടങ്ങുന്ന ഈ ഘട്ടത്തില്‍ ഈ ബിസിനസിലേക്ക് തിരിഞ്ഞാല്‍ വലിയ വിപണി തന്നെ കണ്ടെത്താന്‍ സാധിക്കും. ഒരു ദിവസം 12000 രൂപയോളം ലാഭം മാത്രം ഉണ്ടാക്കാന്‍ സാധിക്കുന്ന ബിസിനസാണിത്. ഗുണമേന്മയുള്ള മരത്തടികള്‍ ലഭ്യമല്ലാത്തതും ഈ മേഖലയില്‍ സ്റ്റീല്‍ ഡോര്‍ ബിസിനസിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.
ഈ സംരംഭം ആരംഭിക്കാന്‍ കെട്ടിടവും യന്ത്രസാമഗ്രികളും അംസ്കൃതവസ്തുക്കളും ആവശ്യമാണ്. കുറഞ്ഞത് പത്ത് ലക്ഷം രൂപയോളം മുതല്‍മുടക്ക് പ്രതീക്ഷിക്കണം. ഈ വ്യവസായത്തിന്റെ പ്രധാന അംസ്കൃത വസ്തു ടാറ്റാ ജിഐ ഷീറ്റുകളാണ്.
കെട്ടിടവും നിക്ഷേപവും
സ്റ്റീല്‍ നിര്‍മാണ യൂനിറ്റ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഒരു കെട്ടിടം വാടകയ്ക്ക് എടുക്കുകയോ സ്വന്തമായി നിര്‍മിക്കുകയോ ചെയ്യാം. വാടകയ്ക്കാണെങ്കില്‍ അഡ്വാന്‍സ് നല്‍കാനുളള തുകയും വാടക നല്കാനുള്ളതും മുന്‍കൂട്ടി കാണണം. ഇനി സ്വന്തം സ്ഥലത്ത് കെട്ടിടം നിര്‍മിക്കാന്‍ സാധിക്കുന്നവര്‍ക്ക് അതും ചെയ്യാം. കാലങ്ങളോളം വാടക നല്‍കുന്നത് ഒഴിഞ്ഞുകിട്ടും. 15 മീറ്റര്‍ വീതിയും 20 മീറ്റര്‍ നീളവും 12 മീറ്റര്‍ ഉയരവും കെട്ടിടത്തിന് വേണം. ജിഐ ഷീറ്റും പൈപ്പും ഉപയോഗിച്ച് തന്നെ കെട്ടിടം നിര്‍മിക്കാം. ഈ യൂണിറ്റില്‍ നാല് തരത്തിലുള്ള ഉല്‍പ്പാദന പ്രക്രിയകള്‍ നടക്കാനുണ്ട്. അതുകൊണ്ട് തന്നെ ആവശ്യത്തിന് വലിപ്പവും വിസ്താരവും ഉറപ്പുവരുത്തണം. പ്രധാന ഉല്‍പ്പാദന പ്രക്രിയകള്‍ കട്ടിങ്,വെല്‍ഡിങ്,മിനുക്കിയെടുക്കല്‍,പെയിന്റിങ് എന്നിവയാണ്. കെട്ടിടത്തിന് 3200 ചതുരശ്ര അടിയാണ് വേണ്ടത്. ഒരു ഷെഡ് നിര്‍മിക്കാന്‍ പരമാവധി 7,10,000 രൂപ മാറ്റിവെക്കേണ്ടി വരും.
മെഷിനറികളും മുടക്കുമുതലും
സ്റ്റീല്‍ ഡോര്‍ നിര്‍മാണ യൂനിറ്റിന് വെല്‍ഡിങ് മെഷീനും കട്ടര്‍ മെഷീനും ഡ്രില്ലര്‍ മെഷീനും പഞ്ചിങ് മെഷീനും കംപ്രസറുമാണ് പ്രധാനമായും വേണ്ടത്. വെല്‍ഡിംഗ് മെഷീനുകള്‍ 200, 250, 350 എന്നിങ്ങനെ വ്യത്യസ്ത ആമ്പിയറുകളില് ലഭ്യമാണ്. മെഷിനറികളുടെ ഗുണനിലവാരം തിരഞ്ഞെടുക്കുന്നത് ഉല്‍പ്പാദന ശേഷി എത്രയാണെന്ന് മനസിലാക്കിയ ശേഷമായിരിക്കണം. ഏറ്റവും കുറഞ്ഞ വിലയുള്ള മെഷീനുകള്‍ പരിഗണിക്കുന്നതിന് പകരം എല്ലാ മെഷീനുകളും കൂടുതല്‍ സമയം ഉപയോഗിക്കേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞ് വേണം. മെഷീനുകളുടെ ദീര്‍ഘായുസ്സ് ഉറപ്പാക്കേണ്ടതും ആവശ്യമാണ്. എല്ലാ മെഷീനുകള്‍ക്കും കൂടി ശരാശരി 180,000 രൂപ മാറ്റിവെക്കണം.
അനുമതികള്‍
ഒരു പ്രൊഡക്ഷന്‍ യൂണിറ്റ് സ്ഥാപിക്കുന്നതിന് പഞ്ചായത്തില്‍ നിന്നും മുനിസിപ്പാലിറ്റിയില്‍ നിന്നും ലൈസന്‍സ് ആവശ്യമാണ്. സ്റ്റീല്‍ വാതിലുകളും ജനലുകളും നിര്‍മ്മിക്കുന്ന യൂണിറ്റ് ശബ്ദ മലിനീകരണം ഉണ്ടാക്കും. അതുകൊണ്ട് ആളൊഴിഞ്ഞ പ്രദേശത്താണ് ഈ യൂനിറ്റ് ആരംഭിക്കാന്‍ നല്ലത്.
5 എച്ച്പിയില്‍ കൂടുതലുള്ള ഓരോ യൂണിറ്റിനും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ലൈസന്‍സ് ഉണ്ടായിരിക്കണം. വന്‍തോതില്‍ വരുമാനം നേടുന്ന വലിയ ബിസിനസ് ആയതിനാല്‍ ജിഎസ്ടി രജിസ്ട്രേഷന് ആവശ്യമാണ്. പ്രൊപ്രൈറ്റര്‍ഷിപ്പിലാണ് സ്ഥാപനം ആരംഭിക്കുന്നതെങ്കില്‍ പാന്‍ കാര്‍ഡ് ഉപയോഗിച്ച് തന്നെ ജിഎസ്ടി രജിസ്ട്രേഷന് എടുക്കാം.
അതേസമയം പങ്കാളിത്ത ബിസിനസാണെങ്കില്‍ ജിഎസ്ടി രജിസ്ട്രേഷന് കമ്പനിയുടെ പാന്‍ കാര്‍ഡ് മുഖേന ആയിരിക്കണം. ബിസിനസിന്റെ സുഗമമായ നടത്തിപ്പിന് ബാങ്കില്‍ കറണ്ട് അക്കൗണ്ട് ഉണ്ടായിരിക്കണം. ലൈസന്‍സി നടപടിക്രമത്തിനുള്ള മൊത്തം നിക്ഷേപ തുക ഏകദേശം 30,000 രൂപയായിരിക്കും.
വൈദ്യുതീകരണത്തിന് വേണ്ടി 150000 രൂപ മാറ്റിവെക്കേണ്ടി വരും. ആകെ മൊത്തം ബിസിനസ് സ്ഥാപിക്കാന്‍ 10,7000 രൂപയാണ് മുടക്ക് മുതലായി കാണേണ്ടി വരിക. ഇതിന് പുറമേ അസംസ്കൃത വസ്തുവായ ടാറ്റാ ജിഐ ഷീറ്റ് വാങ്ങാനുള്ള തുകയും അധികമായി കാണണം.
ഉല്‍പ്പാദനച്ചെലവ്
1 കിലോ ടാറ്റ ഗാല്‍വാനോ ഷീറ്റിന്റെ വില 120 രൂപയാണ്. സാധാരണയായി മൂന്ന് പാനലുള്ള ജനലിന്റെ വലുപ്പം 150 സെന്റീമീറ്റര്‍ വീതിയും 140 സെന്റീമീറ്റര്‍ ഉയരവുമാണ്.
ഇത് നിര്‍മിക്കാന്‍ 26 കിലോ ഷീറ്റ് വേണ്ടി വരും. 18 കിലോഗ്രാം വലിപ്പമുള്ള ജിഐ സ്ക്വയര്‍ പൈപ്പ് ചാനലുകളായി ഉപയോഗിക്കാം. 26 നെ 120 കൊണ്ട് ഗുണിച്ച് ഒരു ജാലകത്തിന്റെ മൊത്തം അസംസ്കൃത വസ്തുക്കളുടെ വില കണക്കാക്കുമ്പോള്‍ ആകെ ചെലവായി 3120 രൂപയായിരിക്കും. ലേബര്‍ ചാര്‍ജായി 300 രൂപയും അധിക ചെലവായി 200 രൂപയും കണക്കാക്കാം. ഇത് ഡിസൈന്‍ ചെയ്യാനുള്ള ചെലവ് 350 രൂപയാണ്. രണ്ട് കിലോ മെറ്റീരിയലുകള്‍ വേസ്റ്റാകും. അതായത് 150 രൂപയുടെ വസ്തുക്കള്‍ ഒരു ജനാല നിര്‍മിക്കുമ്പോള്‍ മാത്രം പാഴാകും. ഇതൊക്കെ ഉള്‍പ്പെടുത്തിയാല്‍ പ്രവര്‍ത്തന ചെലവ് 1030 രൂപ. ആകെ മൊത്തം ഒരു സ്റ്റീല്‍ വിന്‍ഡോയുടെ ഉല്‍പ്പാദന ചെലവ് 4150 രൂപ. വിപണിയില്‍ ഇതിന് 6700 രൂപവരെ വില ഈടാക്കാം. 2550 രൂപയാണ് ഒരു ജാലകം നിര്‍മിച്ച് വിറ്റാല്‍ ലഭിക്കുന്ന ലാഭം.
അറ്റാദായം
ഒരു ദിവസം മൂന്ന് തൊഴിലാളികളെ ഉപയോഗിച്ച് അഞ്ച് സ്റ്റീല്‍ വിന്‍ഡോ നിര്‍മിക്കാം. ഇവ വിറ്റഴിച്ചാല്‍ ഒരു ദിവസം കൊണ്ട് 12690 രൂപയാണ്. ഉല്‍പ്പാദനശേഷിയും മാര്‍ക്കറ്റും വിപുലീകരിക്കുന്നതിന് അനുസൃതമായി വലിയ ലാഭം നേടികൊണ്ട് സംരംഭം വളരും. ഒരു മാസം 26 ദിവസം പ്രവൃത്തിദിനമായി കണ്ടാല്‍ 329940 രൂപയാണ് ആദായമായി ലഭിക്കുന്നത്.
മാര്‍ക്കറ്റിങ്
ഏതൊരു സംരംഭത്തെയും പോലെ വിപണി കണ്ടെത്തുക എന്നത് ഈ ബിസിനസിലും പ്രധാനമാണ്. കെട്ടിട നിര്‍മാണ ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട എല്ലാവിധ ഷോപ്പുകളിലും കടകളിലും സ്റ്റീല്‍ ഡോര്‍ പ്രദര്‍ശനത്തിന് വെക്കുന്നത് നല്ലതാണ്. ഓരോ പ്രാദേശിക പോയിന്റുകളിലേക്കും ഫ്രാഞ്ചൈസി വ്യാപിപ്പിക്കുകയും ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങിന് പ്രാധാന്യം നല്‍കുകയും ചെയ്യുക. കെട്ടിട നിര്‍മാണ കമ്പനികളുമായി സഹകരണം ഉണ്ടാക്കുന്നതാണ് കുറച്ചുകൂടി എളുപ്പത്തിലുള്ള മാര്‍ക്കറ്റിങ് തന്ത്രം.