Business
30-ാം വയസിൽ 799 കോടിയുടെ ആസ്തി, ജിയോ-അജിയോ വിപ്ലവങ്ങൾക്കു പിന്നിലെ ബുദ്ധി; അംബാനിയുടെ സാമ്രാജ്യം കാക്കാന്‍ ഇഷ
Business

30-ാം വയസിൽ 799 കോടിയുടെ ആസ്തി, ജിയോ-അജിയോ വിപ്ലവങ്ങൾക്കു പിന്നിലെ ബുദ്ധി; അംബാനിയുടെ സാമ്രാജ്യം കാക്കാന്‍ ഇഷ

Web Desk
|
30 Aug 2022 4:38 AM GMT

കഴിഞ്ഞ ദിവസം മുകേഷ് അംബാനി മകൾ ഇഷയെ റിലയന്‍സ് റീട്ടെയിൽ ഗ്രൂപ്പിന്റെ ചെയര്‍പേഴ്സണായി നിയമിച്ചിരുന്നു

മുംബൈ: മകൻ ആകാശ് അംബാനിയെ റിയലൻസ് ജിയോ ചെയർമാനായി നിയമിച്ചതിനു പിന്നാലെ കഴിഞ്ഞ ദിവസം മുകേഷ് അംബാനി മകൾ ഇഷയെ റീട്ടെയിൽ ഗ്രൂപ്പിന്റെ തലപ്പത്ത് പ്രതിഷ്ഠിച്ചിരിക്കുകയാണ്. റിലയൻസിൽ തലമുറമാറ്റത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമാണ് ഇതോടെ മുകേഷ് നേരിട്ട് നടത്തിയിരിക്കുന്നത്. പെട്ടെന്നൊരു ദിവസം കമ്പനിയുടെ തലപ്പത്ത് പിടിച്ചിരുത്തിയ ആളല്ല ഇഷ. 16-ാം വയസിൽ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ശതകോടീശ്വര പിന്മുറാവകാശിയായതു തൊട്ട് ജിയോ, അജിയോ വിപ്ലവങ്ങളുടെ ആസൂത്രകയായും വർഷങ്ങൾക്കുമുൻപ് തന്നെ റിലയൻസ് സാമ്രാജ്യത്തിൽ സജീവയാണ് ഇഷ.

യു.എസിലെ പഠനകാലം

1991 ഒക്ടോബറിലാണ് മുകേഷ്-നിതാ അംബാനി ദമ്പതികളുടെ ഇരട്ട മക്കളായി ആകാശിനൊപ്പം ഇഷയുടെ ജനനം. ദമ്പതികളുടെ ഏക മകളാണ് ഇഷ. മുംബൈയിലെ സ്വന്തം സ്ഥാപനമായ ധിരുഭായി അംബാനി ഇന്റർനാഷനൽ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സ്‌കൂൾ പഠനത്തിനുശേഷം നേരെ പറന്നത് അമേരിക്കയിലേക്ക്.

യു.എസിലെ യേൽ സർവകലാശാലയിൽനിന്ന് മനശ്ശാസ്ത്രത്തിലും ദക്ഷിണേഷ്യൻ പഠനത്തിലും ബിരുദം നേടി. സ്റ്റാൻഫോഡ് ഗ്വാജ്വേറ്റ് സ്‌കൂൾ ഓഫ് ബിസിനസിൽനിന്ന് എം.ബി.എയും സ്വന്തമാക്കി. പഠനത്തിനു തൊട്ടുപിന്നാലെ യു.എസിൽ തന്നെ കരിയറിനു തുടക്കമിട്ടു. മക്കിൻസി ആൻഡ് കമ്പനിയിൽ അസോസിയേറ്റായിരുന്നു തുടക്കം. മക്കിൻസിയിൽ അധികകാലമുണ്ടായിരുന്നില്ല. നാട്ടിലെ സ്വന്തം കമ്പനിയുടെ ദൈനംദിനകാര്യങ്ങളുടെ ഭാഗമാകാൻ പിതാവ് നാട്ടിലേക്ക് തിരിച്ചുവിളിച്ചു.

റിലയൻസിന്റെ വിപ്ലവനായിക

നാട്ടിൽ വന്ന് റിലയൻസ് ബിസിനസ് സാമ്രാജ്യത്തിന്റെ ഭാഗമായി. ആസൂത്രണത്തിലും ദൈനംദിന കാര്യങ്ങളിലും ഇടപെട്ട് ചെറിയ പ്രായത്തിൽ തന്നെ കമ്പനിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചു. വെറും 16-ാം വയസിൽ ഫോബ്‌സിന്റെ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വര അനന്തരാവാകാശിയായതോടെയാണ് ഇഷ പൊതുശ്രദ്ധയിലേക്ക് കടന്നുവരുന്നത്. 471 കോടി രൂപയായിരുന്നു 2008ൽ ഇഷയുടെ ആസ്തി.

ബിസിനസ് തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കുന്ന സംഘത്തിന്റെ ഭാഗമായായിരുന്നു റിലയൻസിൽ ഇഷയുടെ തുടക്കം. പരമ്പരാഗത വ്യവസായങ്ങളിൽനിന്നു മാറി ഡിജിറ്റൽ, റീട്ടെയിൽ അടക്കമുള്ള പുതിയ വ്യവസായങ്ങളിലായിരുന്നു ആലോചന മുഴുവൻ. പദ്ധതി ആസൂത്രണങ്ങളുടെയും പ്രായോഗികവൽക്കരണത്തിന്റെയുമെല്ലാം ഭാഗമായി. റിലയൻസ് റീട്ടെയിൽ സംരംഭങ്ങളോടാണ് ഏറ്റവും അടുത്തു പ്രവർത്തിച്ചത്.

ഇന്ത്യൻ ടെലക്കോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച ജിയോക്കു പിന്നിലുള്ള പ്രധാന ശക്തി ഇഷയായിരുന്നുവെന്നത് അധികം ആർക്കും അറിയാത്ത കാര്യമാണ്. ഇഷയും ആകാശും ചേർന്ന് വർഷങ്ങളെടുത്ത് നടത്തിയ ആസൂത്രണത്തിന്റെ കൂടി പ്രയോഗവൽക്കരണമായിരുന്നു റിലയൻസ് ജിയോ. സമ്പൂർണമായി സജ്ജമാകുന്നതിനുമുൻപ് 2015 ഡിസംബറിൽ ഇഷയും ആകാശും ചേർന്നാണ് റിലയൻസ് ബ്രാൻഡ് അംബാസഡർ ഷാറൂഖ് ഖാൻ, എ.ആർ റഹ്മാൻ അടക്കമുള്ള വിശിഷ്ടാതിഥികൾക്കും ജീവനക്കാർക്കും മുൻപിൽ ആദ്യമായി ജിയോ എന്ന കമ്പനിയുടെ പുതിയ സംരംഭം അവതരിപ്പിച്ചത്.

2016ൽ ഓൺലൈൻ ഫാഷൻ റിട്ടെയിൽ രംഗത്തേക്കും റിലയൻസ് ചുവടുവച്ചു. അജിയോ ആയിരുന്നു ഇത്തവണ അവതരിപ്പിച്ചത്. അജിയോ എന്ന ആശയം ഇഷയുടേതായിരുന്നുവെന്ന കാര്യവും അധികമാർക്കും അറിയാത്തതാണ്.

പിരാമൾ ഗ്രൂപ്പിന്റെ മരുമകൾ

2018ലായിരുന്നു രാജ്യം കണ്ട ഏറ്റവും വലിയ വിവാഹമാമാങ്കത്തിനു മുംബൈ സാക്ഷിയായത്. ബാല്യകാല സുഹൃത്തായ ആനന്ദുമായുള്ള ഇഷയുടെ വിവാഹം ആ വർഷം അവസാനത്തിൽ പൊടിപൊടിച്ചു നടന്നു. പിരാമൾ ഗ്രൂപ്പ് ഉടമകളായ അജയ്-സ്വാതി പിരാമൾ ദമ്പതികളുടെ മകനായ ആനന്ദുമായി ചെറിയ പ്രായംതൊട്ടേ പരിചയുമുണ്ട് ഇഷയ്ക്ക്. എന്നാൽ, 2016ലാണ് ഒന്നിച്ചുജീവിക്കാൻ ഇരുവരും തീരുമാനിക്കുന്നത്.

2018 ഡിസംബറിൽ മുംബൈയിലെ ബാന്ദ്ര ഈസ്റ്റിലെ ജിയോ വേൾഡ് ഗാർഡനായിരുന്നു ഒരാഴ്ച നീണ്ട വിവാഹമാമാങ്കത്തിനു വേദിയായത്. ചലച്ചിത്ര, കായികലോകത്തെ താരനിരയും ബിസിനസ്, രാഷ്ട്രീയരംഗങ്ങളിൽനിന്നുള്ള പ്രമുഖരുമെല്ലാം ചടങ്ങിൽ സംബന്ധിച്ചു.

മുബൈയിലെ കൊട്ടാരം

മുംബൈയിൽ 52 കോടിയുടെ അത്യാഡംബര കൊട്ടാരം സ്വന്തമായുണ്ട് ഇഷയ്ക്ക്. വിവാഹസമ്മാനമായി പിരാമൾ ദമ്പതികൾ മരുമകൾക്കു സമ്മാനിച്ചതായിരുന്നു അത്. റിലയൻസ് ബിസിനസിന്റെ ഭാഗമായതോടെയാണ് ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ ശതകോടീശ്വര പട്ടികയിൽ ഇഷ ഇടംപിടിക്കുന്നത്.

നിവലിൽ 100 മില്യൻ യു.എസ് ഡോളറാണ്(ഏകദേശം 799 കോടി രൂപ) ഇഷയുടെ ആസ്തി.

Summary: Who is Isha Ambani, the new chairperson of Reliance group's retail business?

Similar Posts