ശ്രീനഗറിൽ ഭക്ഷ്യ സംസ്‌കരണ കേന്ദ്രം; ലുലു ഗ്രൂപ്പും ജമ്മു കശ്മീർ സർക്കാരും ധാരണാപത്രത്തിൽ ഒപ്പുവച്ചു
|ദുബായിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ജമ്മു കശ്മീർ പ്രമോഷൻ വീക്കും ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ഉദ്ഘാടനം ചെയ്തു.
ശ്രീനഗറിൽ ഭക്ഷ്യ സംസ്‌കരണ, ലോജിസ്റ്റിക്‌സ് ഹബ് സ്ഥാപിക്കുന്നതിനായി ജമ്മു കശ്മീർ സർക്കാർ അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പുമായി ധാരണ പത്രത്തിൽ ഒപ്പുവച്ചു. ജമ്മു കശ്മീർ ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്‌സ് വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എസ്.എച്ച്. രഞ്ജന്‍ പ്രകാശ് താക്കൂറും ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ അഷ്റഫ് അലിയും ചേർന്നാണ് കഴിഞ്ഞ ദിവസം ധാരണപത്രത്തിൽ ഒപ്പുവെച്ചത്. ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലി എന്നിവരുടെ സാന്നിധ്യവുണ്ടായിരുന്നു.
ഈജിപ്തിലെയും ഗൾഫ് രാജ്യങ്ങളിലെയും 190 ലുലു ഹൈപ്പർമാർക്കറ്റുകളിലെ ഷോപ്പർമാരുമായി നേരിട്ട് ബന്ധം സ്ഥാപിക്കാൻ ജമ്മു കശ്മീരിനെ സഹായിക്കുന്നതാണ് ധാരണാപത്രം. ഈ പുതിയ തുടക്കം ജമ്മു കാശ്മീരിന്‍റെ വ്യാപാരത്തെ അഭൂതപൂര്‍വമായ തലത്തിലേക്ക് ഉയർത്തുമെന്നത് ഉറപ്പാണെന്ന് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ചൂണ്ടിക്കാട്ടി. ദുബായിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടക്കുന്ന ജമ്മു കശ്മീർ പ്രമോഷൻ വീക്കും ലെഫ്റ്റനന്റ് ഗവർണർ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയില്‍ കുങ്കുമപ്പൂവ്, ആപ്പിള്‍, വാല്‍നട്ട്, ബദാം എന്നിവയുടെ ഉല്‍പ്പാദനത്തില്‍ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ് ജമ്മു കശ്മീര്‍. പുതിയ ഭക്ഷ്യസംസ്‌കരണ കേന്ദ്രം സ്ഥാപിക്കുന്നതോടെ കശ്മീരി ഉത്പന്നങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍ പ്രാമുഖ്യം ലഭിക്കും. ആദ്യ ഘട്ടത്തില്‍ ഏതാണ്ട് മുന്നൂറോളം കശ്മീരി യുവാക്കള്‍ക്ക് തൊഴിലവസരവും ലഭിക്കും.