Business
ലുലു ഐപിഒ സബ്സ്ക്രിപ്ഷൻ നാളെ മുതൽ; പ്രതീ​ക്ഷയോടെ നിക്ഷേപകർ
Business

ലുലു ഐപിഒ സബ്സ്ക്രിപ്ഷൻ നാളെ മുതൽ; പ്രതീ​ക്ഷയോടെ നിക്ഷേപകർ

Web Desk
|
27 Oct 2024 6:13 AM GMT

നവംബർ 14 ന് അബൂദബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യും

കോഴി​ക്കോട്: വ്യവസായി എം.എ യൂസഫലി നേതൃത്വം നൽകുന്ന മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ ലുലു റീറ്റെയ്ൽ ഹോൾഡിങ്സ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) ഒരുങ്ങിയിരിക്കുകയാണ്. നവംബർ 14 ന് അബൂദബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിലാണ് ലിസ്റ്റ് ചെയ്യുക. ഈ വർഷം യുഎഇയിൽ നടക്കുന്ന ഏറ്റവും വലിയ ഐപിഒയാകും ലുലുവിന്റെതെന്നാണ് ബാങ്കർമാർ കണക്കാക്കാക്കുന്നത്.

ലുലു റീട്ടെയിൽ ഹോൾഡിങ്സിന്റെ 25% ഷെയറുകൾ അതായത് 2.582 മില്യൺ ഷെയറുകളാണ് ഓഹരി വിപണിയിലെത്തുക. ഇവയിൽ 10% പൊതുജനങ്ങൾക്ക് വാങ്ങാം. ഒരു ശതമാനം ജീവനക്കാർക്കും സ്വന്തമാക്കാം. ഒക്ടോബർ 28 മുതൽ നവംബർ 5 വരെയാണ് ഐപിഒ സബ്സ്ക്രിപ്ഷൻ നിശ്ചയിച്ചിരിക്കുന്നത്. ലുലു ഐപിഒ ഡോക്യുമെന്റ് പ്രകാരം നവംബർ 14 ന് വ്യാപാരം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഐപിഒയിൽ പ​ങ്കെടുക്കാൻ വേണം എൻഐഎൻ

ജിസിസിയിലെയും മറ്റു രാജ്യങ്ങളിലെയും റീറ്റെയ്ൽ നിക്ഷേപകർക്കാണ് ലുലുവിന്റെ ഐപിഒയിൽ പ​ങ്കെടുക്കാനാവുക. ഐപിഒ സബ്സ്ക്രൈബ് ചെയ്യാൻ നിക്ഷേപകർക്ക് ഒരു നാഷണൽ ഇൻവെസ്റ്റർ നമ്പർ (NIN) ഉണ്ടായിരിക്കണം. ഇത് ബ്രോക്കറേജ് സ്ഥാപനങ്ങൾ വഴി ലഭിക്കും. യുഎഇ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ വെബ്സൈറ്റിൽ എൻഐഎൻ എടുക്കാനുള്ള മാർഗ നിർദേശങ്ങൾ ഉണ്ട് . ഐപിഒയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന യുഎഇക്ക് പുറത്തുനിന്നുള്ള വ്യക്തിഗത നിക്ഷേപകർ (Individual Investors) അബുദബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ നിന്നും എൻഐഎൻ നേടേണ്ടതാണ്.

സമീപകാലത്ത് യുഎയിൽ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്റ്റോക്ക് മാർക്കറ്റ് ഓഫറുകളിൽ ഒന്നാണ് ലുലുവിന്റെത്. അബുദാബി ആസ്ഥാനമായി ഹൈപ്പർ മാർക്കറ്റുകളുടെയും റീറ്റെയ്ൽ കമ്പനികളുടെയും ഒരു ശൃംഖല ആയിട്ടാണ് ലുലു ഇന്റർനാഷണൽ പ്രവർത്തിക്കുന്നത് . ആറ് ഗൾഫ് രാജ്യങ്ങളിലായി 240 ലധികം സ്റ്റോറുകളാണ് കമ്പനിക്കുള്ളത്. എമിറേറ്റ്സ് എൻബിഡി ക്യാപിറ്റൽ, എച്ച്എസ്ബിസി ഹോൾഡിങ്, അബൂദബി കമേഴ്സ്യൽ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളാണ് ഐപിഒക്ക് നേതൃത്വം നൽകുന്നത്.

Similar Posts